ജോസ് കെ മാണിയുടെ ബൂത്തിലും എല്‍ഡിഎഫിന് ലീഡ്; ബിജെപിക്ക് പതിനായിരത്തോളം കുറഞ്ഞു

Web Desk
Posted on September 27, 2019, 1:52 pm

പാലാ: പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ പടയോട്ടത്തില്‍ തകര്‍ന്നത് യുഡിഎഫിന്റെ ഉറച്ച കോട്ടകള്‍. കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ ബൂത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലീഡ് സ്വന്തമാക്കി. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ പതിനായിരത്തോളം വോട്ടുകളുടെ കുറവാണ് ബിജെപിക്ക് ഉണ്ടായത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 4203 വോട്ടിന്റെ ഭൂരിപക്ഷം കെഎം മാണിക്ക് നല്‍കിയ മണ്ഡലത്തിലാണ് മാണി സി കാപ്പന്‍ 2943 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുന്നത്. മാണിയുടെ മരണത്തിന് ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 33000 ല്‍ അധികം ഭൂരിപക്ഷം തോമസ് ചാഴികാടന് പാലായില്‍ ലഭിച്ചിരുന്നു.

54 വര്‍ഷമായി യുഡിഎഫിനൊപ്പം ഉറച്ച് നിന്ന പാല ഇത്തവണ യുഡിഎഫിനെയും കേരളാ കോണ്‍ഗ്രസിനെയും ഞെട്ടിച്ചുകൊണ്ടാണ് ഇടത്തേക്ക് മാറിയിരിക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി 54 ‚137 വോട്ടുകള്‍ നേടിയപ്പോള്‍ ജോസ് ടോമിന് 51,194 വോട്ട് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍. ഹരി 18,044 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനം നിലനിര്‍ത്തി.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ലീഡിലേക്ക് കുതിച്ച മാണി സി കാപ്പന്‍ ഒരു ഘട്ടത്തില്‍ പോലും പിന്നോട്ട് പോയില്ല. ഇടയ്ക്ക് ലീഡ് 4000 വോട്ടിന് മുകളിലെത്തിയിരുന്നു.മൊത്തമുള്ള 13 പഞ്ചായത്തുകളില്‍ പത്തിടത്തും എല്‍ഡിഎഫ് മുന്നിലെത്തിയപ്പോള്‍ മൂന്നിടത്ത് മാത്രമാണ് യു ഡി എഫിന് മുന്നിലെത്താന്‍ കഴിഞ്ഞത്. മുത്തോലി, മീനച്ചില്‍ , കൊഴുവനാല്‍ എന്നീ പഞ്ചായത്തുകളില്‍ മാത്രമാണ് യു ഡി എഫിന് മേല്‍കൈ നേടാന്‍ കഴിഞ്ഞത്. യു ഡി എഫ് കോട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലാ മുനിസിപ്പാലിറ്റിയിലും എല്‍ ഡി എഫ് ലീഡ് നേടിയെന്നതാണ് സവിശേഷത.