പാന്‍കാര്‍ഡ് ആധാര്‍ ബന്ധിപ്പിക്കല്‍: സമയപരിധി നീട്ടി

Web Desk

ന്യൂഡല്‍ഹി

Posted on March 27, 2018, 9:54 pm

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി ജൂണ്‍ 30 വരെ നീട്ടി. മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു നേരത്തേയുള്ള നിര്‍ദേശം. എന്നാല്‍ ‘വിഷയം പരിഗണിച്ച’ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ആണു തീയതി നീട്ടിനല്‍കി ഉത്തരവിട്ടത്.

ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും മാര്‍ച്ച് 31 ആയിരുന്നു. എന്നാല്‍ ഇതു പിന്നീട് സുപ്രിംകോടതി ഇടപെട്ട് അനിശ്ചിത കാലത്തേക്കു നീട്ടി. ഈ സാഹചര്യത്തിലാണ് തീയതി നീട്ടി സിബിഡിടിയും ഉത്തരവിറക്കിയത്.
ഇതു നാലാം തവണയാണ് പാന്‍–ആധാര്‍ ബന്ധിപ്പിക്കലിനു തീയതി നീട്ടി നല്‍കുന്നത്.

മാര്‍ച്ച് അഞ്ചു വരെയുള്ള കണക്കു പ്രകാരം ആകെയുള്ള 33 കോടിയില്‍ 16.65 കോടി പാന്‍ കാര്‍ഡുകളും ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.