Janayugom Online
pala perulla oral

പല പേരുള്ള ഒരാള്‍

Web Desk
Posted on June 17, 2018, 8:35 am

ഇളവൂര്‍ ശ്രീകുമാര്‍

നിനച്ചിരിക്കാത്ത ഒരു നിമിഷത്തിലായിരിക്കും ആരെങ്കിലുമൊരാള്‍ നമ്മുടെ ജീവിതത്തിലേക്ക് കയറിവരുന്നത്. ചിലപ്പോള്‍ ജീവിതം കുഴഞ്ഞുമറിയാന്‍ അതുമതി.
ഒന്നാലോചിച്ചാല്‍ എല്ലാവരുടെയും ജീവിതത്തില്‍ എപ്പോഴെങ്കിലും ആരെങ്കിലുമൊക്കെ ഇങ്ങനെ കടന്നുവന്നിട്ടുണ്ടാകാം. നമ്മള്‍ ഓര്‍ത്തുവയ്ക്കാറില്ലെന്ന് മാത്രം.
ചിലപ്പോള്‍ ഇരുട്ടില്‍ ഒരു മിന്നാമിനുങ്ങെന്നപോലെ. ചിലപ്പോള്‍ കാറ്റില്‍ അടര്‍ന്നുവീഴുന്ന ഒരിലപോലെ. അതുമല്ലെങ്കില്‍ ഒരു മിന്നല്‍പ്പിണര്‍പോലെ ഒരാള്‍.
ഊര്‍മിള സദാശിവന്റെ ജീവിതത്തിലേക്കും അങ്ങനെ ഒരാള്‍ കടന്നുവന്നു.
ഒട്ടും നിനച്ചിരിക്കാത്ത ഒരു നിമിഷത്തില്‍.
ക്ഷേത്രത്തില്‍ നിവേദ്യത്തിന് ബില്ലെഴുതി തുകയേല്‍പിച്ചശേഷം കല്‍മണ്ഡപത്തിലെത്തി അരയാല്‍ത്തറയിലേക്ക് വെറുതേ നോക്കിനില്‍ക്കുകയായിരുന്നു അവര്‍.
നിവേദ്യം കിട്ടാന്‍ ഒരു മണിക്കൂറെടുക്കും. അരയാല്‍ത്തറയില്‍ കളിക്കുന്ന കുട്ടികളുടെ കുറുമ്പു നോക്കിനിന്നാല്‍ സമയം പോയിക്കിട്ടും
എവിടെനിന്നാണ് ആ നിമിഷം അയാള്‍ പ്രത്യക്ഷപ്പെട്ടതെന്നറിയില്ല.
”ഊര്‍മിള സദാശിവനല്ലേ?”
അയാളുടെ ആഗമനവും ചോദ്യവുമെല്ലാം ഒരു നിമിഷംകൊണ്ടായിരുന്നു.
അമ്പരപ്പു മാറുംമുമ്പേ അയാള്‍ പറഞ്ഞു. ”കുറേനേരമായി ഞാന്‍ നോക്കുകയായിരുന്നു. ഒരു സംശയം. പിന്നെ ഉറപ്പായി ഊര്‍മിള തന്നെയെന്ന്.”
”മനസ്സിലായില്ല.” സന്ദേഹത്തോടെ അവള്‍ പറഞ്ഞു.
ശബ്ദമുള്ള ഒരു ചിരിയോടെ അയാളാ മറുപടി ആസ്വദിച്ചു. ആ ചിരിയില്‍ എന്തോ ഒരു പിടികിട്ടായ്മയുണ്ടെന്ന് അവള്‍ക്ക് തോന്നി.
അവള്‍ ഓര്‍മയുടെ നദിയിലൂടെ അതിവേഗം ഒരു യാത്ര നടത്തി. പക്ഷേ എവിടെയും അങ്ങനെയൊരു മുഖം കണ്ടുമുട്ടിയില്ല.
ശ്രീകോവിലില്‍നിന്ന് മണിയൊച്ച മുഴങ്ങി. പ്രസാദം പൂജയ്‌ക്കെടുത്തിരിക്കും.
”ഊര്‍മിളയ്‌ക്കെന്നെ മനസ്സിലായില്ലെന്നു തോന്നുന്നു.” ഇപ്പോള്‍ ശബ്ദമില്ലാതെയാണ് അയാള്‍ ചിരിച്ചത്. ”അതോ മനസ്സിലായില്ലെന്ന് നടിക്കുകയാണോ?”
ചിരിക്കുമ്പോള്‍ അയാളുടെ മുന്‍വശത്തെ പല്ലുകളുടെ വിടവ് അവള്‍ ശ്രദ്ധിച്ചു. ഓര്‍മയില്‍ വയ്ക്കാന്‍ നല്ലൊരടയാളമാണത്.
