പാംഗോങ് ട്സോ: മലനിരകളിലെ സംഘർഷ തടാകം

Web Desk

ലേ:

Posted on June 17, 2020, 9:13 pm

മഞ്ഞുമൂടിയ പർവതങ്ങളാൽ നിറഞ്ഞ ലഡാക്കിൽ ഇതുവരെ വിനോദയാത്ര സാധ്യമാകാത്തവർക്കും മനോഹരമായ പാംഗോങ് ട്സോ വിവിധ ചലച്ചിത്രങ്ങളിലൂടെയും യാത്രാവിവരണങ്ങളിലൂടെയും സുപരിചിതമാണ്. ദിൽസേ, ത്രീ ഇഡിയറ്റ്സ് തുടങ്ങിയ ബോളിവുഡ് ഹിറ്റ് ചിത്രത്തിന്റെ രംഗങ്ങൾ ചിത്രീകരിച്ചത് ഇവിടെയായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി വിനോദസഞ്ചാരികളുടെ ശ്രദ്ധ ഏറെ ആകർഷിച്ച സ്ഥലമാണ് ലഡാക്കി ഭാഷയിൽ അര്‍ധ വൃത്താകൃതിയിലുള്ള തടാകം എന്നർത്ഥം വരുന്ന പാംഗോങ് ട്സോ.

പതിനായിരക്കണക്കിന് ആളുകളാണിപ്പോൾ പ്രതിവർഷം ഇവിടെയെത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന ഉപ്പുതടാകമെന്ന പ്രത്യേകതയാണ് പാംഗോങിനുള്ളത്. എന്നാൽ തടാകത്തിലെ ജലത്തിന്റെ ആഴത്തിനൊപ്പം ഇന്ത്യ‑ചൈന അതിർത്തിതർക്കവും നിലകൊള്ളുന്നു. തടാകത്തിലെ വെള്ളത്തിലൂടെയാണ് ഇവിടെ യഥാര്‍ത്ഥ നിയന്ത്രണ രേഖ (എൽഎസി) കടന്നു പോകുന്നത്. ഇത് കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല എന്നതാണ് തർക്കങ്ങൾക്ക് കാരണം. 135 കിലോമീറ്റർ നീളമുള്ള തടാകം ചൈന, ഇന്ത്യ, ചൈനയുടെ ഭാഗമായ ടിബറ്റ് എന്നിവിടങ്ങളിലായാണ് വ്യാപിച്ചു കിടക്കുന്നത്. മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ നീണ്ട തടാകത്തിന്റെ പരമാവധി വീതി അഞ്ചുകിലോമീറ്ററാണ്. ആകെ 700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ഇതിൽ 45 കിലോമീറ്റർ വടക്കൻ ഭാഗമാണ് ഇന്ത്യയുടെ അധീനതയിലുള്ളത്. ശേഷിക്കുന്ന ഭാഗത്തിന്റെ നിയന്ത്രണം ചൈന കയ്യടക്കിയിട്ടുണ്ട്. 1962 ലെ അനൗദ്യോഗിക വെടിനിർത്തലിന് ശേഷം 1993 ലാണ് ഇന്ത്യയും ചൈനയും എൽഎസി അംഗീകരിച്ചത്.

