കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: ജനവിധി മാനിക്കുന്നുവെന്ന് ജോസ് കെ മാണി

Web Desk
Posted on September 27, 2019, 1:14 pm

പാലാ: പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ ചരിത്രവിജയത്തിന് പിന്നാലെ കേരളാ കേണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 4203 വോട്ടിന്റെ ഭൂരിപക്ഷം കെഎം മാണിക്ക് നല്‍കിയ മണ്ഡലത്തിലാണ് മാണി സി കാപ്പന്‍ 2943 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുന്നത്. മാണിയുടെ മരണത്തിന് ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 33000 ല്‍ അധികം ഭൂരിപക്ഷം തോമസ് ചാഴികാടന് നല്‍കി യുഡിഎഫിനൊപ്പം ഉറച്ച് നിന്ന പാല ഇത്തവണ യുഡിഎഫിനെയും കേരളാ കോണ്‍ഗ്രസിനെയും ഞെട്ടിച്ചുകൊണ്ടാണ് ഇടത്തേക്ക് മാറിയിരിക്കുന്നത്.
കാപ്പന്‍ 54,137 വോട്ടുകള്‍ നേടിയപ്പോള്‍ ജോസ് ടോമിന് 51,194 വോട്ട് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍. ഹരി 18,044 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനം നിലനിര്‍ത്തി.
കെഎം മാണിയുടെ മരണത്തിന് ശേഷം കേരളാ കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തോടെ കൂടുതല്‍ രൂക്ഷമാകുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. ഉറച്ച മണ്ഡലത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്വം പരസ്പരം പഴിചാരി ജോസഫ്, ജോസ് കെ മാണി ഗ്രൂപ്പുകള്‍ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു
കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്നായിരുന്നു ജോസ് ടോമിന്റെ പ്രതികരണം. ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ജോസ് കെ മാണി വിഭാഗം വോട്ട് മറിച്ചെന്ന ആരോപണവുമായി പി.ജെ.ജോസഫും രംഗത്തെത്തിയിട്ടുണ്ട്. ജനവിധി മാനിക്കുന്നുവെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിയായതിനാല്‍ ജോസ് ടോമിനെ തോല്‍പ്പിക്കാന്‍ ജോസഫ് ഗ്രൂപ്പുകാര്‍ ശ്രമിച്ചെന്ന് വോട്ടെടുപ്പിന് ശേഷവും ജോസ് കെ മാണി വിഭാഗം ആരോപിച്ചിരുന്നു. പാലായില്‍ കോണ്‍ഗ്രസും യുഡിഎഫും വോട്ട് കച്ചവടം നടത്തിയെന്ന് ബിജെപി നേതാക്കളും ആരോപിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് തവണ കെ. എം മാണിയോട് പരാജയം രുചിച്ച മാണി സി കാപ്പന് ഇത് മധുര പ്രതികാരമായി മാറി.
മൊത്തമുള്ള 13 പഞ്ചായത്തുകളില്‍ പത്തിടത്തും എല്‍ഡിഎഫ് മുന്നിലെത്തിയപ്പോള്‍ മൂന്നിടത്ത് മാത്രമാണ് യു ഡി എഫിന് മുന്നിലെത്താന്‍ കഴിഞ്ഞത്. മുത്തോലി, മീനച്ചില്‍ , കൊഴുവനാല്‍ എന്നീ പഞ്ചായത്തുകളില്‍ മാത്രമാണ് യു ഡി എഫിന് മേല്‍കൈ നേടാന്‍ കഴിഞ്ഞത്. യു ഡി എഫ് കോട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലാ മുനിസിപ്പാലിറ്റിയിലും എല്‍ ഡി എഫ് ലീഡ് നേടിയെന്നതാണ് സവിശേഷത.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ലീഡിലേക്ക് കുതിച്ച മാണി സി കാപ്പന്‍ ഒരു ഘട്ടത്തില്‍ പോലും പിന്നോട്ട് പോയില്ല. ഇടയ്ക്ക് ലീഡ് 4000 വോട്ടിന് മുകളിലെത്തിയിരുന്നു.