28 March 2024, Thursday

പാലാപ്പള്ളി പാട്ടിന്റെ ഉറവിടം ഇങ്ങിവിടെ ആവള കബനിയിൽ നിന്ന്

Janayugom Webdesk
August 1, 2022 3:24 pm

കെ കെ ജയേഷ്

കോഴിക്കോട്: ‘‘പാലാപ്പള്ളി പുതുപ്പള്ളി പുകളേറും രാക്കുളി നാളാണെ.…. ആവോ ധാമാനോ’…‘കടുവ’ എന്ന സിനിമയിലെ ഈ പാട്ട് തരംഗമായി മാറുമ്പോൾ അത് തേടിക്കണ്ടുപിടിച്ച് ആദ്യമായി രംഗത്ത് അവതരിപ്പിച്ചവർ ഇവിടെ പേരാമ്പ്രയിലുണ്ട്. വടക്കൻ കേരളത്തിൽ പുലയ സമുദായത്തിലെ കാരണവൻമാർ മരിക്കുമ്പോൾ പത്താം ദിനത്തിൽ നടക്കുന്ന മരണാനന്തര ചടങ്ങിൽ കൂളിത്തെയ്യം കെട്ടുന്നയാൾ മരിച്ചയാളുടെ പ്രതിരൂപമായി എത്തുമ്പോൾ ആത്മാവിനെ സ്തുതിച്ച് പാടിയിരുന്ന പാട്ടാണ്ആവള കബനി കലാകേന്ദ്രത്തിലെ കലാകാരൻമാർ തേടിക്കണ്ടുപിടിച്ച് പുറം ലോകത്തിന് പരിചയപ്പെടുത്തിയത്.‘അയ്യാലയ്യ പടച്ചോനേ… വീരാഞ്ചുമ്മലെ ചാളേന്ന്’ എന്ന ഈ പാട്ടിന്റെ താളത്തിലാണ് വരികളിൽ ചില മാറ്റങ്ങളോടെ ‘കടുവ’ സിനിമയിൽ അവതരിപ്പിച്ചത്. മരണാനന്തര ചടങ്ങായി പത്താം ദിനം രാത്രി തുടങ്ങി പിറ്റേന്ന് വൈകീട്ട് വരെ നീണ്ടു നിൽക്കുന്ന ചടങ്ങിലാണ് കൂളിത്തെയ്യം മരിച്ചയാളുടെ പ്രതിരൂപമായി എത്തുന്നത്. മരിച്ചയാളെ വിളിച്ചുവരുത്തി പ്രീണിപ്പിച്ച് ബാധയെ ഒഴിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൈതോലപ്പായയിൽ നാഴിയും നിലവിളക്കും വെച്ച് തുടി കൊട്ടി പാടിയിരുന്ന പാട്ടിനെ വേദികളിൽ അവതരിപ്പിക്കാവുന്ന വിധത്തിൽ പാകപ്പെടുത്തിയാണ് കബനി കലാകേന്ദ്രം ആദ്യമായി അവതരിപ്പിച്ചത്.കൂളിത്തെയ്യം കെട്ടിയിരുന്ന ചോയി എടവരാടും സുഹൃത്തുക്കളും ചേർന്നാണ് പാട്ട് പരിചയപ്പെടുത്തിയതെന്ന് കബനി കലാകേന്ദ്രം പ്രവർത്തകനായ വി എം നാരായണൻ പറയുന്നു. കബനി കലാകേന്ദ്രത്തിലെ റീജുവും സുഹൃത്തുക്കളും ചേർന്ന് വേദിക്കനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ട് പുറമേരിയിൽ ജില്ലാ കേരളോത്സവത്തിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. തുടർന്ന് സംസ്ഥാന കലോത്സവത്തിന് തിരുവനന്തപുരത്തും അവതരിപ്പിച്ചു. ഒരു ടെലിവിഷൻ ചാനലിന് വേണ്ടിയും കലാകേന്ദ്രം ഈ പാട്ട് അവതരിപ്പിച്ചിട്ടുണ്ട്. പാട്ടിനെപ്പറ്റി കേട്ടറിഞ്ഞെത്തിയ തിരുവള്ളൂരിലെ പാട്ടുപുര നാണു ഈ പാട്ട് അവതരിപ്പിക്കാൻ അനുവാദം ചോദിക്കുകയായിരുന്നു. തുടർന്ന് നാണു ഉൾപ്പെടെ പലരും വേദികളിൽ ഈ പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.

ആവള കബനി കലാകേന്ദ്രമാണ് ആദ്യമായി പാട്ട് രംഗത്തവതരിപ്പിച്ചതെന്ന് നാണു പറഞ്ഞിട്ടുണ്ടെങ്കിലും പതിയെ അദ്ദേഹത്തിന്റെ ശേഖരത്തിലെ വായ്മൊഴിപ്പാട്ടായി അത് മാറുകയായിരുന്നു.‘കടുവ’ സിനിമയിൽ പാട്ടൊരുക്കാൻ അവസരം ലഭിച്ച അതുൽ നറുകര ആരോ പറഞ്ഞ അറിവ് വെച്ച് ഗാനത്തിന്റെ സംഗീതം ആവശ്യപ്പെട്ട് നാണുവിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വരികളിൽ ചില മാറ്റങ്ങൾ വരുത്തി പാലാപ്പള്ളി തിരുപ്പള്ളി ഒരുക്കി. പാട്ടിന്റെ എത്നിക് ക്രെഡിറ്റ് സിനിമയിൽ നാണുവിന് സമർപ്പിച്ചിട്ടുണ്ട്. പാട്ട് ഹിറ്റായതോടെ നാണുവിനും തിരക്കേറി. അഭിമുഖങ്ങളിൽ നാണു കബനി കലാകേന്ദ്രത്തിന്റെ പേര് പറഞ്ഞിട്ടുണ്ടെങ്കിലും പാട്ടുവഴിയുള്ള അഭിനന്ദനങ്ങളെല്ലാം അദ്ദേഹത്തിൽ മാത്രമായി ഒതുങ്ങുകയായിരുന്നുവെന്നും കബനി കലാകേന്ദ്രം പ്രവർത്തകർ പറയുന്നു.പാട്ട് ഹിറ്റായതിൽ സന്തോഷമുണ്ടെങ്കിലും പാട്ട് തേടിയുള്ള യാത്രകളും ഇന്നത്തെ രീതിയിലേക്ക് അത് ഒരുക്കാനുമായി തങ്ങൾ നടത്തിയ പ്രയത്നം ആളുകൾ തിരിച്ചറിയാതെ പോയതിലുള്ള വിഷമത്തിലാണ് ഈ കലാകാരൻമാർ. കാര്യത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കിയ അതുൽ നറുകര പുതിയ അഭിമുഖങ്ങളിലെല്ലാം കബനി കലാസംഘത്തിന്റെ പേരും എടുത്തു പറയുന്നു എന്നത് ഇവർക്ക് സന്തോഷം പകരുന്നുണ്ട്. മലയ സമുദായത്തിന്റെ മാരൻ പാട്ടും ആദ്യമായി വേദിയിൽ അവതരിപ്പിച്ചത് കബനി കലാകേന്ദ്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.