Saturday
23 Feb 2019

പണം കിട്ടിയപ്പോള്‍ കൂട്ടുകാര്‍ ചതിയന്മാരായ കഥ

By: Web Desk | Sunday 12 August 2018 10:50 AM IST


friends janayugom

ബാലയുഗം

സന്തോഷ് പ്രിയന്‍

വേലുണ്ണിയും എല്ലുണ്ണിയും കുഞ്ഞുണ്ണിയും കൂട്ടുകാരായിരുന്നു. മഹാമടിയന്മാരായ ഇവര്‍ക്ക് ജോലി ചെയ്യുന്നത് തീരെ ഇഷ്ടമല്ല. കവലയില്‍ വെറുതേ വര്‍ത്തമാനം പറഞ്ഞ് സമയം കളയുന്ന മൂന്നും ഊണുസമയമാകുമ്പോള്‍ അവരവരുടെ വീടുകളിലേക്കുപോകും. ഭാര്യ വിളമ്പിക്കൊടുക്കുന്ന ആഹാരം മൂക്കുമുട്ടെ തിന്നിട്ട് വേഗം സ്ഥലംവിടും.
ഒരുദിവസം വേലുണ്ണിയും എല്ലുണ്ണിയും കുഞ്ഞുണ്ണിയും ഒരു നാടകത്തില്‍ അഭിനയിക്കാന്‍ പോയി. മൂന്നുപേര്‍ക്കും പോലീസുകാരുടെ വേഷമാണ് കിട്ടിയത്. ഒരു രാത്രി റിഹേഴ്‌സല്‍ കഴിഞ്ഞ് മൂന്നുപേരും വീട്ടിലേക്ക് വരികയായിരുന്നു. പോലീസിന്റെ വേഷമൊക്കെയിട്ട് ഡയലോഗ് ഉറക്കെ പറഞ്ഞ് പഠിച്ചാണ് മൂന്നിന്റേയും വരവ്. നടന്ന് നടന്ന് അവര്‍ ഒരു പള്ളിസെമിത്തേരിയുടെ അടുത്തെത്തി.
‘കൂട്ടുകാരേ, വല്ലാത്ത പേടി തോന്നുന്നു. നമുക്ക് സെമിത്തേരി കഴിയുന്നതുവരെ ഓടിയാലോ?’
എല്ലുണ്ണി ചോദിച്ചു. ‘ശരിയാണ്, നമുക്ക് ഓടാം. സെമിത്തേരിയില്‍ നിന്നും ഇരുട്ടത്ത് രണ്ടു രൂപങ്ങള്‍ ഇങ്ങോട്ട് വരുന്നുണ്ട്. വേഗം ഓടാം.’ വേലുണ്ണി പറഞ്ഞതുകേട്ട് മൂന്നുപേരും റോഡിലൂടെ ഓട്ടമായി. പേടി തോന്നാതിരിക്കാന്‍ നാടകത്തിന്റെ ഡയലോഗുകള്‍ ഉറക്കെ വിളിച്ചുപറഞ്ഞാണ് അവര്‍ ഓടിയത്. ‘ഈ ഇടിവെട്ട് പോലീസുകാരോടാണോടാ നിന്റെ കളി. നില്‍ക്കെടാ അവിടെ, എടാ നില്‍ക്കാന്‍’
വേലുണ്ണി ഡയലോഗ് കാണാതെ പഠിച്ചുകൊണ്ട് മുമ്പേ ഓടി. പെട്ടെന്നാണത് സംഭവിച്ചത്- മുഖംമൂടി ധരിച്ച കൊമ്പന്‍മീശക്കാരനായ ഒരാള്‍ എവിടെനിന്നോ വന്ന് അവരുടെ കാല്‍ക്കല്‍ വീണിട്ടുപറഞ്ഞു.
‘അയ്യോ, ഒന്നും ചെയ്യല്ലേ ഏമാന്‍മാരേ. ഇനി മേലാല്‍ ഞാന്‍ മോഷ്ടിക്കില്ല’. നാട്ടിലെ പെരുങ്കള്ളനായ വടിവാള്‍ വാസു ആയിരുന്നു അത്. അപ്പോള്‍ ഒന്നും മനസിലാവാതെ എല്ലുണ്ണിയും വേലുണ്ണിയും കുഞ്ഞുണ്ണിയും പകച്ചുനിന്നു. പെട്ടെന്ന് വടിവാള്‍വാസു അവരെ വെട്ടിച്ച് ഇരുട്ടിലേക്ക് ഓടി മറഞ്ഞു. ഓടുന്നതിനിടെ അയാളുടെ തോളില്‍ കിടന്ന ചാക്കുകെട്ട് താഴെ വീണുപോയി.
