തോല്‍വിക്ക് കാരണം ജോസിന്റെ പക്വതയില്ലായ്മ: ആഞ്ഞടിച്ച് പി ജെ ജോസഫ്

Web Desk
Posted on September 27, 2019, 3:11 pm

തൊടുപുഴ: പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ പക്വതയില്ലായ്മയാണെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ്. പാലായിലെ കേരള കോണ്‍ഗ്രസ് ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് മാണി സി കാപ്പന്‍ ചരിത്രജയം നേടിയതിന് തൊട്ടുപിന്നാലെയാണ് പി ജെ ജോസഫ് ആഞ്ഞടിച്ചത്.

ജോസ് കെ മാണി വിഭാഗം ദുരഭിമാനം വെടിഞ്ഞു രണ്ടില ചിഹ്നം വാങ്ങിച്ചിരുന്നെങ്കില്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാമായിരുന്നുവെന്നു കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് അനില്‍ തയ്യിലും അഭിപ്രായപ്പെട്ടിരുന്നു.

കൂവിപ്പിക്കാനും പരസ്യമായി അപമാനിക്കാനും നടത്തിയ ശ്രമം സാധാരണ ജനങ്ങളില്‍ യു ഡി എഫിനോട് വെറുപ്പുണ്ടാക്കി. അതുപോലെ പൊതുസമ്മതനായ സമ്മതനായ സ്ഥാനാര്‍ഥി വേണമെന്ന നിര്‍ദ്ദേശം തള്ളിക്കളഞ്ഞതും തിരിച്ചടിയായെന്ന് ജോസഫ് വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ടില ചിഹ്നത്തെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ ഏറെ പോരാട്ടം നടന്നിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ പിജെ ജോസഫ് രണ്ടില ചിഹ്നം അനുവദിക്കാതെ വന്നതോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരുന്നു ജോസ് ടോം ജനവിധി തേടിയത്. അതേസമയം തോല്‍വിയില്‍ ഘടകകക്ഷികള്‍ എല്ലാവരും തന്നെ കേരള കോണ്‍ഗ്രസിനെ പഴിച്ച് രംഗത്തെത്തിയിട്ടുണ്ട്.