പക്ഷേ വിദൂരമായ ഓര്‍മയില്‍പോലും അത്തരം അടയാളമുള്ള ഒരു മുഖവും അവള്‍ കണ്ടില്ല.
പിന്നെ ഈ പരിചയഭാവം?
”ശരി, വിഷമിക്കണ്ട. ഞാന്‍ പേരു പറയാം. അപ്പോള്‍ ഓര്‍മ വരും. സുഭാഷ് കെ മേനോന്‍.” അതും പറഞ്ഞ് അയാള്‍ പ്രതീക്ഷയോടെ അവളെത്തന്നെ നോക്കിനിന്നു.
ആല്‍ത്തറയില്‍നിന്ന് കുട്ടികള്‍ നേരത്തെ മടങ്ങിയിരിക്കുന്നു. ക്ഷേത്രത്തില്‍ തിരക്കൊഴിയുകയാണ്. പുറത്ത് വെയില്‍ കനത്തു തുടങ്ങിയെങ്കിലും മണ്ഡപത്തില്‍ ഒരിക്കലും തണുപ്പൊഴിയാറില്ല.
അയാളില്‍ അക്ഷമ പടരുന്നത് അവളറിഞ്ഞു.
”സോറി, എനിക്ക് നിങ്ങളെ ഓര്‍മ വരുന്നില്ല. എവിടെ വച്ചാണ് നിങ്ങളെന്നെ കണ്ടിട്ടുള്ളത്?”
ഉച്ചത്തിലുള്ള ഒരു ചിരിയായിരുന്നു അതിനുള്ള മറുപടി. ചുറ്റുമുള്ളവര്‍ അല്പനേരം അയാളെത്തന്നെ ശ്രദ്ധിച്ചു. പിന്നെ അവരവരുടെ ലോകങ്ങളിലേക്ക് മടങ്ങി.
”സോറി, എനിക്ക് നിങ്ങളെ അറിയില്ല. എനിക്ക് പോകാറായി.”
അയാളുടെ മുഖം വിസ്മയം കൊണ്ട് നിറഞ്ഞു.
”ഊര്‍മിള, തനിക്ക് ഇപ്പോഴുമെന്നെ മനസ്സിലായില്ല? പണ്ടൊരിക്കല്‍ കോളജില്‍വച്ച് തമാശയായി ഊര്‍മിള സദാശിവന്‍ വിത്ത് സുഭാഷ് കെ മേനോന്‍ , നല്ല ചേര്‍ച്ചയുണ്ട് അല്ലേ എന്ന് ചോദിച്ചതിന് രണ്ടാഴ്ചയാണ് താന്‍ എന്നോട് മിണ്ടാതിരുന്നത്. അതൊക്കെ താന്‍ മറന്നോ?”
എന്തോ ഒരസ്വസ്ഥതയും അസ്വാഭാവികതയും തന്നെ ചൂഴുന്നതായി അവള്‍ക്ക് തോന്നി.
”പ്രസാദം വാങ്ങാന്‍ സമയമായി . ഞാന്‍ പോകട്ടെ.”
അവള്‍ ക്ഷേത്രത്തിനുള്ളിലേക്ക് നടന്നു.
”ഊര്‍മിളേ തനിക്കെന്തു പറ്റി? സോറി ഫോര്‍ ഡിസ്റ്റര്‍ബന്‍സ്.”
തിരികെ വരുമ്പോള്‍ അയാളോട് പറയാന്‍ പറ്റിയ ചിലതാലോചിച്ചാണ് അവള്‍ പ്രസാദം വാങ്ങി മടങ്ങിയത്.
പക്ഷേ മണ്ഡപത്തിനടുത്ത് അയാളില്ലായിരുന്നു. അവള്‍ ചുറ്റും നോക്കി.
നാശം പോയിക്കിട്ടിയല്ലോ.
എങ്കിലും അവളുടെ മനസ്സ് പരതിക്കൊണ്ടിരുന്നു. അങ്ങനെയൊരു മുഖം, പേര്… ഇല്ല. എവിടെയോ എന്തോ പിഴവ് പറ്റിയിട്ടുണ്ട്. അതയാള്‍ക്കോ തനിക്കോ?
അവള്‍ പുറത്തേക്കിറങ്ങി. ഇടയ്ക്ക് ലൈബ്രറിയില്‍ കയറണം. മകള്‍ തന്ന പുസതകം അവിടേല്‍പിക്കണം. ഓട്ടോയില്‍ ലൈബ്രറിയിലേക്ക് പോകുമ്പോള്‍ അവളോര്‍ത്തു, ജനപ്പെരുപ്പമല്ല, വാഹനപ്പെരുപ്പമാണ് രാജ്യം നേരിടുന്നു ഏറ്റവും വലിയ പ്രശ്‌നമെന്ന്.