വേഗം എല്ലുണ്ണിയും വേലുണ്ണിയും കുഞ്ഞുണ്ണിയും ചാക്ക് അഴിച്ചുനോക്കി. എല്ലാവരും അന്തംവിട്ടു.-ഹമ്പട, ചാക്കുനിറച്ചും പണം.
‘ഹയ്യ, കോളടിച്ചു. ഒരു രണ്ടു കോടിയെങ്കിലും കാണും.’ വേലുണ്ണി പറഞ്ഞു.
‘നമുക്ക് ഇനി സുഖമായി കഴിയാം.’
അതെ, ഇതുകൊണ്ട് നമുക്ക് ഒരു കാര്‍ വാങ്ങണം. പിന്നെ വലിയ ബംഗ്ലാവ്, വേലക്കാര്‍ വേണം, ജോലി ചെയ്യാത്തതിന് നമ്മെ എപ്പോഴും വഴക്കു പറയുന്ന ഭാര്യമാരെ ഉപേക്ഷിച്ച് വേറെ കല്യാണം കഴിക്കണം.’
‘അതൊക്കെ ശരി, ആദ്യം നമുക്ക് ഒന്ന് ആഘോഷിക്കണം. വേലുണ്ണീ നീ വേഗം അടുത്തുള്ള കള്ള് ഷാപ്പ് അടയ്ക്കുന്നതിന് മുമ്പ് കള്ളും കോഴിപൊരിച്ചതും വാങ്ങിവാ. നമുക്ക് പണം മൂന്നായി വീതിക്കാം.’
വേലുണ്ണി വേഗം കള്ള് ഷാപ്പിലേക്ക് ഓടി. അപ്പോള്‍ എല്ലുണ്ണിയും കുഞ്ഞുണ്ണിയും ചാക്ക് എടുത്തു ഉയര്‍ത്തി.
‘നല്ല ഭാരമുണ്ട്. കുറേ പണമുണ്ട് ഇതില്‍. എടാ കുഞ്ഞുണ്ണീ, നമുക്ക് വേലുണ്ണി വരുമ്പോള്‍ അവനെ തട്ടിയാലോ. അവന്‍ ഇല്ലാതായാല്‍ പണം രണ്ടായി വീതിച്ചാല്‍ പോരെ. അവന്റെ വീതം കൂടി നമുക്ക് എടുക്കാമല്ലൊ.’ അതു കേട്ട് കുഞ്ഞുണ്ണി പറഞ്ഞു. ‘അതു ഞാന്‍ അങ്ങോട്ട് പറയാനിരുന്നതാണ്.’
അല്‍പം കഴിഞ്ഞപ്പോള്‍ വേലുണ്ണി കള്ളും ഇറച്ചിയുമായി വന്നു. ഉടനെ വേലുണ്ണിയുടെ മേല്‍ രണ്ടാളും ചാടിവീണു. പിന്നെ കഴുത്തുമുറുക്കി. അവന്‍ അന്ത്യശ്വാസം വലിച്ചപ്പോള്‍ എല്ലുണ്ണിക്കും കുഞ്ഞുണ്ണിക്കും സമാധാനമായി. -ഹൊ, ഇനി പണം രണ്ടായി വീതിച്ചാല്‍ മതിയല്ലോ.
‘എടാ കുഞ്ഞുണ്ണീ, നമുക്ക് ഒന്നു ആഘോഷിക്കേണ്ടേ, അവന്‍ കൊണ്ടുവന്ന കള്ള് കുടിച്ചിട്ട് നമുക്ക് പണവുമായി പോകാം. ഈ മണ്ടച്ചാര്‍ ചത്തുകിടക്കുന്നതു കണ്ടില്ലേ….ഹി..ഹി..’ പിന്നെ രണ്ടുപേരും കള്ള് മോന്തിക്കുടിച്ചു. അധികസമയം കഴിഞ്ഞില്ല, എല്ലുണ്ണിയും കുഞ്ഞുണ്ണിയും ശരീരം തളര്‍ന്ന് താഴെ വീണു. ഇവര്‍ അറിയാതെ പണം തനിക്ക് മാത്രം കിട്ടാന്‍ കള്ളില്‍ വേലുണ്ണി വിഷം ചേര്‍ത്തിരുന്നു. അല്‍പസമയത്തിനകം എല്ലുണ്ണിയും കുഞ്ഞുണ്ണിയും പിടഞ്ഞുമരിച്ചു. പിറ്റേന്ന് രാവിലെ മൂന്ന് ചതിയന്മാരുടെ മൃതദേഹങ്ങളും ഒരു ചാക്ക് പണവുമാണ് വഴിയാത്രക്കാര്‍ കണ്ടത്.