December 6, 2022 Tuesday

Related news

July 23, 2021
July 19, 2021
June 24, 2021
May 24, 2021
March 24, 2021
March 7, 2021
March 7, 2021
March 7, 2021
March 6, 2021
March 4, 2021

പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു

സ്വന്തം ലേഖകന്‍
കൊച്ചി
March 7, 2021 3:50 pm

യുഡിഎഫ് സർക്കാരിന്റെ അഴിമതിയുടെ നേർസാക്ഷ്യമായി സംസ്ഥാനത്തിനാകെ നാണക്കേടായി മാറിയ പാലാരിവട്ടം മേല്‍പ്പാലം സംസ്ഥാന സർക്കാർ പുനർനിർമ്മിച്ച് നാടിന് തിരികെ സമ്മാനിച്ചു. ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് 2019 മെയ് ഒന്നിന് അടച്ചുപൂട്ടിയ പാലത്തിലൂടെ നീണ്ട രണ്ടര വർഷത്തിന് ശേഷമാണ് വാഹനഗതാഗതം സാധ്യമാകുന്നത്. നേരത്തെ പുനർനിർമ്മാണത്തിന് സർക്കാർ ജൂൺവരെ സമയം നൽകിയിരുന്നെങ്കിലും മൂന്ന് മാസങ്ങൾക്ക് മുമ്പേ തന്നെ ജോലികൾ പൂർത്തിയാക്കിയത് സംസ്ഥാന സർക്കാരിന്റെ നേട്ടമായി വിലയിരുത്താം. അഞ്ച് മാസവും പത്ത് ദിവസവും കൊണ്ടാണ് പുനർനിർമ്മാണം പൂർത്തിയാക്കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ പൂർണമായും ഒഴിവാക്കിയിരുന്നു. ഇന്നലെ വൈകിട്ട് നാലിന് ദേശീയപാത വിഭാഗം ചീഫ് എൻജിനീയറാണ് പാലം തുറന്ന് നൽകിയത്. അതോടെ പാലത്തിലൂടെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു. നൂറ് വർഷത്തെ ഈട് ഉറപ്പ് നൽകിയാണ് വീണ്ടും പാലം തലയുയർത്തി നിൽക്കുന്നത്.

മന്ത്രി ജി സുധാകരനും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പാലം സന്ദർശിച്ചു. ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയിരുന്നെങ്കിലും പാലം നാടിന് സമർപ്പിക്കുന്ന ചടങ്ങിന് സാക്ഷിയാകുവാൻ നൂറ് കണക്കിന് ആളുകളാണ് എത്തിയത്. എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം വിളിച്ച ജനക്കൂട്ടം യുഡിഎഫ് സർക്കാരിനെ പ്രതികൂട്ടിലാക്കാനും മറന്നില്ല.

2016 ഒക്ടോബർ ഒന്നിനാണ് പാലം ഉദ്ഘാടനം ചെയ്തത്. 2017 ജൂലൈ ആവുമ്പോഴേക്കും പാലം പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. വിവിധ പരിശോധനകളുടെ തുടർച്ചയായി ഗുരുതര ബലക്ഷയം എന്ന് മദ്രാസ് ഐഐടിയുടെ പഠന റിപ്പോർട്ട് ലഭിച്ചു. ഇതോടെ 2019 മെയ് ഒന്നിന് പാലം അടച്ച് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഒപ്പം പൊളിച്ചുപണിയാൻ തീരുമാനിച്ചു.

ഇതിനിടയില്‍ ഭാരപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് എൻജിനീയർമാരുടെ സംഘടന നിയമനടപടി തുടങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിർമ്മാണം പിന്നേയും വൈകി. സർക്കാർ സുപ്രീം കോടതിയെ സമീപിച്ച് പാലം പൊളിച്ചുപണിയാൻ അനുമതി നേടി. പിന്നാലെ എൽഡിഎഫ് സർക്കാർ ഡിഎംആർസിയെ നിർമ്മാണ ചുമതല ഏൽപ്പിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു കരാർ.

യുഡിഎഫ് കാലത്തെ നിർമ്മാണത്തിൽ അഴിമതി നടന്നതായി അന്വേഷണത്തിൽ തെളിഞ്ഞതോടെ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അടക്കമുള്ളവർ അറസ്റ്റിലായി. പാലം അഴിമതിയുമായി ബന്ധപ്പെട്ട നിയമനടപടികൾ തുടരുകയാണ്. സെപ്റ്റംബർ 28നാണു പാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയത്. പഴയ പാലത്തിന്റെ മുകൾ ഭാഗം 57 ദിവസം കൊണ്ടാണു പൊളിച്ചു മാറ്റിയത്. 19 സ്പാനുകളിൽ 17 എണ്ണവും അവയിലെ 102 ഗർഡറുകളുമാണു പുനർനിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ചു പണിതത്. സ്പാനുകളും പിയർ ക്യാപുകളും പുതിയവ നിർമ്മിച്ചു. തൂണുകൾ കോൺക്രീറ്റ് ജാക്കറ്റിങ് നടത്തി ബലപ്പെടുത്തിയ ശേഷമാണു പുതിയ പിയർ ക്യാപുകളും പ്രീ സ്ട്രെസ്ഡ് ഗർഡറുകളും സ്ഥാപിച്ചത്. ചീഫ് എൻജിനീയർ ജി കേശവ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുനര്‍നിര്‍മ്മാണത്തിന് മേൽനോട്ടം വഹിച്ചത്.

 

പുനർനിർമ്മാണം വൈകിയത് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മൂലം

പാലം പുനർനിർമ്മിക്കുവാൻ കാലതാമസം നേരിട്ടത് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് കാരണമാണെന്ന് പാലം സന്ദർശിച്ച മന്ത്രി ജി സുധാകരൻ പറഞ്ഞു. പാലത്തിൽ ബലക്ഷയമുണ്ടെന്ന് മദ്രാസ് ഐഐടി ഉൾപ്പെടെ കണ്ടെത്തിയെങ്കിലും ഇതെല്ലാം തള്ളിക്കളഞ്ഞ സിംഗിൾബെഞ്ച് നടപടി പുനർനിർമ്മാണം തടഞ്ഞത് ആദ്യഘട്ടത്തിൽ തിരിച്ചടിയായി. ഇതു വിലപ്പെട്ട ഒമ്പത് മാസം നഷ്ടമാക്കി. പിന്നീട് സുപ്രീം കോടതിയെ സമീപിച്ചാണ് സർക്കാർ അനുകൂല ഉത്തരവ് നേടിയത്. അഞ്ച് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുവാൻ സാധിച്ചത് അഭിമാനനേട്ടമാണെന്നും മന്ത്രി പറഞ്ഞു.

 

Eng­lish sum­ma­ry; palar­i­vat­tom bridge opened
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.