September 30, 2022 Friday

പന്തിരിക്കരയിലെ സ്വർണ്ണക്കടത്തു കേസ്: അന്വേഷണ സംഘത്തെ നിയോഗിച്ചു

Janayugom Webdesk
പേരാമ്പ്ര
July 30, 2022 8:51 pm

പന്തിരിക്കരയിലെ സ്വർണ്ണക്കടത്തു കേസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്താനായി പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇർഷാദ് (26) നെ കാണാതായതുമായി ബന്ധപ്പെട്ട് പേരാമ്പ്ര എ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പെരുവണ്ണാമൂഴി പൊലീസ് ഇൻസ്പെക്ടർ കെ സുഷിർ ആണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ. അന്വേഷണ പുരോഗതി പേരാമ്പ്ര എ എസ് പി ദിവസേന വിലയിരുത്തും. പൊലീസ് സബ് ഇൻസ്പെക്ടർമാരായ ആർ സി ബിജു, ഹബീബുള്ള, കെ അബ്ദുൾ ഖാദർ, പി കെ സത്യൻ, രാജീവ് ബാബു, വി കെ സുരേഷ് എന്നിവരെയും അസിസ്റ്റന്റ് സർക്കിൾ ഇൻസ്പെക്ടർമാരായ ടി കെ മനോജ് കുമാർ, സി പി സിയാദ്, സി കെ ബാലകൃഷ്ണൻ എന്നിവരെയും സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ കെ ബേബി, കെ അജീഷ് കുമാർ, എൻ രതീഷ് എന്നിവരെയും സിവിൽ പൊലീസ് ഓഫീസർ എം.രഞ്ചിഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തെ നിയോഗിച്ചതായി ജില്ല പൊലിസ് മേധാവി ആർ കറുപ്പസാമി അറിയിച്ചു. സ്വർണ്ണ കടത്തുമായി ബന്ധപെട്ട് അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം പൊലിസ് സംഘത്തെ അപായപ്പെടുത്താൻ ശ്രമം നടത്തിയതായി പരാതി ഉയർന്നിരുന്നു.
സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശത്തിൽ പരാമർശിച്ച വ്യക്തിയെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് പന്തിരിക്കരയിലെത്തിയ പെരുവണ്ണാമൂഴി പൊലിസിനെയാണ് അപായപ്പെടുത്താൻ ശ്രമം നടന്നത്. സൂപ്പിക്കട സ്വദേശി ഷമീറിനെതിരെയാണ് പരാതി ഉയർന്നത്. വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയോടെ പെരുവണ്ണാമൂഴി പൊലിസ് ഷെമീറിന്റെ വീട്ടിലെത്തിയപ്പോൾ ഗ്യാസ് സിലിണ്ടറുകൾ തുറന്നിടുകയും കത്തിയുമായി ഭീഷണിപ്പെടുത്തുകയമായിരുന്നുവെന്നാണ് പരാതി. കൈ മുറിച്ച് ആത്മഹത്യാ ഭീഷണിയും മുഴക്കി. ഉടൻ പേരാമ്പ്ര അഗ്നി രക്ഷാസ്റ്റേഷനിലെ പി വിനോദിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് എത്തി. അതിനിടെ ഷമീർ ഓടി രക്ഷപ്പെടുകയായിരുന്നു. ഗ്യാസ് സിലിണ്ടറുകൾ രണ്ടുംപൊലിസ് കസ്റ്റഡിയിലെടുത്തു. ബഹളത്തിനിടെ ഓടി രക്ഷപ്പെട്ട ഷമിർ രാത്രി പൊലിസിൽ കീഴടങ്ങുകയായിരുന്നു.
ഇതിനിടെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പരാതി നൽകാൻ വൈകിയതിൽ വിശദീകരണവുമായി പിതാവ് നാസർ രംഗത്തെത്തി. പരാതി നൽകിയാൽ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മകന്റെ ഫോട്ടോയും ശവവും അയച്ച് തരാമെന്ന് പറഞ്ഞ് ഇന്നലെയും ഭീഷണിപ്പെടുത്തിയെന്നും നാസർ മാധ്യമങ്ങളോട് പറഞ്ഞു. ദുബായിൽ നിന്ന് നാട്ടിലെത്തിയ ഇർഷാദിനെ തട്ടിക്കൊണ്ട് പോയതിനു പിന്നില്‍ സ്വർണ്ണക്കടത്ത് സംഘമാണെന്ന് നാസർ ആരോപിച്ചു. മകന്റെ ജീവൻ അപകടത്തിലാണെന്ന് മാതാവ് നഫീസയും പറഞ്ഞു. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ ശേഷം വിവിധ നമ്പറുകളിൽ നിന്നും സ്വർണ്ണക്കടത്ത് സംഘം ബന്ധുക്കളെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഈ നമ്പറുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വിദേശത്ത് നിന്നും ഇർഷാദ് കൊണ്ടുവന്ന സ്വർണ്ണം ഷമീർ ഉൾപ്പെട്ട സംഘത്തിന് കൈമാറിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. 

Eng­lish Sum­ma­ry: Pandirikara gold smug­gling case: Inves­ti­ga­tion team appointed

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.