പാലായില്‍ മാണി സി കാപ്പന്‍ 162 വോട്ടിന് ലീഡ് ചെയ്യുന്നു

Web Desk
Posted on September 27, 2019, 9:07 am

കോട്ടയം: പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ 150 വോട്ടിന് ലീഡ് ചെയ്യുന്നു. ആദ്യം എണ്ണുന്നത് രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ്.

പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.

പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. 15 പോസ്റ്റല്‍ വോട്ടുകളും 14 സര്‍വീസ് വോട്ടുകളുമാണുള്ളത്. 14 പോസ്റ്റല്‍ വോട്ടുകളില്‍ രണ്ട് വോട്ടുകള്‍ അസാധുവാണ്. ആറ് വീതം വോട്ടുകളും എല്‍ഡിഎഫിനും യുഡിഎഫിനും ലഭിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തീര്‍ന്നതോടെ ഇവിഎമ്മിലെ വോട്ടുകളും എണ്ണി തുടങ്ങി.13 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണുക.അഞ്ചു ബൂത്തുകളിലെ വിവി പാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകളെണ്ണും. നറുക്കെടുപ്പിലൂടെയാകും എണ്ണാനുള്ള വിവി പാറ്റ് യന്ത്രങ്ങള്‍ തീരുമാനിക്കുക.
വോട്ടെണ്ണലിന്റെ മുന്നോടിയായി യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പള്ളികളിലെത്തി പ്രാര്‍ഥന നടത്തി.

പതിനായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസിലെ തര്‍ക്കം തനിക്ക് അനുകൂലമായി. ഇടതുമുന്നണിയുടെ മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പറഞ്ഞു. രണ്ടില ചിഹ്നം ലഭിക്കാത്തതൊന്നും തന്റെ വിജയത്തെ ബാധിക്കില്ലെന്നും മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.