രണ്ടില കൊഴിഞ്ഞു കരിഞ്ഞു, എന്നിട്ടും പാലായില്‍ ഞാഞ്ഞൂലുകളുടെ ശീല്‍ക്കാരം

Web Desk
Posted on September 16, 2019, 10:31 pm

‘വികാരവതി നീ വിരിഞ്ഞു നിന്നപ്പോള്‍
വിരല്‍ തൊട്ടുണര്‍ത്തിയ ഭാവനകള്‍
കവി ഭാവനകള്‍
വിഷാദവതി നീ കൊഴിഞ്ഞു വീണപ്പോള്‍
വിരഹമുണര്‍ത്തിയ വേദനകള്‍
കൊടും വേദനകള്‍’
കുമാരനാശാന്റെ വിശ്രുത കവിതയായ ‘വീണപൂവി‘നെ അനുസ്മരിച്ച് വയലാര്‍ രാമവര്‍മ്മ എഴുതിയ ചലച്ചിത്രഗാനശകലം പാലായില്‍ തമ്പടിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ജോസ് കെ മാണിയെയുമെല്ലാം കൊടും വേദനകളിലേക്ക് ആനയിക്കുന്നുണ്ടാവും. ‘കുതിര’ ചിഹ്നത്തിനുശേഷം (അതും പി ജെ ജോസഫ് കൊണ്ടുപോയി) മൂന്നേകാല്‍ പതിറ്റാണ്ട് മാണി ബ്രാക്കറ്റ് കേരള കോണ്‍ഗ്രസിന്റെ സ്വന്തം ചിഹ്നമായിരുന്നു രണ്ടില. മാണിയുടെ വിയോഗത്തിനു പിന്നാലെ രണ്ടില ചിഹ്നവും കൊഴിഞ്ഞു വീണുകരിഞ്ഞിരിക്കുന്നു. അര്‍ത്ഥോക്തിയോടെ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ചിഹ്നം തിരഞ്ഞെടുത്തു. അത് കൈതച്ചക്കയാണ്. കൈതയും മുള്ളും ഇലയുമുണ്ട് ആ ചിഹ്നത്തില്‍ എന്നതാണ് ചിഹ്ന തിരഞ്ഞെടുപ്പിലെ അര്‍ത്ഥോക്തി.
ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടിയും മുന്നണിയും രണ്ടു തട്ടില്‍. ചെയര്‍മാന്‍ നിര്യാതനായാല്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് ചെയര്‍മാന്റെ ചുമതലയെന്ന് കേരളാ കോണ്‍ഗ്രസ് (എം) ഭരണഘടന അനുശാസിക്കുന്നുവെന്ന് ജോസഫ് വിഭാഗത്തിന്റെ വാദം നീതിപീഠം അംഗീകരിച്ചു. ജോസ് കെ മാണി പാര്‍ട്ടി ഓഫീസ് കൈയടക്കുകയോ ചെയര്‍മാന്റെ കസേര കൈവശപ്പെടുത്തുകയോ ചെയ്യരുതെന്ന് ന്യായാധിപര്‍ കല്‍പിച്ചു. എന്നിട്ടും സ്വയം ചെയര്‍മാനായി പ്രഖ്യാപിച്ച ജോസ് കെ മാണി സ്വന്തം അനുചരന് സ്വന്തം നിലയില്‍ രണ്ടില ചിഹ്നം നല്‍കി. ആ നാമനിര്‍ദ്ദശ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയതുകൊണ്ട് കൈതച്ചക്കയിലെത്തി.
രണ്ടിലയല്ല, കൈതച്ചക്കയാണെന്നറിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ വര്‍ക്കിംഗ് ചെയര്‍മാനും മാണി കഴിഞ്ഞാല്‍ മുതിര്‍ന്ന നേതാവുമായ പി ജെ ജോസഫിനെ കൂക്കിവിളിച്ചപഹസിച്ചു. മുഖപത്രമായ ‘പ്രതിച്ഛായ’യിലൂടെ ശകുനം മുടക്കി എന്ന് വിശേഷിപ്പിച്ചു. ജോസ് കെ മാണി മുട്ടിലിഴയുന്ന കാലത്തേ കേരള കോണ്‍ഗ്രസിന്റെ സമുന്നത നേതാവായിരുന്നു ജോസഫ് എന്നോര്‍ക്കണം. പക്ഷേ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും നിഷ്‌ക്രിയരായിരുന്നു. ജോസ് കെ മാണി കൂക്കിവിളി മൃദുമന്ദഹാസത്തോടെ ആസ്വദിക്കുകയും ചെയ്തു.
