പാലാരിവട്ടം മേല്‍പ്പാലം: പരിശോധനയ്ക്ക് വീണ്ടും വിദഗ്ധസംഘം

Web Desk
Posted on June 24, 2019, 10:01 pm

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി അന്വേഷണത്തിന്റെ ഭാഗമായി വിദഗ്ധ സംഘം വീണ്ടും പാലം പരിശോധിക്കും. പരിശോധന ഈ ആഴ്ച തന്നെയുണ്ടാകും. ഐഐടിയില്‍ നിന്നുള്ള സംഘത്തെയടക്കം ഉള്‍പ്പെടുത്തിയാണ് പരിശോധന. കരാര്‍ കമ്പനിയില്‍ നിന്നും പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുകയാണ്.നിര്‍മ്മാണ കമ്പനിക്ക് പുറമെ കിറ്റ്‌കോയിലെയടക്കം 17 ഉദ്യോഗസ്ഥരുടെ പേരില്‍ കേസെടുക്കണമെന്ന ശുപാര്‍ശയാണ് വിജിലന്‍സ് നല്‍കിയിട്ടുള്ളത് .സംഘം ആദ്യം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ കേസെടുത്താല്‍ നിയമപരമായ തടസ്സങ്ങള്‍ ഉയരുമോ എന്ന സംശയം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിദഗ്ദ്ധ സംഘത്തെ ഉള്‍പ്പെടുത്തി രണ്ടാം ഘട്ടം പരിശോധന നടത്തുക .പിടിച്ചെടുത്ത രേഖകളുടെ പരിശോധനയില്‍ ലഭിക്കുന്ന തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പുതിയ പരിശോധന.

പാലം രൂപകല്‍പ്പന മാറ്റിയതിലൂടെ കമ്പനിക്ക് വന്‍ ലാഭം ഉണ്ടായെന്നും എഫ്‌ഐആറില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു അഴിമതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം കരാര്‍ കമ്പനിയായ ആര്‍ഡിഎസിന്റെ കൊച്ചി ഓഫീസില്‍ 10 ദിവസം മുമ്പാണ് റെയ്ഡ് നടത്തിയത്. കമ്പനിയുടമ സുമിത്ത് ഗോയലിന്റെ കാക്കനാട് പടമുകളിലുള്ള ഫഌറ്റിലും പരിശോധനയുണ്ടായിരുന്നു.
റെയ്ഡില്‍ നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ കമ്പനിയുടെ കമ്പ്യൂട്ടറില്‍ നിന്നും വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് കോടികളുടെ ലാഭം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതിനുപുറമെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുടെ വിനോദയാത്ര ‚പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം എന്നിവയടക്കമുള്ള കാര്യങ്ങളില്‍ കമ്പനി പണം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ നേതൃത്വത്തിന് പണം നല്കിയിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.കമ്പനിയുടമയെ ചോദ്യം ചെയ്താലേ ഇക്കാര്യം അറിയാന്‍ കഴിയുകയുള്ളുവെന്ന് വിജിലന്‍സ് പറയുന്നു.

you may also like this video