ചരിത്ര വിജയം: പാലാ കീഴടക്കി മാണി സി കാപ്പന്‍

Web Desk
Posted on September 27, 2019, 12:57 pm

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് വിജയം. 2943 വോട്ടുകള്‍ക്കാണ് വിജയം. കാലങ്ങളായി യുഡിഎഫ് കൈവശംവച്ചിരുന്ന മണ്ഡലമാണ് ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തിരിക്കുന്നത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വിജയാഘോഷം തുടങ്ങി.

കാപ്പന്‍ 54,137 വോട്ടുകള്‍ നേടിയപ്പോള്‍ ജോസ് ടോമിന് 51,194 വോട്ട് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍. ഹരി 18,044 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനം നിലനിര്‍ത്തി.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ലീഡിലേക്ക് കുതിച്ച മാണി സി കാപ്പന്‍ ഒരു ഘട്ടത്തില്‍ പോലും പിന്നോട്ട് പോയില്ല. ഇടയ്ക്ക് ലീഡ് 4000 വോട്ടിന് മുന്നിലെത്തിയിരുന്നു

13 പഞ്ചായത്തുകളില്‍ പത്തിടത്തും എല്‍ ഡി എഫ് മുന്നിലെത്തിയപ്പോള്‍ മൂന്നിടത്ത് മാത്രമാണ് യു ഡി എഫിന് മുന്നിലെത്താന്‍ കഴിഞ്ഞത്. മുത്തോലി, മീനച്ചില്‍ , കൊഴുവനാല്‍ എന്നീ പഞ്ചായത്തുകളില്‍ മാത്രമാണ് യു ഡി എഫിന് മേല്‍കൈ നേടാന്‍ കഴിഞ്ഞത്. യു ഡി എഫ് കോട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലാ മുനിസിപ്പാലിറ്റിയിലും എല്‍ ഡി എഫ് ലീഡ് നേടിയെന്നതാണ് സവിശേഷത. കഴിഞ്ഞ മൂന്ന് തവണ കേരളം കോണ്‍ഗ്രസ്സ് മാണി ഗ്രൂപ് നേതാവ് കെ. എം മാണിയോട് പരാജയം രുചിച്ച മാണി സി കാപ്പന് ഇത് മധുര പ്രതികരവുമായി മാറി.