Janayugom Online
അറസ്റ്റിലായ സന്ദീപ്‌

എംഎല്‍എയെ അധിക്ഷേപിച്ച പഞ്ചായത്ത് അംഗം അറസ്റ്റില്‍

Web Desk
Posted on August 24, 2019, 8:14 pm

തൃശൂര്‍: ഗീതാഗോപി എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ചാണക വെള്ളം തളിച്ച് അധിക്ഷേപിച്ച കേസില്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗം അറസ്റ്റില്‍. ചേര്‍പ്പ് പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം പി സന്ദീപിനെയാണ് ഇരിങ്ങാലക്കുട ഡിവൈ എസ് പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയാണ് സന്ദീപ്.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടിക എംഎല്‍എ ഗീതാഗോപി കുത്തിയിരിപ്പ് സമരം നടത്തിയ ചേര്‍പ്പ് സിവില്‍ സ്റ്റേഷന് സമീപമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജൂലൈ 27 ന് ചാണകവെള്ളം തളിച്ചത്. നാട്ടിക മണ്ഡലത്തിലെ ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു എംഎല്‍എ സമരമിരുന്നത്.

ദളിത് എംഎല്‍എയായ തന്നെ ജാതീയമായി അധിക്ഷേപിക്കുന്നതിന് വേണ്ടിയാണ് ചാണകവെള്ളം തളിച്ചതെന്ന് കാണിച്ച് എംഎല്‍എയും സിപിഐ മണ്ഡലം സെക്രട്ടറി പി വി അശോകനും പരാതി നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം സുജിത് കുമാര്‍, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ വിനോദ് എന്നിവരും കേസിലെ പ്രതികളാണ്. എംഎല്‍എയെ അധിക്ഷേപിച്ചതില്‍ പട്ടികവിഭാഗ കമ്മിഷന്‍ സ്വമേധയാ കേസ്സെടുത്തിട്ടുണ്ട്.