23 April 2024, Tuesday

Related news

April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024
April 1, 2024

ഇന്ത്യക്ക് പാമോയില്‍ ഷോക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
April 26, 2022 10:36 pm

പാമോയില്‍ കയറ്റുമതിക്ക് ഇന്തോനേഷ്യ ഏര്‍പ്പെടുത്തിയ നിരോധനം നിലവില്‍ വരുന്നതോടെ ഇന്ത്യയില്‍ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ കഴിഞ്ഞ ആഴ്ചയില്‍ പാമോയിലിന്റെ വില അഞ്ച് ശതമാനം വര്‍ധിച്ചിരുന്നു. റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ഭക്ഷ്യ എണ്ണകള്‍ക്ക് 12 മുതല്‍ 17 ശതമാനം വരെ വില വര്‍ധിച്ചിരുന്നു. ഇന്തോനേഷ്യയുടെ നീക്കം നിരവധി ഉപഭോക്തൃ കമ്പനികളുടെ ചെലവുകളെ ബാധിക്കുമെന്നും ഇത് ഭക്ഷ്യവസ്തുക്കളുടെ വിലയെ സാരമായി ബാധിക്കുമെന്നും സാമ്പത്തിക സേവന സ്ഥാപനമായ പ്രഭുദാസ് ലീലാധര്‍ പറയുന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്‌ലെ ഇന്ത്യ, ഐടിസി തുടങ്ങിയ കമ്പനികളെ കയറ്റുമതി നിരോധനം നേരിട്ട് ബാധിക്കും. ബിസ്കറ്റ്, നൂഡില്‍സ്, കേക്കുകള്‍, ഉരുളക്കിഴങ്ങ് ചിപ്‌സ്, തണുപ്പിച്ച മധുരപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ വിലവര്‍ധനയ്ക്ക് കാരണമാകും.

മറ്റ് ഭക്ഷ്യ എണ്ണകളെ അപേക്ഷിച്ച് വിലകുറവായതിനാല്‍ ഇന്ത്യയിലെ സാധാരണക്കാര്‍ കൂടുതലും ഉപയോഗിക്കുന്നത് പാമോയിലാണ്. എണ്ണ വലിയതോതില്‍ ഉപയോഗിക്കുന്ന റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും പാമോയിലാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. കയറ്റുമതി നിരോധനം നിലവില്‍ വരുന്നതോടെ ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കും വിലവര്‍ധിക്കും. നാളെമുതലാണ് പാമോയില്‍ കയറ്റുമതി നിരോധനം നിലവില്‍ വരുന്നത്. രാജ്യത്ത് പാമോയിലിന് ക്ഷാമം നേരിട്ടതോടെയാണ് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്താന്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. 

കഴിഞ്ഞ ദിവസം വ്യവസായ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ നിരോധനം കൂടുതല്‍ വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനിടെ ക്രൂഡ് പാമോയില്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്തോനേഷ്യ പിന്‍വലിച്ചിരുന്നു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പാമോയിലില്‍ എട്ട് മുതല്‍ 8.5 ശതമാനം മാത്രമാണ് ക്രൂഡ് പാമോയില്‍. പുതിയ സാഹചര്യത്തില്‍ മലേഷ്യയില്‍ നിന്നും കൂടുതല്‍ പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. 

ഇന്ത്യന്‍ ഇറക്കുമതി 80 ലക്ഷം ടണ്‍

പ്രതിവര്‍ഷം 80 ലക്ഷം ടണ്‍ പാമോയിലാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്തോനേഷ്യ, മലേഷ്യ രാജ്യങ്ങളില്‍ നിന്നുമാണ് പ്രധാനമായും ഇറക്കുമതി. ആഗോള പാമോയില്‍ ഉല്പാദനത്തില്‍ പ്രധാനപങ്കും ഇന്തോനേഷ്യയിലാണ്. കഴിഞ്ഞ മാസം 5.39 ലക്ഷം ടണ്‍ പാമോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതില്‍ രണ്ട് ലക്ഷം ടണ്‍ പാമോയിലും ഇന്തോനേഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 1.45 ലക്ഷവും ശുദ്ധീകരിച്ച പാമോയിലായിരുന്നു. 

ഇന്ത്യയുടെ ആവശ്യകത പൂര്‍ത്തീകരിക്കാനുള്ള പാമോയില്‍ മലേഷ്യയില്‍ നിന്നെത്തിക്കുക എന്നത് പ്രാവര്‍ത്തികമല്ല. കോവിഡിനെ തുടര്‍ന്ന് മലേഷ്യയില്‍ വന്‍ തൊഴിലാളി പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. ഇത് പാമോയില്‍ ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചു. പ്രതിവര്‍ഷം ഇന്തോനേഷ്യയില്‍ 48 ദശലക്ഷം ടണ്‍ പാമോയില്‍ ഉല്പാദിപ്പിക്കുമ്പോള്‍ മലേഷ്യയുടെ ആകെ ഉല്പാദനം 18 മില്യണ്‍ ടണ്‍ മാത്രമാണ്.
തായ്‌ലന്‍ഡിനെയും ആഫ്രിക്കന്‍ രാജ്യങ്ങളെയും കൂടുതല്‍ ആശ്രയിച്ചാലും ഇന്ത്യയുടെ ആവശ്യകത പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. 

Eng­lish Summary:Palm oil shock for India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.