പമ്പ തീർത്ഥാടകർക്കായി സജ്ജമാകുന്നു

Web Desk
Posted on September 23, 2018, 9:32 pm

പമ്പ: ജില്ല നേരിട്ട മഹാപ്രളയത്തെ തുടര്‍ന്ന് ഏറ്റവും വലിയ നാശനഷ്ടമുണ്ടായ സ്ഥലമാണ് പമ്പ. പമ്പാനദി സംഹാര രൂപിണിയായി സര്‍വ്വനാശമാണ് പമ്പക്ക്  സമ്മാനിച്ചത്.
എന്നാല്‍ സര്‍ക്കാരും ബോര്‍ഡും യുദ്ധകാല അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ഫലം കാണുകയാണ്. മണ്ഡലകാലത്തിന് ഒന്നര മാസം അവശേഷിക്കെ മനുഷ്യസാധ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും.
ചെറിയ വാഹനങ്ങളുടെ പാര്‍ക്കിങ് ഗ്രൗണ്ടായ ത്രിവേണി, ചക്കുപാലം എന്നിവ മണല്‍മൂടിയതിനെ തുടര്‍ന്നും ഹില്‍ടോപ്പിലുണ്ടായ മണ്ണിടിച്ചില്‍ കാരണവും ചെറിയ വാഹന ങ്ങള്‍ക്ക് നിലയ്ക്കലില്‍ ഏര്‍പ്പെടുത്തിയ പാര്‍ക്കിങ് സംവിധാനം കുറ്റമറ്റതായാണ് വിലയിരുത്തല്‍. നിലയ്ക്കലില്‍നിന്നും പമ്പയിലേക്ക് തീര്‍ഥാടകര്‍ക്ക് അധികനേരം കാത്തുനില്‍ക്കാന്‍ ഇടവരുത്താതെ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തും.
പമ്പയിയില്‍ ടോയ്ലറ്റ് ബ്ലോക്കുകള്‍ക്ക് നാശം നേരിട്ടതിനെ തുടര്‍ന്ന് കൂടുതല്‍ ബയോടോയ്ലറ്റുകള്‍ സ്ഥാപിച്ച് പരിഹാരം കാണാനാണ് തീരുമാനം. പമ്പ കെ.എസ്.ആര്‍ ടി.സി മുതല്‍ ത്രിവേണി വരെ റോഡിന്റെ ഇരുവശത്തും നിശ്ചിത അകലത്തില്‍ ബയോടോയ്ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ത്രിവേണി പാലത്തിനടുത്ത് തീര്‍ഥാടകര്‍ക്ക് പിതൃതര്‍പ്പണത്തിനുള്ള സൗകര്യം ക്രമീകരിച്ചു.
പമ്പയിലെ ആശുപത്രി കെട്ടിടത്തില്‍ പ്രളയത്തില്‍ മണല്‍ കയറിയതിനാല്‍ സേവനങ്ങള്‍ അമൃത ആശുപത്രി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കു മാറ്റി. കുടിവെള്ള വിതരണത്തിന് ആവശ്യമായ വാട്ടര്‍കിയോസ്‌കുകള്‍ സ്വാമി അയ്യപ്പന്‍ റോഡില്‍ സ്ഥാപിച്ചു.
ത്രിവേണി പാലത്തിലൂടെ സര്‍വീസ് റോഡുവഴിയാണ് തീര്‍ഥാടകരെ പമ്പ ഗണപതി ക്ഷേത്രത്തിലേക്ക് കടത്തിവിടുന്നത് റോഡിന്റെ പമ്പ മണപ്പുറത്തോടു ചേര്‍ന്നുള്ള വശത്ത് സുരക്ഷാവേലി സ്ഥാപിച്ചു. പമ്പ നടപ്പന്തലിലൂടെയുള്ള ഭാഗത്ത് കുന്നുകൂടിയ മണ്ണ് പൂര്‍ണമായും നീക്കം ചെയ്തു കഴിഞ്ഞു. പമ്പയില്‍ അടിഞ്ഞു കൂടിക്കിടക്കുന്ന മണ്ണ് ത്വരിതഗതിയിലാണ് ഇവിടെനിന്നും നീക്കുന്നത്.
കെട്ടിടത്തില്‍ ഇടിച്ചുകയറിയ തടികള്‍ അവിടെനിന്നും നീക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. പമ്പാതീരത്ത് അടിഞ്ഞുകൂടിയ തടികളും കെട്ടിട അവശിഷ്ടങ്ങളും ഇവിടെനിന്നും ചാലക്കയം ഭാഗത്താണ് കൊണ്ടിടുന്നത്. മണല്‍ ചക്കുപാലം പാര്‍ക്കിങ് ഗ്രൗണ്ടിലാണ് നിക്ഷേപിക്കുന്നത്.
നിലയ്ക്കല്‍, പമ്പ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണത്തിന് ആവിശ്യത്തിന് പോലീസിനെ വിന്യസിക്കും. തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം വനംമന്ത്രി കെ രാജു എത്തിയിരുന്നു. ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍, ജില്ലാ കലക്ടര്‍ പി ബി നൂഹ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അംഗങ്ങളായ രാഘവന്‍, കെ പി ശങ്കര്‍ദാസ്, സ്പെഷ്യല്‍ കമ്മിഷണര്‍ മനോജ്, ദേവസ്വം കമ്മിഷണര്‍ വാസു എന്നിവരും ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നേരിട്ടെത്തി വിലയിരുത്തി.