ഭീകരന്‍ ഹഫീസ് സയ്യിദിനെതിരെ നടപടിയെടുത്തെന്ന വെളിപ്പെടുത്തലുമായി പാക്കിസ്താന്‍

Web Desk
Posted on July 04, 2019, 11:03 am

ഇസ്ലാമബാദ് : ഭീകരന്‍ ഹഫീസ് സയ്യിദിനെതിരെ നടപടിയെടുത്തെന്ന വെളിപ്പെടുത്തലുമായി പാക്കിസ്താന്‍ അധികൃതര്‍. 166 പേര്‍ മരിച്ച 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹഫീസിനെ പാകിസ്താന്‍ പിന്തുണയ്ക്കുന്നതായി ഇന്ത്യയും അമേരിക്കയും കുറ്റപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പാകിസ്താന്റെ വെളിപ്പെടുത്തല്‍.

ഹഫീസ് സയ്യിദിനും 12 സഹായികള്‍ക്കുമെതിരെ 23 കേസുകള്‍ എടുത്തതായാണ് വെളിപ്പെടുത്തിയത്. അഞ്ച് ട്രസ്റ്റുകള്‍ ഉപയോഗിച്ച ലഷ്‌കര്‍ ഇ തായ്ബക്ക് ധനസമാഹരണം നടത്തിയതാണ് മുഖ്യകേസ്. ഭീകരരെ സഹായിക്കുന്ന ഉപ സംഘടനകളെ തിരിച്ചറിഞ്ഞ പട്ടികയില്‍പെടുത്തിയ യുഎന്‍ നടപടിയെത്തുടര്‍ന്നാണ് പാക് നീ ക്കം. ഇത്തരം സംഘടനകളുടെയും വ്യക്തികളുടെയും ആസ്തികള്‍ മരവിപ്പിക്കുന്നുണ്ട്. ഭീകരതക്കെതിരെ പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് ഭീകരതക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിന് തുണ നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനെ പെടുത്തിയതാണ് പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കിയത്. കഴിഞ്ഞ മാസം യുഎസിലെ ഓര്‍ലാന്‍ഡോയില്‍ നടന്ന സമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ 27 ഇന പരിശോധനാ നടപടികള്‍ പാകിസ്താന്‍ ഒക്ടോബറിനകം പൂര്‍ത്തിയാക്കേണ്ടതുണ്ട്.
പാകിസ്താന്‍ നാല് പിഴവുകളാണ് വരുത്തിയത.് യുഎന്‍ തിരിച്ചറിഞ്ഞ ഭീകരവാദ സംഘടനകള്‍ക്ക് എതിരെ അന്വേഷണം നടത്തിയില്ല,ആയുധ സമാഹരണ കേന്ദ്രങ്ങള്‍ അടച്ചില്ല,നിരോധിത സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഉപരോധത്തിന് സഹായകരമായ നിയമ സാധുത ഉണ്ടാക്കിയില്ല, ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം നിഷേധിച്ചില്ല എന്നിവയാണ് ടാസ്‌ക് ഫോഴ്‌സ് കണ്ടെത്തിയത്. ഭീകരരുടെ സ്വര്‍ഗമാണ് പാകിസ്താനെന്ന ദുഷ്‌പേര് മാറ്റിയില്ലെങ്കില്‍ നിലനില്‍പ് അപകടത്തിലാവുമെന്നതാണ് വൈകിയവേളയില്‍ പാലൂട്ടിവളര്‍ത്തിയ ഭീകരരെ തള്ളിപ്പറയാന്‍ പാകിസ്താനെ നിര്‍ബന്ധിതമാക്കിയത്.