ആദ്യ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക്; രണ്ടാം അപകടത്തില്‍ ദാരുണാന്ത്യം

Web Desk
Posted on June 09, 2019, 6:00 pm

പാലക്കാട്: ആദ്യ അപകടത്തില്‍ രക്ഷപ്പെട്ടെങ്കിലും രണ്ടാമത്തെ അപകടത്തില്‍ അതു തുണച്ചില്ല. കാര്‍ മറിഞ്ഞ് അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് വന്‍ദുരന്തം ഉണ്ടായത്. പട്ടാമ്പിയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു അഞ്ച് പട്ടാമ്പി സ്വദേശികള്‍. ഇവര്‍ക്ക് യാത്രയ്ക്കിടെ നെല്ലിയാമ്പതിയില്‍ വച്ച് ചെറിയ അപകടം സംഭവിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇവരെ നെന്മാറയിലെ ചെറിയ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന്, ഇവിടെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഇവരെ പാലക്കാട്ടെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. വിവരമറിയിച്ചപ്പോള്‍ ഇവരെ കാണാന്‍ പട്ടാമ്പിയില്‍ നിന്ന് ബന്ധുക്കളും എത്തി. ഇവരടക്കമുള്ളവരാണ് ആംബുലന്‍സില്‍ കയറിയത്.

നെന്മാറയില്‍ വച്ചാണ് ആംബുലന്‍സിലേക്ക് ഇവരെ മാറ്റിയത്. അമിതവേഗതയില്‍ വരികയായിരുന്ന ആംബുലന്‍സും മിനിലോറിയും പാലക്കാട് തണ്ണിശ്ശേരിയില്‍ വച്ച് നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന എട്ടു പേരാണു മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. ഷൊര്‍ണൂര്‍ വാടാനാംകുറുശ്ശി സ്വദേശികളായ സുബൈര്‍, ഫവാസ്, നാസര്‍, ഷാഫി, ഉമര്‍ ഫാറൂഖ്, സുധീര്‍ എന്നിവരാണു മരിച്ചത്. നെന്മാറ സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍ (39), പട്ടാമ്പി സ്വദേശികളായ നാസര്‍ (45), സുബൈര്‍ (39), ഫവാസ് (17), ഷാഫി (13), ഉമര്‍ ഫാറൂഖ് (20), അയിലൂര്‍ സ്വദേശികളായ നിഖില്‍ (25), വൈശാഖ് (25) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റുള്ളവര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണ്.