പാലാ സഹൃദയസമിതി സുവര്‍ണ്ണജൂബിലി ആഘോഷം 20‑ന് തുടങ്ങും

Web Desk
Posted on May 16, 2018, 3:18 pm

പാലാ: പാലാ സഹൃദയസമിതിയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് 20-ാംതീയതി തുടക്കമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടി കളില്‍ അഖിലകേരള വായനാമത്സരം, കഥ കവിതാ  മത്സരങ്ങള്‍, സ്മൃതി സദസ്സുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 20‑ന് രാവിലെ 10 ന് പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളിലെ വെട്ടൂര്‍ രാമന്‍ നായര്‍ നഗറില്‍ നടക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷ സമ്മേളനം നോവലിസ്റ്റ് സി  രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെ എം മാണി എം എല്‍ എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ നോവലിസ്റ്റ് നാരായന്‍, പ്രഭാഷക തനൂജ എസ്ഭ ട്ടതിരി, കവി പി കെ  ഗോപി, കഥാകൃത്ത് ഹരീഷ് എസ്  എന്നിവര്‍ പ്രഭാഷണം നടത്തും.

സ്വാഗതസംഘം ചെയര്‍മാന്‍ ജോര്‍ജ്ജ് കുളങ്ങര ആമുഖപ്രസംഗം നടത്തും. പാലാ നഗരസഭാ അദ്ധ്യക്ഷ പ്രൊഫ ഡോ  സെലിന്‍ റോയി തകിടിയേല്‍, രവി പാലാ, രവി പുലിയന്നൂര്‍, എലിക്കുളം ജയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. 2 ന് നടക്കുന്ന കവിസമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രവി പാലാ അദ്ധ്യക്ഷത വഹിക്കും. കുരീപ്പുഴ ശ്രീകുമാര്‍, പി കെ ഗോപി, എഴുമാവില്‍ രവീന്ദ്രനാഥ്, ഇഞ്ചക്കാട് ബാലചന്ദ്രന്‍, ആര്യാംബിക, എ എസ് കുഴികുളം, ജയശ്രീ പള്ളിക്കല്‍, ചാക്കോ സി പൊരിയത്ത്, ഡി  ശ്രീദേവി എന്നിവര്‍ കവിസമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് 5.30 ന് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം എം ജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. സ്വാതികൃഷ്ണ നൃത്തം അവതരിപ്പിക്കും. 6.30 മുതല്‍ കുടമാളൂര്‍ ജനാര്‍ദ്ദനന്റെ പുല്ലാങ്കുഴല്‍ കച്ചേരിയുമുണ്ടെന്ന് സംഘാടക സമിതി ഭാരവാഹികളായ ജോര്‍ജ്ജ് കുളങ്ങര, രവി പാലാ, രവി പുലിയന്നൂര്‍, എലിക്കുളം ജയകുമാര്‍, പി.എസ്. മധുസൂദനന്‍, സുനില്‍ പാലാ എന്നിവര്‍ പറഞ്ഞു.