പാഞ്ജിയ എന്ന ഏക ഭൂഖണ്ഡം

Web Desk
Posted on March 02, 2019, 3:08 pm

മഞ്ജുഷ വി എല്‍, എസ് എന്‍ കോളജ്, വര്‍ക്കല

ഇരുപത്തിയഞ്ച് കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അതായത് പെര്‍മിയര്‍ യുഗത്തില്‍, ഭൂമിയില്‍ ഒരേ ഒരു ഭൂഖണ്ഡമേ ഉണ്ടായിരുന്നുള്ളു എന്ന് കൂട്ടുകാര്‍ കേട്ടിട്ടുണ്ടോ? നമ്മുടെ ഭൂമിക്ക് പറയുവാന്‍ അങ്ങനെയൊരു ചരിത്രം കൂടിയുണ്ട്.

‘Present is the key to the past’ എന്ന ജിയോളജിസ്റ്റുകളുടെ തിയറിയനുസരിച്ച് ആല്‍ഫ്രഡ് ലോതര്‍ വെഗ്‌നര്‍ എന്ന ശാസ്ത്രജ്ഞന്‍ അദ്ദേഹത്തിന്റെ ‘The ori­gin of Con­tinestn and Oceans’ എന്ന ഗ്രന്ഥത്തില്‍ പാഞ്ജിയ എന്ന സൂപ്പര്‍ കോണ്ടിനെന്റിനെക്കുറിച്ച് പ്രതിപാദിക്കുന്നു. ഭൂഖണ്ഡങ്ങളുടെ സ്ഥാനഭ്രംശത്തെക്കുറിച്ചുള്ള പഠനത്തിനിടയിലാണദ്ദേഹം ഈ കണ്ടെത്തല്‍ നടത്തിയത്. ഈ ഭൂഖണ്ഡം നിലനിന്നിരുന്നത് പാലിയോസോയിക് യുഗത്തിന്റെ അവസാനത്തിനും മെസോസോയിക് യുഗത്തിന്റെ തുടക്കത്തിനുമിടയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ആ സൂപ്പര്‍ ഭൂഖണ്ഡത്തിന്റെ ചുറ്റിലുമുണ്ടായിരുന്ന സമുദ്രത്തെ പന്താലാസ എന്നും അറിയപ്പെട്ടിരുന്നു. ഇപ്പോള്‍ നാമറിയുന്ന ഏഴ് ഭൂഖണ്ഡങ്ങളുടെ മുന്‍കാല ചരിത്രത്തിന്റെ അടിസ്ഥാനം അനേ്വഷിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് വെഗ്‌നര്‍ പാഞ്ജിയ എന്ന ഒറ്റ ഭൂഖണ്ഡത്തെക്കുറിച്ചുള്ള അറിവ് നേടിയതെന്ന് മനസിലാക്കാം.
170 മില്യന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാഞ്ജിയ എന്ന ഒറ്റ ഭൂഖണ്ഡം ലൊറേഷ്യ, ഗോണ്ട്വാന എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.