എന്നാൽ എൽഎസി കടന്നുപോകുന്ന സ്ഥലത്തെക്കുറിച്ച് ഇന്ത്യയും ചൈനയും വ്യത്യസ്ത അവകാശവാദമാണ് ഉന്നയിക്കുന്നത്. രേഖ 3,488 കിലോമീറ്റർ ആണെന്ന് ഇന്ത്യ പറയുമ്പോൾ 2,000 കിലോമീറ്റർ മാത്രമേയുള്ളൂവെന്ന് ചൈന ആരോപിക്കുന്നു. പാംഗോങ് തടാകത്തിന് ചുറ്റുമുള്ള മലമടക്കുകളെ എട്ട് ഭാഗമായി തിരിച്ചിട്ടുണ്ട്. ഫിംഗർ എന്നാണ് ഇത് അറിയപ്പെടുന്നത്. എൽഎസി കടന്നുപോകുന്നത് തടാകത്തിന്റെ കിഴക്കേയറ്റത്തുള്ള ഫിംഗര്‍ എട്ടിലൂടെയാണെന്ന് ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ വരെ ഇന്ത്യന്‍ സൈനികര്‍ പട്രോളിങ് നടത്താറുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ എൽഎസി കടന്നു പോകുന്നത് ഫിംഗര്‍ രണ്ടിലൂടെയാണെന്നാണ് ചൈനയുടെ വാദം. ചൈനീസ് സൈനികര്‍ പതിവായി ഫിംഗര്‍ നാലു വരെയായിരുന്നു പട്രോളിങ് നടത്താറുണ്ടായിരുന്നത്. എന്നാൽ അടുത്തിടെയായി ചൈനീസ് പട്ടാളം ഫിംഗര്‍ രണ്ടിലേക്കും കടന്നുകയറിത്തുടങ്ങി, ഇതാണ് സംഘര്‍ഷങ്ങള്‍ക്കു കാരണമായിരിക്കുന്നത്. ലഡാക്ക് ജനതയുടെ പൈതൃകത്തിന്റെ ഭാഗങ്ങളിലൊന്നായിട്ടാണ് പാംഗോങിനെ കണക്കാക്കുന്നത്. കൂടാതെ പ്രദേശത്തേക്ക് ആവശ്യമായ ഉപ്പുനിർമ്മാണത്തിലും പാംഗോങാണ് സ്രോതസ്സ്.

അതിനാൽ തന്നെ ചൈനീസ് കടന്നുകയറ്റത്തിനെതിരെ ഇന്ത്യൻ പട്ടാളത്തിന് പുറമെ പ്രാദേശികമായും എതിർപ്പുകൾ ഉയരാറുണ്ട്. ദെംചോക്, ചുഷുൽ എന്നിവിടങ്ങളിൽ ചൈനീസ് സൈന്യം എത്തിയപ്പോഴെല്ലാം ഇത്തരത്തിൽ സംഭവങ്ങളുണ്ടായിട്ടുണ്ട്. 1947 ൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നിലവിലുണ്ടായിരുന്ന അന്താരാഷ്ട്ര അതിർത്തിപ്രകാരം പാംഗോങ് തടാകത്തിന്റെ ഭൂരിഭാഗത്തും ഇന്ത്യയ്ക്ക് അധീനതയുണ്ടായിരുന്നുവെന്ന് മുൻ നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ എച്ച് എസ് പനാഗ് പറയുന്നു. 1960 ലാണ് ചൈന തങ്ങളുടെ പ്രദേശം ഫിംഗർ രണ്ടുവരെയാണെന്ന അവകാശവാദം ഉന്നയിക്കുന്നത്. 1962 ലെ യുദ്ധത്തിന് ശേഷം ഖുർനാക് കോട്ട വരെയുള്ള സ്ഥലം ചൈനയുടേതും സിരിജാപ് മേഖലവരെ ഇന്ത്യയുടേതും ആയിരുന്നുവെന്നും അദ്ദേഹം ദ പ്രിന്റിനോട് പറഞ്ഞു. ഖുർനാക് കോട്ട നിലവിൽ ഫിംഗർ എട്ടിലാണുള്ളത്. എന്നാൽ തടാകം ഇന്ത്യയ്ക്കെതിരെ ആക്രമണത്തിന് ഉപയോഗിച്ചേക്കാമെന്ന വാദം അദ്ദേഹം തള്ളുന്നു. ചുഷൂൽ മേഖലയിലൂടെ നിലവിൽതന്നെ ചൈനയ്ക്ക് ഇത് സാധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ENGLISH SUMMARY:Pan­gong Tso: Con­flict Lake in the moun­tains

YOU MAY ALSO LIKE THIS VIDEO