പങ്കജ മുണ്ടെ ബിജെപി വിടുന്നു

Web Desk
Posted on December 02, 2019, 10:27 pm

മുംബൈ: മഹാരാഷ്ട്ര ബിജെപി നേതാവ് പങ്കജ മുണ്ടെ പാർട്ടി വിട്ടേക്കുമെന്ന് സൂചന. നിയമസഭ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കുകയോ പാർട്ടിയിൽ മുതിർന്ന സ്ഥാനം നൽകുകയോ ചെയ്തില്ലെങ്കിൽ ശിവസേനയിലേക്ക് പോകുമെന്ന് പങ്കജ മുണ്ടെ മുന്നറിയിപ്പ് നൽകിയതായാണ് സൂചന. തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ബിജെപി നേതാവ് എന്ന വിശേഷണവും അവർ നീക്കിയിട്ടുണ്ട്.

ബിജെപിക്ക് മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് വലിയ രീതിയിലുള്ള പൊട്ടിത്തെറി മഹാരാഷ്ട്ര ബിജെപിയിലുണ്ടായത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ തന്റെ നിലപാടിൽ മാറ്റമുണ്ടാകും. അത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഡിസംബർ 12ന് നടത്തുമെന്നും പങ്കജ മുണ്ടെ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

പാർട്ടി വിടാതിരിക്കാൻ ചില ആവശ്യങ്ങളും അവർ മുന്നോട്ടുവച്ചിട്ടുണ്ട്. ഒന്നുകിൽ തന്നെ നിയമസഭാ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കണം. അല്ലെങ്കിൽ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം വേണം. ഇല്ലെങ്കിൽ ശിവസേനയിലേക്ക് പോകുമെന്നും തന്നോടൊപ്പം 12 എംഎൽഎമാരുണ്ടെന്നുമാണ് പങ്കജമുണ്ടെ അവകാശപ്പെടുന്നത്.
എൻസിപിയുടെ ധനഞ്ജയ് മുണ്ടെയോട് തെരഞ്ഞെടുപ്പിൽ പങ്കജ മുണ്ടെ തോറ്റിരുന്നു. ബിജെപി നേതാക്കളിൽ ചിലർ എതിരേ പ്രവർത്തിച്ചതാണ് തോൽവിക്ക് കാരണമെന്നാണ് ഇവരുടെ ആരോപണം. ഫഡ്നാവിസല്ല താനായിരിക്കും മുഖ്യമന്ത്രി എന്ന പ്രഖ്യാപനം ചില ബിജെപി നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇതാകാം വോട്ട് മറിക്കാനുള്ള കാരണമെന്നും ഇവർ ആരോപിക്കുന്നു.

ശിവസേന മുഖപത്രമായ സാമ്നയിൽ പങ്കജമുണ്ടെയുടെ അവകാശങ്ങൾ സ്ഥിരീകരിക്കുന്ന ചില റിപ്പോർട്ടുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 170 പേരല്ല 182ലേക്ക് ത്രികക്ഷി സർക്കാരിന്റെ പിന്തുണ പോകുമെന്ന് സാമ്നയിലെ ലേഖനത്തിൽ പറയുന്നുണ്ട്.