140 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പായി ഇന്ത്യ, ആഫ്രിക്ക‑തെക്കേ അമേരിക്ക, അന്റാര്‍ട്ടിക്ക‑ആസ്‌ട്രേലിയ എന്നിങ്ങനെ മൂന്ന് പ്ലേറ്റുകളായി ഗോണ്ട്വാന വിഭജിക്കപ്പെട്ടു. ലൊറേഷ്യയാകട്ടെ വടക്കേ അമേരിക്കയും, യുറേഷ്യയുമായി രൂപാന്തരപ്പെട്ടു. വീണ്ടും 124 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയും തെക്കേ അമേരിക്കയും ചേര്‍ന്ന പ്ലേറ്റ് വിഭജിച്ച് ആഫ്രിക്കന്‍ ഭൂഖണ്ഡവും തെക്കേ അമേരിക്കന്‍ ഭൂഖണ്ഡവുമായിത്തീര്‍ന്നു. 55 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്റാര്‍ട്ടിക്കയും ആസ്‌ട്രേലിയയും ചേര്‍ന്ന പ്ലേറ്റ് വേര്‍പെട്ട് അന്റാര്‍ട്ടിക്ക ഭൂഖണ്ഡവും ആസ്‌ട്രേലിയ ഭൂഖണ്ഡവുമായി പരിണമിച്ചു. ഇന്ത്യയാകട്ടെ വടക്കുഭാഗത്തേക്ക് നീങ്ങി യുറേഷ്യയുമായി ഇടിച്ചുനിന്നു. 20 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അത് സംഭവിച്ചത്. മൂന്ന് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെക്കേ അമേരിക്ക വടക്കുകിഴക്കന്‍ മേഖലയിലേക്ക് നീങ്ങുകയുമാണുണ്ടായത്. ഈ ചലനങ്ങളുടെ സമയപരിധി വര്‍ഷത്തില്‍ ഏകദേശം 10നും 12നും ഇടയ്ക്ക് സെന്റീമീറ്റര്‍ ആണ്.

പാഞ്ജിയ എന്ന് വിളിക്കപ്പെട്ടിരുന്ന സൂപ്പര്‍ ഭൂഖണ്ഡത്തില്‍ കാലാവസ്ഥയും ഭൂപ്രകൃതിയും ഭക്ഷ്യലഭ്യതയുമാണ് വിവിധ ജീവജാലങ്ങളുടെ ആവാസകേന്ദ്രങ്ങളെ വേര്‍തിരിച്ചിരുന്നത്. ഈ ഭൂഖണ്ഡത്തിന്റെ മധ്യഭാഗത്തായി പ്രതേ്യകതരം സസ്യങ്ങള്‍ വളരുന്ന ഒരു മരുപ്രദേശമുണ്ടായിരുന്നു. പെര്‍മിയര്‍ യുഗം ജുറാസിക് യുഗത്തിനും വളരെ മുന്‍പാണുണ്ടായിരുന്നത്.

പെര്‍മിയര്‍ യുഗത്തില്‍ പാഞ്ജിയയിലെ മധ്യപ്രദേശത്ത് ഡൈനോസറുകളുടെ മുന്‍ഗാമി എന്ന് കരുതുന്ന കൂറ്റന്‍ ഉരഗമായ ‘പെറിയസോര്‍’ ജീവിച്ചിരുന്നു. ത്വക്കില്‍ പൊതിഞ്ഞ കൊമ്പുകളും പശുവിന്റെ വലിപ്പവുമുണ്ടായിരുന്ന ഇവകള്‍ സസ്യഭുക്കുകളായിരുന്നു. കാണ്ടാമൃഗത്തെ ഓര്‍മിപ്പിക്കുംവിധം പടച്ചട്ട പോലെയുള്ള ചര്‍മമായിരുന്നിവയ്ക്ക്. ഭൂഖണ്ഡം വളരെ വലുതെങ്കിലും മധ്യപ്രദേശത്തെ പരിസ്ഥിതിയുമായി മാത്രം പൊരുത്തപ്പെടാനേ ഈ ഉരഗത്തിന് കഴിഞ്ഞിരുന്നുള്ളു.

പെര്‍മിയര്‍ യുഗത്തിലെ മരുപ്രദേശം സ്ഥിതിചെയ്തിരുന്നത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വടക്കന്‍ നൈജറിലാണെന്നാണ് പെറിയസോറിന്റെ ഫോസിലുകള്‍ നല്‍കുന്ന സൂചന. ഈ യുഗത്തിനും അഞ്ച് കോടിയിലേറെ വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു. കൂറ്റന്‍ ഡൈനോസറുകളുടെ യുഗമെന്നറിയപ്പെടുന്ന ജുറാസിക് കാലഘട്ടം. ആറ് കോടിയിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഡൈനോസറുകള്‍ക്ക് വംശനാശം സംഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.