അപമാനം സഹിക്കവയ്യാതെ പി ജെ ജോസഫും മോന്‍സ് ജോസഫും കെ എം മാണിയുടെ ഉറ്റ അനുയായികളും മുതിര്‍ന്ന നേതാക്കളുമായ സി എഫ് തോമസും ജോയ് എബ്രഹാമും തോമസ് ഉണ്ണിയാടനുമെല്ലാം പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കാലുപിടിച്ചിട്ടും അനുകൂല സാഹചര്യമുണ്ടായാലേ ഒപ്പമുണ്ടാവൂ എന്ന് ജോസഫ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ഏഴു ദിവസം മാത്രം ബാക്കി നില്‍ക്കേ അര്‍ധരാത്രിവരെ നീണ്ട യുഡിഎഫ് നേതൃയോഗത്തില്‍ ജോസഫിനെയും മുതിര്‍ന്ന നേതാക്കളെയും അനുനയിപ്പിച്ചു എന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നു. അപ്പോഴും ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ (അതും സ്വതന്ത്ര സ്ഥാനാര്‍ഥി) വിജയം ഉറപ്പിച്ചു പറയാനാവില്ലെന്നാണ്. ജോസ് കെ മാണി ആശിച്ച സ്ഥാനാര്‍ഥി സഹധര്‍മ്മിണി നിഷ ജോസ് കെ മാണിയെയാണ്. അതിന് സ്വന്തം പാര്‍ട്ടിയിലും യുഡിഎഫിലും അംഗീകാരം കിട്ടില്ലെന്നായതോടെ താന്‍ തന്നെ നില്‍ക്കാമെന്ന മോഹവസന്തം പൂത്തുലഞ്ഞു. അതും തള്ളപ്പെട്ടതോടെ രണ്ടില ചിഹ്നം കിട്ടാന്‍ ഒരു ചാവേറിനെ രംഗത്തിറക്കി. അപ്പോഴും രണ്ടില അപ്രത്യക്ഷം തന്നെ. യാഥാര്‍ഥ്യം ബോധ്യപ്പെട്ടപ്പോള്‍ സ്ഥാനാര്‍ഥിയും രമേശ് ചെന്നിത്തലയും ജോസ് കെ മാണിയും പറഞ്ഞു, രണ്ടിലയില്ലെങ്കിലും കുഴപ്പമില്ല, കെ എം മാണിയാണ് തങ്ങളുടെ ചിഹ്നമെന്ന്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും കറുത്ത ഫലിതം. പിന്നെന്തിനാണ് ഈ കൈതച്ചക്ക?
ഇതൊരു വിധി വൈപരീത്യമാണ്. കോണ്‍ഗ്രസിന്റെ സമുജ്ജ്വല നേതാവായിരുന്ന, കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആകേണ്ടിയിരുന്ന പി ടി ചാക്കോയുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്നുണ്ടായ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. പി ടി ചാക്കോയോടുള്ള കോണ്‍ഗ്രസിന്റെ ചതിയില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് നായകനായ മന്നത്തു പത്മനാഭന്റെയും കെ എം ജോര്‍ജിന്റെയും ആര്‍ ബാലകൃഷ്ണ പിള്ളയുടെയും നേതൃത്വത്തിലുണ്ടായ പാര്‍ട്ടി. മന്നത്തു പത്മനാഭന്‍ വളരെ പെട്ടെന്നുതന്നെ, അതിന്റെ റബ്ബറധിഷ്ഠിത‑സാമുദായിക രാഷ്ട്രീയം മനസിലാക്കി കയ്യൊഴിഞ്ഞു. കേരള കോണ്‍ഗ്രസ് എന്നു പറഞ്ഞാല്‍ മാണിയുടേതാണെന്ന് ഇന്ന് ഉച്ചത്തില്‍ ഉദ്‌ഘോഷിക്കുന്നവര്‍ മറന്നുപോകുന്ന സത്യം കേരള കോണ്‍ഗ്രസ് രൂപീകരണ ഘട്ടത്തിലൊന്നും മാണി അതിന്റെ ഭാഗമായിരുന്നില്ലെന്നതാണ്. 1965 ല്‍ പാലാ നിയമസഭാ സീറ്റ് കേരള കോണ്‍ഗ്രസ് വച്ചുനീട്ടിയപ്പോഴാണ് മാണി അതില്‍ ചേക്കേറിയത്.
