പനാമ പേപ്പര്‍: രേഖകളില്‍ ഇന്ത്യന്‍ പ്രമുഖരുടെ സാമ്പത്തിക രഹസ്യങ്ങളും

Web Desk
Posted on June 21, 2018, 10:54 pm

ന്യൂഡല്‍ഹി: അമേരിക്കയിലെ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും മറ്റ് നൂറോളം മാധ്യമങ്ങളും പുറത്തുവിട്ട പനാമ പേപ്പര്‍ കളളപ്പണ നിക്ഷേപത്തിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്. 12 ലക്ഷത്തോളം പുതിയ രേഖകളില്‍ കുറഞ്ഞത് 12,000 എണ്ണം ഇന്ത്യക്കാരുമായി ബന്ധപ്പെട്ടതാണ്. 2016ല്‍ ഒരു കോടിയിലധികം നികുതി വെട്ടിപ്പ് രേഖകളായിരുന്നു പുറത്തുവിട്ടത്.

പനാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊസാക് ഫൊന്‍സെക എന്ന കമ്പനിയുടെ രേഖകളാണ് പുറത്തുവന്നത്. വിദേശ രാജ്യങ്ങളിലെ കമ്പനികളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി വിദേശത്ത് ബാങ്കുകളില്‍ നിക്ഷേപം നടത്താനുള്ള സഹായമാണ് മൊസാക് ഫൊന്‍സെക നല്‍കിവന്നത്. എന്നാല്‍ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്, സുഡോഷേ സേതുങ്, ദി ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കം നൂറോളം മാധ്യമങ്ങള്‍ നടത്തിയ രഹസ്യ നീക്കത്തിലാണ് വിവരങ്ങള്‍ പുറത്തെത്തിക്കാനായത്. എന്നാല്‍ ഇതില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഇന്ത്യക്കാരടക്കം നിഷേധിച്ചിരുന്നു. പനാമ പേപ്പറുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പരിശോധനയും അന്വേഷണവുമാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടത്.

2016ല്‍ വെളിച്ചത്ത് വരാതിരുന്ന ഇന്ത്യക്കാര്‍ വിദേശത്ത് ഉണ്ടാക്കിയ കമ്പനികളെ കുറിച്ചാണ് പുതിയ പനാമ രേഖകള്‍. പിവിആര്‍ സിനിമാസിന്റെ ഉടമ അജയ് ബിജ്‌ലി, ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, ഹൈക്ക് മെസഞ്ചര്‍ സിഇഒ ആയ സുനില്‍ മിത്തലിന്റെ മകന്‍ കവിന്‍ ഭാര്‍തി മിത്തല്‍, ഏഷ്യന്‍ പെയിന്റ്‌സ് സ്ഥാപകന്‍ അശ്വിന്‍ ധാനിയുടെ മകന്‍ ജലാജ് അശ്വിന്‍ ധാനി എന്നിവരുടേതടക്കമുളള പുതിയ രേഖകളാണ് പുറത്തുവന്നത്.
ഇന്ത്യക്കാര്‍ വിദേശത്തുണ്ടാക്കിയ കമ്പനികളോട് അവശ്യമായ വിവരങ്ങള്‍ എത്രയും പെട്ടെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മൊസാക് ഫൊന്‍സെക അയച്ച നോട്ടീസുകള്‍ അടക്കമുളള രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതില്‍ കമ്പനിയുടെ ഗുണഭോക്താവായ ഉടമസ്ഥന്റെ വിവരങ്ങളും പറയുന്നുണ്ട്.
നിയമപരമായ ചില കാര്യങ്ങളില്‍ പരാജയപ്പെട്ടത് കാരണം മൊസാക് ഫൊന്‍സെക ഒരു രജിസ്റ്റേഡ് ഏജന്റ് എന്ന നിലയില്‍ നിന്നും പുറത്തുപോവുകയാണെന്ന് കാട്ടി 90 ദിവസത്തെ നോട്ടീസും നല്‍കിയിട്ടുണ്ട്. അമിതാഭ് ബച്ചന്‍, ശിവ് ഖേമ്ക, ജഹാംഗിര്‍ സൊറാബ്ജി, ഡിഎല്‍എഫ് ഗ്രൂപ്പിന്റെ കെ പി സിങ്, അനുരാഗ് കെജ്‌രിവാള്‍, നവീന്‍ മെഹ്‌റ, ഹാജ്‌റ ഇഖാബാല്‍ മേമന്‍ എന്നിവര്‍ക്കൊക്കെ മൊസാക് ഫൊന്‍സെക നിരന്തരം സന്ദേശങ്ങള്‍ അയച്ച രേഖകളും പുറത്തുവന്നു.

2016ലെ വെളിപ്പെടുത്തലിന് പിന്നാലെ അമിതാഭ് ബച്ചനെ മൊസാക് ഫൊന്‍സെക ബന്ധപ്പെട്ടിരുന്നു. ലേഡി ഷിപ്പിങ് കമ്പനി ലിമിറ്റഡ്, ട്രഷര്‍ ഷിപ്പിങ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഡയറക്ടര്‍ എന്ന് സംബോധന ചെയ്താണ് മൊസാക് ബച്ചനെ ബന്ധപ്പെട്ടത്. മറ്റൊരു മൂന്നാം കമ്പനിയായ സീ ബള്‍ക്ക് ഷിപ്പിങ് കമ്പനി ലിമിറ്റഡിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ബ്രിട്ടന്‍ കേന്ദ്രമാക്കിയുളള മിനര്‍വ ട്രസ്റ്റ് വഴി 90 ദിവസത്തെ നോട്ടീസും അയച്ചിട്ടുണ്ട്. കമ്പനിയുടെ ഏജന്റ് എന്ന നിലയില്‍ നിന്നും വിട്ടു നില്‍ക്കുന്നതായി അറിയിച്ചായിരുന്നു ഈ നോട്ടീസ്.
പനാമ പേപ്പറുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ പരിധിയിലുളള ബച്ചന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് അയച്ച മെയിലിന് പ്രതികരിച്ചിട്ടില്ല. 2016ല്‍ രേഖകള്‍ പുറത്തുവന്നതോടെ വിദേശത്ത് കമ്പനികളുളള ചില ഇന്ത്യക്കാര്‍ മൊസാക് ഫൊന്‍സെകയോട് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ തങ്ങളുടെ ഏജന്റായി തുടരാന്‍ മൊസാക്കിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ലോകേഷ് ശര്‍മ്മയെ പോലെ ചിലര്‍ തങ്ങളുടെ നിക്ഷേപം കൂട്ടുകയും ചെയ്തു.