ആർ ഗോപകുമാർ
പാലാരിവട്ടം പാലം അഴിമതിയിൽ വി കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് വിജിലൻസ് വേർ തി രിച്ചെടുത്തത് ദീർഘനാളത്തെ അന്വേഷണത്തിനൊടുവിൽ. അറസ്റ്റ് വൈകുംതോറും അഭ്യൂഹങ്ങൾ ഏറെ പടർന്നെങ്കിലും ഒടുവിൽ അഞ്ചാം പ്രതിയായി അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം പാലാരിവട്ടം പാലാത്തിലെ തകരാറുകൾ കണ്ടെത്തുകയും, ഇപ്പോൾ പുനർനിർമ്മാണ മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ഇ ശ്രീധരനെ കണ്ട വിജിലൻസ് സംഘം സാങ്കേതീകമായ വശങ്ങൾ ചർച്ച ചെയ്ത ശേഷമാണു അറസ്റ്റിലേയ്ക്ക് കടന്നത്. കേസിൽ സാക്ഷിയായി ഇ ശ്രീധരൻ വന്നാലും അത്ഭുതപ്പെടേണ്ടതില്ല. 2013ൽ വി. കെ. ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരിക്കേ പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണ കരാർ മാനദണ്ഡങ്ങൾ മറികടന്ന് ആർബിഡിസി കെയും കിറ്റ്കോയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി ചട്ടവിരുദ്ധമായി ആർഡിഎസ് പ്രോജക്ടിന് നൽകിയെന്നാണ് വിജിലൻസിന്റെ പ്രധാന കണ്ടെത്തൽ.
ടെൻഡർ വ്യവസ്ഥ പ്രകാരവും എഗ്രിമെന്റ് വ്യവസ്ഥപ്രകാരവും ഇല്ലാതിരുന്ന മുൻകൂർ പണം ആർഡിഎസ് കമ്പനി ഉടമ സുമിത്ത് ഗോയൽ സ്വാധീനമുപയോഗിച്ച് വികെ ഇബ്രാഹിം കുഞ്ഞിന്റെ നിർദ്ദേശപ്രകാരം നൽകി. എട്ടര കോടി രൂപ ഏഴ് ശതമാനം പലിശയ്ക്ക് നൽകിയെന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ ഏഴ് ശതമാനം പലിശയ്ക്ക് നൽകിയപ്പോൾ അന്നുണ്ടായിരുന്ന 13% എന്ന പലിശ നിരക്കിൽ ഇളവു നൽകിയതുകൊണ്ട് സംസ്ഥാന സർക്കാരിന് നഷ്ടം സംഭവിച്ചുവെന്നും വിജിലൻസ് കണ്ടെത്തി. 13.5 ശതമാനം നിരക്കിലാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാർ ലോൺ നൽകിവരുന്നത്. ഈ സമയത്താണ് ആർഡിഎസിന് ഏഴ് ശതമാനം നിരക്കിൽ ചട്ടവിരുദ്ധമായി വായ്പ ലഭിച്ചത്. ഇത്തരത്തിൽ 85 ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തൽ. പാലത്തിന്റെ ഡിസൈനിലും നിർമ്മാണസാമഗ്രികളുടെ ഗുണനിലവാരത്തിലും ക്രമക്കേട് കാണിച്ചതിന് ഫലമായി പാലത്തിന് ഗുരുതരമായ കേടുപാട് സംഭവിച്ചതോടെ സർക്കാരിന് 13 കോടി രൂപയുടെ നഷ്ടമുണ്ടായതായും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.
ഇക്കഴിഞ്ഞ മാർച്ച് മാസം നടത്തിയ പരിശോധനയിൽ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ നിന്ന് നാലര കോടി രൂപയുടെ രസീത് കണ്ടെത്തിയിരുന്നു. നോട്ടു നിരോധന സമയത്ത് ഈ പണം ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലേയ്ക്ക് അയച്ചതായാണ് കണ്ടെത്തിയിരുന്നത്. ഇത് കള്ളപ്പണമാണെന്ന് വിജിലൻസിന് വ്യക്തമായിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ മാർക്കറ്റ് റോഡ് ശാഖയിൽ നിന്നാണ് പണം അയച്ചത്. ഈ പണം പാലാരിവട്ടം മേൽപ്പാലം അഴിമതിയിലൂടെ ലഭിച്ച പണമാണെന്നാണ് വിജിലൻസ് വിലയിരുത്തൽ. പാലത്തിന്റെ കരാറിന് മുൻകൂർ പണം അനുവദിച്ചതിലും അഴിമതിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
English summary; palarivattom bridge case ibrahim kunj latest updation
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.