പാലാരിവട്ടം മേൽപാലം നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതികേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടെന്ന നിലപാട് ആവർത്തിച്ച് വ്യക്തമാക്കി കേസിലെ പ്രതിയായ മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്. ഇന്നലെ വിജിലൻസ് സംഘം കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്തപ്പോഴും ആർഡിഎസ് കമ്പനിക്ക് മുൻകൂറായി പണം നൽകിയത് വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിർദേശ പ്രകാരമായിരുന്നുവെന്ന് സൂരജ് ആവർത്തിച്ചു. കേസിൽ നേരത്തെ അറസ്റ്റിലായി റിമാന്റിലായിരുന്ന ടി ഒ സൂരജ് പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു.
കേസിൽ നേരത്തെ സൂരജിനൊപ്പം ആർഡിഎസ് കമ്പനി എംഡി സുമിത് ഗോയലിനെയും വിജിലൻസ് അറസ്റ്റു ചെയ്തിരുന്നു. ആർഡിഎസ് കമ്പനിക്ക് മുൻകൂറായി പണം നൽകിയത് വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിർദേശ പ്രകാരമായിരുന്നുവെന്നാണ് നേരത്തെയും സൂരജ് വിജിലൻസിനോടും മാധ്യമ പ്രവർത്തകരോടും വ്യക്തമാക്കിയിരുന്നത്. ഈ നിലപാട് തന്നെയാണ് സൂരജ് ആവർത്തിച്ചത്. മുൻകൂറായി പണം നൽകാനുള്ള ഫയലിൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ടിരുന്നുവെന്ന് ഇന്നലെ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ ടി ഒ സൂരജ് മാധ്യമങ്ങളോട് വ്യക്തമാക്കി. മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയും നിർദേശ പ്രകാരവുമാണ് കരാർ എടുത്തിരുന്ന ആർഡിഎസ് കമ്പനിക്ക് മുൻകൂർ പണം നൽകിയതെന്ന് സൂരജ് നേരത്തെ നൽകിയിരുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇബ്രാഹിംകുഞ്ഞിനെ രണ്ടു തവണ വിജിലൻസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും തനിക്ക് പങ്കില്ലെന്ന നിലപാടാണ് ഇബ്രാഹിംകുഞ്ഞ് കൈക്കൊണ്ടത്. ഇതേത്തുടർന്നാണ് വിജിലൻസ് വീണ്ടും ടി ഒ സൂരജിനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. സൂരജിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് വിളിപ്പിച്ചേക്കും.
English summary:Palarivattom bridge scam follow up