മദ്രസ്സകളെ മുഖ്യധാരാ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കൊണ്ടുവരാനൊരുങ്ങി പാകിസ്താന്‍

Web Desk
Posted on April 30, 2019, 10:02 am

ഒടുവില്‍ പാക്കിസ്താന് അപകടം മനസിലാകുന്നു. തീവ്രവാദത്തിന്‍റെ വളര്‍ത്തുകേന്ദ്രമെന്ന പേര് ഒഴിവാക്കാന്‍ മദ്രസകളെ നിരീക്ഷിച്ച് നടപടിക്ക് നിങ്ങുകയാണ് ഭരണകൂടം.

പാക് മണ്ണില്‍ തീവ്രവാദികളെ സര്‍ക്കാര്‍ പരിപോഷിപ്പിക്കുന്നുവെന്നും ഇന്ത്യയ്‌ക്കെതിരെ നീങ്ങാന്‍ ഒത്താശ ചെയ്യുന്നുവെന്നും വ്യാപക ആരോപണമുണ്ട്. ഇപ്പോഴിതാ തീവ്രവാദത്തെ നേരിടാന്‍ മദ്രസ്സകളെ മുഖ്യധാരാ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കൊണ്ടുവരാനൊരുങ്ങി പാകിസ്താന്‍. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 30,000 മദ്രസ്സകളെയും വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു.

30,000 മദ്രസ്സകളില്‍ 100 എണ്ണത്തിലാണ് തീവ്രവാദം സംബന്ധിച്ച പാഠ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കൊണ്ടുവന്ന് മദ്രസ്സകളിലെ പാഠ്യക്രമം മാറ്റുന്ന കാര്യമാണ് ഇപ്പോള്‍ ആലോചിക്കുന്നത്.വിദ്വേഷപ്രസംഗത്തിനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയും മറ്റ് മതങ്ങളെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുകയും ചെയ്യാനാണ് സര്‍ക്കാരിന്റെ പദ്ധതി. പദ്ധതിക്കാവശ്യമായ ഫണ്ട് ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പാകിസ്താനില്‍ ഇപ്പോള്‍ ഒരു തീവ്രവാദസംഘടന പോലുമില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമെന്നാണ് ജനറല്‍ ആസിഫ് ഗഫൂറിന്റെ അവകാശവാദം.