”ഒരഞ്ചുമിനിറ്റ്.” ഓട്ടോയില്‍ നിന്നിറങ്ങി അവള്‍ ധൃതിയില്‍ ലൈബ്രറിയിലേക്ക് കയറി.
സമയത്തിന്റെ വില പലപ്പോഴും നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഓട്ടോറിക്ഷക്കാരാണെന്ന് പോകുന്നതിനിടയില്‍ അവളോര്‍ത്തു.പുസ്തകം രജിസ്റ്ററില്‍ ചേര്‍ത്ത് മടങ്ങാന്‍ തുടങ്ങുമ്പോള്‍-
പെട്ടന്നയാള്‍ മുന്നില്‍!
എന്തെങ്കിലും പുറയാന്‍ ഇട കിട്ടുന്നതിനു മുമ്പേ അയാള്‍ പറഞ്ഞു തുടങ്ങി.
”ഊര്‍മ്മിള സദാശിവനല്ലേ? ഞാന്‍ സുധാകരന്‍. ഒരിക്കല്‍ ഒരിന്റര്‍വ്യൂവിന് നമ്മള്‍ പരിചയപ്പെട്ടിരുന്നു. പിന്നെ ഞാന്‍ പലപ്പോഴും വിളിച്ചിട്ടുണ്ട്.”
അവള്‍ അമ്പരന്നുപോയി. വാക്കുകള്‍ നാവില്‍ കനം വച്ചുകിടന്നു. ശബ്ദം പുറത്തേക്ക് വരുന്നില്ല.
വാക്കും നാവും തമ്മിള്ള വലിയൊരു മല്‍പ്പിടുത്തത്തിനുശേഷം വാക്കുകള്‍ കഷ്ടിച്ച് സ്വതന്ത്രമായി.
”നിങ്ങളല്ലേ ക്ഷേത്രത്തില്‍വച്ച് സുഭാഷ് മേനോന്‍ എന്നു പറഞ്ഞ് പരിചയപ്പെടാന്‍ വന്നത്?”
”സുഭാഷ് മോനോനോ? ക്ഷേത്രത്തിലോ? അന്നത്തെ ഇന്റര്‍വ്യൂവിന് ശേഷം ഇന്നല്ലേ പിന്നെ നമ്മള്‍ കാണുന്നത്?”
”ഇന്റര്‍വ്യൂവോ? ഏതിന്റര്‍വ്യൂ?”
ഉച്ചത്തിലെന്തൊക്കെയോ പറഞ്ഞ് ചിരിച്ച് കുറെ പെണ്‍കുട്ടികള്‍ പുസ്തകങ്ങളുമായി പുറത്തേക്ക് പോയി. അവരിലൊരാള്‍ അവളെ നോക്കി കയ്യുയര്‍ത്തിക്കാണിച്ചു.
മകളുടെ കൂട്ടുകാരിയാണ്. ഒരിക്കല്‍ പരിചയപ്പെട്ടിട്ടുണ്ട്.
”സെക്കന്റ് ഗ്രേഡ് അസിസ്റ്റന്റ്. ഇത്ര വേഗം എല്ലാം മറന്നോ?”
താന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ ഇങ്ങനെയൊരാളെ പരിചയപ്പെട്ടിട്ടേയില്ല.
മാത്രവുമല്ല ഒരാള്‍തന്നെ മിനിറ്റുകള്‍ക്കുള്ളില്‍ മറ്റൊരാളാകുന്നു!
ദുരൂഹതയുടെ വലിയൊരു മേഘപടലം ചുറ്റും നിറയുന്നത് അവളറിഞ്ഞു.
”മിസ്റ്റര്‍, നിങ്ങള്‍ക്കെന്താണ് വേണ്ടത്? നിങ്ങളെന്തിനാണ് എന്റെ മുന്നില്‍ ഇങ്ങനെ ആള്‍മാറാട്ടം നടത്തുന്നത്? നിങ്ങളെ ഞാന്‍ കണ്ടിട്ടേയില്ലെന്ന് പറഞ്ഞില്ലേ.”
”മാഡം എന്തൊക്കെയാണീ പറയുന്നത്? രണ്ടുതവണ മാഡം എന്നെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ ഞാന്‍ ജോലിത്തിരക്കുകളിലായിപ്പോയി.”
ഓട്ടോയില്‍നിന്ന് ആവര്‍ത്തിച്ചുള്ള ഹോണടി കേട്ടതോടെ മനസ്സിലെ രോഷം മുഴുവന്‍ ”സ്റ്റുപ്പിഡ്” എന്ന ഒറ്റവാക്കിലൂടെ അയാളുടെ മുഖത്തേക്കെറിഞ്ഞ് അവള്‍ മടങ്ങി.
