Thursday
27 Jun 2019

പാലാരിവട്ടം മേല്‍പ്പാലം: വിജിലന്‍സിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി

By: Web Desk | Monday 20 May 2019 10:19 PM IST


കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം തകര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കി. 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്ന് വിജിലന്‍സ് ഡി വൈ എസ് പി പറഞ്ഞു. പാലം രൂപകല്‍പന ചെയ്ത ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ പ്രധാന ജീവനക്കാരന്റെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. വിജിലന്‍സ് വിദഗ്ധസംഘം അന്വേഷണത്തിന്റെ ഭാഗമായി പാലത്തില്‍ നിന്നും ശേഖരിച്ച് കാക്കനാട് റീജിയണല്‍ ലാബില്‍ പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പിളുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പാലത്തില്‍ വീണ്ടും പരിശോധന നടത്തിയ ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍, കിറ്റ്‌കോ, എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ മൊഴി നേരെത്തെ രേഖപ്പെടുത്തിയിരുന്നു. അതേസമയം പാലത്തില്‍ ടാറിങ് നടത്തുന്ന ജോലികള്‍ ഇന്നലെ വൈകിട്ടോടെ തുടങ്ങി. പ്രാഥമിക ജോലികള്‍ പൂര്‍ത്തിയാക്കി ഈ മാസം അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു. മഴക്കാലമാകുന്നതിനാല്‍ മറ്റു ജോലികള്‍ പിന്നീട് മാത്രമേ പൂര്‍ത്തീകരിക്കുകയുള്ളു.

YOU MAY ALSO LIKE THIS:

Related News