June 5, 2023 Monday

Related news

May 29, 2023
May 29, 2023
April 11, 2023
March 30, 2023
March 25, 2023
March 15, 2023
March 14, 2023
March 9, 2023
March 2, 2023
March 1, 2023

കോർപ്പറേറ്റുകളുടെ ആസ്തി വർധിപ്പിക്കുന്നതിനായുള്ള നടപടികളാണ് നരേന്ദ്ര മോഡി സർക്കാർ സ്വീകരിക്കുന്നത്; പന്ന്യൻ രവീന്ദ്രൻ

Janayugom Webdesk
കോഴിക്കോട്
February 5, 2020 8:50 pm

കോർപ്പറേറ്റുകളുടെ ആസ്തി വർധിപ്പിക്കുന്നതിനായുള്ള നടപടികളാണ് നരേന്ദ്ര മോഡി സർക്കാർ സ്വീകരിക്കുന്നതെന്ന് സി പി ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കേരള ചെത്ത് തൊഴിലാളി ഫെഡറേഷൻ (എ ഐ ടി യു സി) 20-ാം സംസ്ഥാന സമ്മേളനം കോഴിക്കോട് ടൗൺ ഹാളിലെ കെ ദാസൻ നഗറിൽ ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കേന്ദ്ര ബജറ്റിലും കുത്തക കോർപ്പറേറ്റുകൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുമ്പോൾ രാജ്യത്തെ അടിസ്ഥാന്നവർഗ്ഗത്തേയും തൊഴിലാളികളേയും പാടെ അവഗണിക്കുകയാണ്. ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ വ്യവസായങ്ങൾ ഒന്നൊന്നായി വിറ്റഴിക്കുന്നു. താൻ ഒരു നല്ല കച്ചവടക്കാരനാണെന്ന് നരേന്ദ്ര മോഡി ഇതിനകം തെളിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ തീരുമാനങൾ രാജ്യത്തെ പട്ടിണിപ്പാവങ്ങളെ കൂടുതൽ കൂടുതൽ പാപ്പരാക്കുന്നു. ഇവരുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരി അത് കുത്തക മുതലാളിമാർക്ക് ദാനം ചെയ്യുകയാണ്. നോട്ട് നിരോധന നവും ജി എസ് ടി യു മെല്ലാം രാജ്യത്തെ പാവപ്പെട്ട ജനവിഭാഗത്തിന്റെ ജീവിതച്ചെലവ് വർധിപ്പിക്കാൻ മാത്രമാണ് ഉപകരിച്ചത്.

ഐതിഹാസികമായ ഒട്ടേറെ പോരാട്ടങ്ങളിലൂടെ രാജ്യത്തെ തൊഴിലാളി വർഗ്ഗം നേടിയെടുത്ത അവകാശങ്ങൾ കേന്ദ്ര ഭരണകൂടം ഒന്നൊന്നായി കവർന്നെടുക്കുകയാണ്. ജോലി സ്ഥിരത ഇല്ലാതാക്കിയതോടെ മുതലാളിമാർക്ക് തൊഴിലാളികളെ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാമെന്ന അവസ്ഥയാണ്. ജനങ്ങളെ ബന്ദികളാക്കി ഭരിക്കുകയാണ് നരേന്ദ്ര മോഡി. ആർ എസ് എസ്സിന്റെയും സംഘപരിവാറിന്റെയും തീരുമാനങ്ങൾ നടപ്പിലാക്കുന്ന ഏജൻസി മാത്രമായി കേന്ദ്ര ഭരണകൂടം മാറി. രാജ്യത്തെ പ്രബലമായ പൊതുമേഖലാ സ്ഥാപനമായ ബി എസ് എൻ എൽ അടച്ചു പൂട്ടലിന്റെ വക്കിലാണ്. ലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഏക കക്ഷി ഭരണത്തിന്റെ വക്താക്കളായ ബി ജെ പി പ്രതിപക്ഷ ശബ്ദത്തെ ഭയക്കുകയാണ്. പൗരത്വ ഭേദഗതി നിയമം നമ്മുടെ ഭരണഘടനയുടെ ചട്ടക്കൂട് തന്നെ തച്ചുതകർക്കുന്നതാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യം മാത്രമുള്ള രാഷ്ട്രീയ കക്ഷിയാണ് ബി ജെ പി. ഹിന്ദുത്വ വാദം ഉയർത്തുന്ന ബി ജെ പിയ്ക്ക് രാജ്യത്തെ 75 ശതമാനം വരുന്ന ഹിന്ദുക്കളും എതിരാണെന്നതാണ് യാഥാർത്ഥ്യം. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് മോഡി സർക്കാർ പിന്തുടരുന്നത്. ഇതിനെതിരെ യോജിച്ച പ്രക്ഷോഭം ഉയർന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കള്ള് ചെത്ത് വ്യവസായം. അത് ഇന്ന് തകർച്ചയുടെ വക്കിലാണ്. സർക്കാർ കള്ളിന് അയിത്തം കല്പിക്കുകയാണ്. പ്രകൃതിദത്ത പാനീയമായ കള്ള് വിദേശികളെ ഉൾപ്പെടെ ആകർഷിക്കുമ്പോഴും വിദേശ മദ്യത്തിനാണ് ഇവിടെ പ്രാധാന്യം നൽകുന്നത്. കള്ള് ഷാപ്പുകൾക്ക് ദൂരപരിധി നിശ്ചയിക്കുമ്പോൾ വിദേശ മദ്യഷാപ്പുകൾക്ക് ഇതിൽ ഇളവ് ലഭിക്കുന്നു. ദൂരപരിധിയുടെ കാര്യത്തിലുള്ള ഈ വിവേചനം അവസാനിപ്പിച്ചേ മതിയാകൂവെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ വി ഉണ്ണികൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനും കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു) ജനറൽ സെക്രട്ടറിയുമായ എം സുരേന്ദ്രൻ, ഐ എൻ ടി യു സി നേതാവ് കെ കെ ശിവദാസ്, സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പങ്കജാക്ഷൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ കേരള ചെത്ത് തൊഴിലാളി ഫെഡറേഷൻ (എ ഐ ടി യു സി) ജനറൽ സെക്രട്ടറി ടി എൻ രമേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലൻ അധ്യക്ഷത വഹിച്ചു. കെ പി രാജേന്ദ്രൻ, കെ ജി പങ്കജാക്ഷൻ, ആശ ശശാങ്കൻ, ടി എൻ രമേശൻ തുടങ്ങിയവർ സംസാരിച്ചു. സി പി സദാനന്ദൻ സ്വാഗതവും കെ എൻ ഗോപി നന്ദിയും പറഞ്ഞു.ബാബു ഒലിപ്രം ഏകപാത്ര നാടകം അവതരിപ്പിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.

Eng­lish sumam­ry: Pan­niyan Raveen­dran says that Naren­dra Modi gov­ern­ment is tak­ing mea­sures to increase cor­po­rate asset.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.