ഇന്നന്തേ റോഡുകള്‍ ഇത്ര വിജനമായത്? വാഹനങ്ങള്‍ വിരളം. കാല്‍നടക്കാരെ ആരെയും കാണുന്നില്ല.
ഇതെന്തു പറ്റി? ആകെപ്പാടെ ഒരസ്വസ്ഥത. എങ്ങും ഒരപരിചിതത്വം പോലെ.
ഇന്ന് രഞ്ജിത്ത് വീട്ടിലുണ്ടെന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് സമാധാനമായി. അയാള്‍ ചേര്‍ത്ത്പിടിച്ച് കണ്ണുകളിലേക്കൊന്നു നോക്കിയാല്‍ മതി, അവിടെത്തീരും അവളുടെ സങ്കടങ്ങളും പേടിയും ആശങ്കകളുമെല്ലാം.
വെളിച്ചത്തെ പേടിക്കുന്നതുപോലെ വെയില്‍ മങ്ങി മങ്ങി നില്‍ക്കുന്നു.
തുടക്കത്തില്‍ അമിതവേഗതയില്‍ ഓടിച്ചതിലുള്ള കുറ്റബോധം കൊണ്ടാകാം ഇപ്പോള്‍ ഓട്ടോ പതുക്കെയാണ് ഓടിക്കുന്നത്.
ഉള്ളിലേക്ക് വീശിയെത്തുന്ന കാറ്റിന് അസാധാരണമായ തണുപ്പ്.
കൊടുത്ത തുക നോക്കുകപോലും ചെയ്യാതെ വാങ്ങി ഓട്ടോക്കാരന്‍ തിടുക്കപ്പെട്ട് മടങ്ങി. ഇന്നത്തെ വിചിത്രമായ അനുഭവങ്ങള്‍ രഞ്ജിത്തിനോട് പറയാന്‍ അവള്‍ വെമ്പി.
ചിലപ്പോള്‍ കളിയാക്കിച്ചിരിച്ചേക്കാം. പക്ഷേ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തന്റെ എല്ലാ പ്രശ്‌നങ്ങളും പരിഭവങ്ങളും ഏറ്റുവാങ്ങുന്നത് രഞ്ജിത്താണല്ലോ.
കയ്യിലിരുന്ന പ്രസാദം ടീപ്പോയില്‍ വച്ച് അവള്‍ ബല്ലമര്‍ത്തി.
കതക് തുറന്നത് അയാള്‍!!
അവള്‍ ഞെട്ടിപ്പിറകോട്ടു മാറി. ഉച്ചത്തിലുള്ള ഒരു നിലവിളി അവളുടെ തൊണ്ടയില്‍ വിലങ്ങി.
കിതപ്പിനിടയില്‍ വാക്കുകള്‍ ചിതറിവീണു, ”നിങ്ങളാരാ?”
ആശ്ചര്യത്തോടെ അയാള്‍ പറഞ്ഞു: നിസാര്‍ മുഹമ്മദ്. എന്താ, എന്ത് പറ്റി ഊര്‍മ്മിള?”
വാക്കുകള്‍ നിലവിളിയായി അവളില്‍ നിന്ന് ചിതറിത്തെറിച്ചു. ”നിങ്ങളെന്തിനെന്റെ പിന്നാലെ നടക്കുന്നു?”
അയാളെ തള്ളിമാറ്റി അവള്‍ മുറിക്കകത്തേക്ക് ഓടി. ”രഞ്ജിത്ത്.….രഞ്ജിത്ത്.….”
”ഊര്‍മ്മിള നിനക്കെന്തു പറ്റി? ആരാണീ രഞ്ജിത്ത്?” നിസാര്‍ മുഹമ്മദ് അവള്‍ക്ക് പിന്നാലെ മുറിയിലേക്കോടി.
പുറത്തേക്ക് വരുമ്പോള്‍ അയാളുടെ ചുണ്ടുകളില്‍ ഗൂഢമായൊരു മന്ദസ്മിതമുണ്ടായിരുന്നു. അയാളുടെ ചുണ്ടുകളില്‍നിന്ന് അത് പറന്ന് പറന്ന് സുധാകരന്റെ ചുണ്ടുകളില്‍ കൂടുകെട്ടി. പിന്നെ അവിടെനിന്ന് പറന്ന് പറന്ന് സുഭാഷ് കെ മേനോന്റെ ചുണ്ടുകളില്‍ ചേക്കേറി. വീണ്ടും പറന്ന്.….

ഇളവൂര്‍ ശ്രീകുമാര്‍
പള്ളിണ്‍ പി.ഒ
കൊല്ലം — 691576
ഫോണ്‍ — 9495078691