പണ്ഡിതന് ഇല്ലാത്ത ഗുണം

Web Desk
Posted on June 02, 2019, 10:34 am

സന്തോഷ് പ്രിയന്‍

ഒരിയ്ക്കല്‍ വില്ലുപുരം എന്ന രാജ്യത്ത് വില്ലാണ്ടന്‍ എന്നൊരു പണ്ഡിതന്‍ എത്തി. താനാണ് ലോകത്തിലെ ഏറ്റവും വലിയ പണ്ഡിതന്‍ എന്നാണ് വില്ലാണ്ടന്റെ വിചാരം. അതുകൊണ്ടുതന്നെ വലിയ അഹങ്കാരിയുമായിരുന്നു അയാള്‍.
നേരേ രാജസദസിലെത്തിയിട്ട് വില്ലാണ്ടന്‍ രാജാവിനോട് പറഞ്ഞു.
‘മഹാരാജന്‍, ഞാന്‍ ലോകത്തിലെ ഏറ്റവും വലിയ പണ്ഡിതനാണ്. പേര് വില്ലാണ്ടന്‍. എല്ലാഗുണങ്ങളും തികഞ്ഞവനാണ് ഞാന്‍. ഏതെങ്കിലും ഒരു ഗുണം എനിക്കില്ലെന്ന് തെളിയിച്ചാല്‍ ഞാന്‍ എന്റെ തല മൊട്ടയടിക്കാം. കാണട്ടെ ഈ രാജ്യക്കാരുടെ മിടുക്ക്’
അതുകേട്ട് വില്ലാണ്ടന്റെ വെല്ലുവിളി സ്വീകരിക്കാന്‍ ആരും തയ്യാറായില്ല. പേരുകേട്ട പണ്ഡതന്മാരെല്ലാം സദസില്‍ ഉണ്ടായിട്ടും തല കുനിച്ചിരുന്നതേയുള്ളു.
‘ഹും„ അയ്യയ്യേ നാണക്കേട്, ഈ വെല്ലുവിളി സ്വീകരിക്കാന്‍ ഇവിടെ ആരുമില്ലെന്നോ, ശൊ രാജ്യത്തിന് നാണക്കേടായല്ലോ.’ രാജാവ് ദേഷ്യം കൊണ്ടലറി. അപ്പോള്‍ ഒരു യുവാവ് അവിടെയത്തിയിട്ട് പറഞ്ഞു.
‘പ്രഭോ അടിയന്‍ ഈ പണ്ഡിതന്റെ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു.’
‘ഓഹോ, നല്ല കാര്യം, എന്താണ് നിന്റെ പേര്? ’
‘എന്റെ പേര് ജ്ഞാനയ്യന്‍.’
‘ഹും, എന്നാല്‍ തുടങ്ങിക്കോളൂ വില്ലാണ്ടനുമായി സംവാദം.’
അങ്ങനെ വില്ലാണ്ടനും ജ്ഞാനയ്യനും തമ്മില്‍ സംവാദം തുടങ്ങി. ജ്ഞാനയ്യന്‍ വില്ലാണ്ടനോട് പറഞ്ഞു. ‘ഹേ പണ്ഡിതാ, താങ്കള്‍ ഒരു ഗുണം പോലുമില്ലാത്തവനാണ്. വെറും മണ്ടന്‍, മരമണ്ടന്‍, നിങ്ങള്‍ പണ്ഡിതന്റെ വേഷം കെട്ടി വന്ന ഏതോ തട്ടിപ്പുകാരനാണ്.’
ജ്ഞാനയ്യന്റെ വാക്കുകള്‍ കേട്ട് വില്ലാണ്ടന്‍ കോപം കൊണ്ടുവിറച്ചു. അയാള്‍ ജ്ഞാനയ്യന്റെ നേരേ ചാടിക്കൊണ്ടുപറഞ്ഞു. ‘ഹെന്തു പറഞ്ഞെടാ മരമാക്രീ, നിന്നെ ഞാന്‍ ഇന്നു ശരിപ്പെടുത്തുമെടാ വിവരം കെട്ടവനേ.…’
അപ്പോള്‍ ജ്ഞാനയ്യന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. ‘ഇതാണ് അങ്ങേക്കില്ലാത്ത ഒരു ഗുണം- മറ്റുള്ളവര്‍ പറയുന്നത് കേട്ട് ക്ഷോഭിക്കാതിരിക്കുക എന്ന ഗുണം.….’
അതുകേട്ട് വില്ലാണ്ടന്‍ വല്ലാതെ നാണിച്ചുപോയി. ജ്ഞാനയ്യന്റെ ബുദ്ധിയെ കൊട്ടാരം സദസിലുണ്ടായിരുന്ന എല്ലാവരും പ്രശംസിച്ചു. വില്ലാണ്ടന്‍ തലയും മൊട്ടയടിച്ച് വേഗം സ്ഥലം വിട്ടു. ജ്ഞാനയ്യന് രാജാവ് ധാരാളം സമ്മാനങ്ങള്‍ നല്‍കി കൊട്ടാരത്തിലെ വിദൂഷകനായി നിയമിക്കുകയും ചെയ്തു.