പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിനോടും കോടതി നടപടികളോടും പൂർണമായും സഹകരിക്കുമെന്ന് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട് എറണാകുളത്തെ സിപിഎമ്മിന്റെ കമ്മിറ്റിയും നേതാക്കളും പ്രകടനങ്ങളും ധർണകളുമൊക്കെ നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിനെ ദുരുപയോഗപെടുത്തി തന്നെ പ്രതിയാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കളമശേരി സീറ്റാണ് ഇവരുടെ ലക്ഷ്യമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഇതുവരെ പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ അന്വേഷണത്തോട് പൂർണമായും താൻ സഹരിച്ചു. തുടർന്നും അന്വേഷണത്തോടും ഒപ്പം കോടതി നടപടികളോടും പരമാവധി സഹകരിച്ചായിരിക്കും മുന്നോട്ടു പോകുകയെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തുന്ന വിജിലൻസ് സംഘം ഇന്നലെയാണ് ഇബ്രാംഹികുഞ്ഞിനെ കേസിൽ പ്രതിചേർത്ത് റിപോർട്ട് നൽകിയത്. തുടർന്ന് വിജിലൻസ് സംഘത്തിന്റെ നേതൃത്വത്തിൽ ആലുവയിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ റെയ്ഡും നടത്തിയിരുന്നു. റെയ്ഡ് നടക്കുന്ന സമയത്ത് ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇബ്രാഹിംകുഞ്ഞിനെ കൂടാതെ കിറ്റ്കോയിലെ മൂന്നു ഉദ്യോഗസ്ഥരെക്കൂടി കേസിൽ വിജിലൻസ് പ്രതിചേർത്തിട്ടുണ്ട്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് മുൻപൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സുരജ്, പാലം നിർമാണ കരാർ എടുത്തിരുന്ന ആർഡിഎസ് കമ്പനിയുടെ എംഡി സുമിത് ഗോയൽ, കിറ്റ്കോ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ അസിസ്റ്റന്റ് ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരെ വിജിലൻസ് അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തിരുന്നു. ഇവർ പിന്നീട് ജാമ്യത്തിൽ ഇറങ്ങി. പാലം നിർമാണ സമയത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിൽ നിന്നും കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ വിജിലൻസ് സംഘം മൊഴിയെടുത്തിരുന്നു. തനിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്ന നിലപാടാണ് അന്ന് ഇബ്രാഹിംകുഞ്ഞ് സ്വീകരിച്ചത്. എന്നാൽ ഇതിനെതിരെ ടി ഒ സൂരജ് രംഗത്തുവന്നതോടെയാണ് ഇബ്രാഹിംകുഞ്ഞ് പ്രതിക്കൂട്ടിലായത്. തുടർന്ന് വിജിലൻസ് വീണ്ടും ടി ഒ സൂരജിനെ ചോദ്യം ചെയ്തപ്പോൾ പാലം നിർമാണത്തിന് കരാറുകാരന് മുൻകൂർ പണം നൽകിയത് ഇബ്രാംഹികുഞ്ഞിന്റെ നിർദേശപ്രകാരമായിരുന്നുവെന്ന് സൂരജ് പറഞ്ഞു. തുടർന്നാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യണമെന്ന നിലപാടിൽ വിജിലൻസ് എത്തുകയും സർക്കാരിനും ഗവർണർക്കും കത്ത് നൽകുകയും ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ ഗവർണർ അനുമതി നൽകുകയും ചെയ്തതോടെ രണ്ടു തവണ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷം സൂരജിനെയും വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിലും സൂരജ് നിലപാട് ആവർത്തിക്കുകയും കുടുതൽ തെളിവുകൾ നൽകുകയും ചെയ്തു. ഇതിനു ശേഷമാണ് ഇബ്രാഹിംകുഞ്ഞിനെയും കിറ്റ്കോയിലെ ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തത്.
English Summary; palarivattom flyover corruption case, v k ebrahim kunju
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.