പാലാരിവട്ടം മേൽപ്പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന് കുരുക്ക് മുറുകി

Web Desk
Posted on October 16, 2019, 10:09 pm

കോട്ടയം: പാലാരിവട്ടം അഴിമതിക്കേസില്‍ ആരോപണവിധേയനായ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കുരുക്ക് മുറുക്കി വിജിലന്‍സ്. ഇബ്രാഹിം കുഞ്ഞിനെതിരായ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ വിജിലന്‍സിന്റെ അന്വേഷണ സംഘം കോട്ടയത്ത് യോഗം ചേര്‍ന്നു. വിജിലന്‍സ് എസ് പി വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. രണ്ട് ഡിവൈഎസ്പിമാരുള്‍പ്പടെയുള്ള പത്ത് അംഗ സംഘമാണ് കോട്ടയത്ത് യോഗം ചേര്‍ന്നത്. വിദേശത്തുള്ള ഇബ്രാഹിംകുഞ്ഞ് മടങ്ങിയെത്തിയാല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചായിരുന്നു കൂടിയാലോചന എന്നാണ് സൂചന.

ഇബ്രാഹിംകുഞ്ഞിനെതിരായ നടപടികള്‍ വൈകിപ്പിച്ചതിനും പ്രതികള്‍ക്ക് അനുകൂലമായി വിവരം ചോര്‍ത്തി നല്‍കിയതിനും അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു. പുതിയ സംഘം കേസില്‍ ഇനി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തതായാണ് അറിവ്. ഡിവൈ എസ് പിമാരായ ശ്യാംകുമാര്‍, മനോജ്, ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിക്കപ്പെട്ട ഡി വൈ എസ് പി അശോക് കുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. നേരത്തെ ടി ഒ സൂരജ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കരാറുകാര്‍ക്ക് അഡ്വാന്‍സ് തുക നല്‍കുന്നതിന് ഇബ്രാഹിംകുഞ്ഞിന്റെ ഭാഗത്ത് നിന്ന് കൃത്യമായ നിര്‍ദേശം ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതും വിജിലന്‍സിന് മേല്‍ സമ്മര്‍ദം കൂട്ടി. ഈ സാഹചര്യത്തില്‍ വിപുലീകരിച്ച അന്വേഷണസംഘത്തെ ഉള്‍പ്പെടുത്തി ഇബ്രാഹിംകുഞ്ഞിനെതിരായ നിയമനടപടികളിലേക്ക് നീങ്ങാന്‍ തന്നെയാണ് അന്വേഷണസംഘത്തിന്റെ നീക്കം.

ഉംറ ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ സൗദിയില്‍ പോയ ഇബ്രാഹിംകുഞ്ഞ് ഇന്നാണ് കൊച്ചിയില്‍ മടങ്ങിയെത്തുക. കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നുവെന്ന് നേരത്തെ വിജിലന്‍സും സത്യവാങ്മൂലം നല്‍കിയിരുന്നു. ചട്ടം ലഘിച്ച് കരാറുകാരന് തുക അനുവദിച്ച് ഉത്തരവിട്ടതിനാണ് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെ അറസ്റ്റ് ചെയ്തത്. വായ്പ നല്‍കാന്‍ നിര്‍ദ്ദേശിച്ചത് അന്ന് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞാണ്. പ്രീ ബിഡ് യോഗത്തിലെ തീരുമാനത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി ഇത്തരത്തില്‍ വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ ഇബ്രാഹിം കുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നുവെന്നായിരുന്നു കണ്ടെത്തല്‍. പൊതുമേഖലാ ബാങ്കുകള്‍ അന്ന് വായ്പക്ക് ഈടാക്കിയിരുന്നത് 11 മുതല്‍ 14 ശതമാനം വരെ പലിശയാണ്. എന്നാല്‍ വെറും ഏഴ് ശതമാനം പലിശക്കാണ് കരാറുകാരന് വായ്!പ നല്‍കിയത്. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 56 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ഇക്കാര്യം അക്കൗണ്ട് ജനറലിന്റെ 2014 ലെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.