തിരു-കൊച്ചി നിയമസഭയില്‍ 1954 മുതല്‍ 56 വരെ അംഗമായിരുന്നു സ്ഥാപന നേതാവായ കെ എം ജോര്‍ജ്. 57 ലെ ഒന്നാം കേരള നിയമസഭയില്‍ മൂവാറ്റുപുഴ മണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിച്ചു. രണ്ടാം കേരള നിയമസഭയിലും അതേ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കോണ്‍ഗ്രസ് പ്രതിനിധിയായിരുന്നു. കോണ്‍ഗ്രസ് പിളര്‍ന്നതിനെ തുടര്‍ന്ന് മൂന്ന്, നാല് നിയമസഭകളില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി പൂഞ്ഞാറില്‍ നിന്ന് അദ്ദേഹം വിജയിച്ചു. കേരള കോണ്‍ഗ്രസിലേക്ക് മാണിയെ കൈപിടിച്ചു കൊണ്ടുവന്ന കെ എം ജോര്‍ജിനെ നേതൃസ്ഥാനത്തുനിന്ന് മാറ്റാനും മന്ത്രിപദവിയില്‍ നിന്ന് ഒഴിവാക്കി സ്വയം അവരോധിക്കുവാനും കുത്സിത യത്‌നങ്ങള്‍ നടത്തി എന്നത് ചരിത്രം. 1969–70 ല്‍ ട്രാന്‍സ്‌പോര്‍ട്ട്-ആരോഗ്യ മന്ത്രിയായി. പക്ഷേ പിന്നീട് 1976 ല്‍ കേവലം ആറുമാസം മന്ത്രിയായിരുന്നു. അതേ വര്‍ഷം അദ്ദേഹം അന്തരിക്കുകയും ചെയ്തു. വി ടി സെബാസ്റ്റ്യനെ പോലുള്ള സ്ഥാപക നേതാക്കള്‍ക്കും രണ്ടു തവണയേ നിയമസഭയിലെത്താനായുള്ളു. നാലാം കേരള നിയമസഭയില്‍ ഉടുമ്പന്‍ചോലയില്‍ നിന്നും അഞ്ചാം കേരള നിയമസഭയില്‍ ഇടുക്കിയില്‍ നിന്നും.
പിന്നെ മാണിയുടെ പ്രതാപകാലമായിരുന്നു. 1960 ല്‍ രണ്ടാം നിയമസഭയില്‍ അംഗമായ സ്ഥാപക നേതാവ് ബാലകൃഷ്ണപിള്ള മാണിക്ക് മുന്നേ നിയമസഭയിലെത്തിയതാണ്. മൂന്നാം നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി വിജയിച്ചെങ്കിലും 1965 ല്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാവാത്തതുകൊണ്ട് പ്രാബല്യത്തില്‍ വന്നില്ല. ശരിക്കും നാലാം നിയമസഭയിലാണ് കെ എം മാണി സാമാജികനായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അതേ നിയമസഭയില്‍ പി ജെ ജോസഫും അംഗമായി. എന്നിട്ടാണ് പാവം കൂക്കിവിളികള്‍ക്ക് ഇരയാവുന്നത്. തൊട്ടടുത്ത സഭയില്‍ ടി എം ജേക്കബും അംഗമായി.
മാണിയുടെ കാലത്ത് കേരള കോണ്‍ഗ്രസ് പിളര്‍ന്നതിന് കണക്കില്ല. പിളള വിഭാഗം, ജോസഫ് വിഭാഗം, പി സി തോമസ് വിഭാഗം, പി സി ജോര്‍ജ്ജ് വിഭാഗം, പി എം മാത്യു വിഭാഗം, സ്‌കറിയ തോമസ് വിഭാഗം, ജനാധിപത്യ കേരള കോണ്‍ഗ്രസ്.. പട്ടിക നീളുകയാണ്. ഇതില്‍ ചിലതെല്ലാം ലയിക്കുകയും വീണ്ടും പിളരുകയും ചെയ്തു. അടുത്ത കടുത്ത പിളര്‍പ്പിന് ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതി. അതായത് പാലാ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ.
പരാജയത്തിന്റെ മുനമ്പിലെത്തിയിട്ടും ഞാഞ്ഞൂലുകള്‍ ശീല്‍ക്കാരം നടത്തുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം കണ്ടില്ലേ, സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ല എന്നൊക്കെയാണ് സ്വന്തം പുര കത്തുമ്പോഴുള്ള പ്രചാരവേലകള്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേറെ നിയമസഭാ-പ്രാദേശിക തെരഞ്ഞടുപ്പുകള്‍ വേറെ എന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചതോര്‍മിച്ചാല്‍ മതി. യുഡിഎഫ് തകര്‍ത്തുതരിപ്പണമാക്കിയ കേരളത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചതും അഴിമതി നിഷ്‌കാസനം ചെയ്തതും ഭൂമി കയ്യേറ്റമൊഴിപ്പിച്ചതും പട്ടയങ്ങള്‍ നല്‍കിയതും ആരോഗ്യ‑വിദ്യാഭ്യാസ മേഖലയെ സമുജ്ജ്വലമാക്കിയതും പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്തിയതും കാര്‍ഷിക നവോത്ഥാനം ഉറപ്പുവരുത്തിയതും പുതിയ വികസന പദ്ധതികളും പതിറ്റാണ്ടുകളായി വികസനമുരടിപ്പ് അനുഭവിക്കുന്ന പാലായിലെ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.