Web Desk

December 22, 2019, 10:30 pm

സമാധാനത്തിനായി ജനപക്ഷത്ത് പ്രവർത്തിക്കേണ്ടത് അനിവാര്യം: പല്ലബ് സെൻഗുപ്ത

Janayugom Online

തിരുവനന്തപുരം: സംഘർഷങ്ങളുടെയും നീതി നിഷേധനത്തിന്റെയും കാലത്ത് സമാധാനത്തിനായി ജനപക്ഷത്ത് പ്രവർത്തിച്ച് രാജ്യത്തെ ശരിയിലേക്ക് നയിക്കേണ്ടത് അനിവാര്യമാണെന്ന് അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്‌സോ) ദേശീയ ജനറൽ സെക്രട്ടറി പല്ലബ് സെൻഗുപ്ത. ഐപ്‌സോ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷത്തിനെതിരെ അക്രമം അഴിച്ചുവിട്ടും സമ്പദ്ഘടനയെ തകിടം മറിച്ചും ജുഡീഷ്യറിയിൽ കൈകടത്തിയും രാജ്യത്തെ ജനജീവിതം മോഡി സർക്കാർ ദുസഹമാക്കിയിരിക്കുകയാണ്. ഭിന്നിപ്പിക്കലിലൂടെ അക്രമങ്ങൾ അഴിച്ചുവിട്ട് ഹിന്ദുത്വ നയങ്ങൾ കൊണ്ടുവരാനാണ് അവരുടെ ശ്രമം. അതിനായി സ്ത്രീകളെയും രാജ്യത്തിന്റെ പുതു പ്രതീക്ഷകളാകേണ്ട കോളജുകളിലെ യൗവനത്തെയും അടിച്ചമർത്തിയാണ് അവർ മുന്നോട്ട് നീങ്ങുന്നത്. നിയമങ്ങള്‍ അടിച്ചേൽപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ അടിത്തറ തന്നെ തകർക്കുന്ന നയസമീപനമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സി പി നാരായണൻ, പ്രൊഫ. സി ഉദയകല, ഡോ. ജനാർദനകുറുപ്പ് എന്നിവരടങ്ങിയ പ്രിസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ദേശീയ ജനറൽ സെക്രട്ടറി ആർ അരുൺകുമാർ, ബിനോയ് വിശ്വം എംപി എന്നിവർ സംസാരിച്ചു. മതം അക്രമത്തിനുള്ള ഉപാധിയാക്കി മാറ്റപ്പടുകയാണെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു. നീതി ബോധമുള്ള ഇന്ത്യക്കാരന് ഒരിക്കലും ഇതനുവദിക്കാനാകില്ല. രാജ്യത്തിന്റെ ഭാവിയാകേണ്ട യുവത്വം പോലും പകച്ചു നിൽക്കുന്ന അവസരത്തിൽ ഒരു സർക്കാർ ആയുധ പന്തയത്തിന് മൂർച്ച കൂട്ടുവാൻ സംഖ്യ മുടക്കുകയാണ്. ഇന്ത്യയെ കെട്ടിപ്പടുക്കാൻ ആവശ്യമായ പണമാണ് തെറ്റായ കേന്ദ്രനയങ്ങളിലൂടെ പാഴാക്കപ്പെടുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.സംസ്ഥാന ജനറൽ സെക്രട്ടറി വി ബി ബിനു റിപ്പോർട്ടും ട്രഷറർ എം എ ഫ്രാൻസിസ് കണക്കും സെക്രട്ടറി സി ആർ ജോസ്‌പ്രകാശ് ഭാവി പ്രവർത്തന പരിപാടികളും ബൈജു വയലത്ത് ക്രെഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.എം ബി രാജേഷ്, അഡ്വ. ജോയിക്കുട്ടി ജോസ്, വി ശിവദാസ്, ജി ദേവരാജൻ, സി എസ് സുജാത തു‍ടങ്ങിയവർ സംസാരിച്ചു. ഇ വേലായുധൻ സ്വാഗതവും എം മോഹനൻ നന്ദിയും പറഞ്ഞു.

you may also like this video