കോട്ടയം: പൊലീസില്‍ ക്രിമിനലുകളും അലവലാതികളും കൂടുന്നുവെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്. കോട്ടയത്ത് നടന്ന സാംസ്ക്കാരിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരും അത്തരക്കാരല്ല, ക്രിമിനലുകളായവര്‍ പൊലീസ് സേനയ്ക്കാകെ അപമാനമുണ്ടാക്കുകയാണ്. അത്തരക്കാരെ സസ്പെന്റ് ചെയ്തിട്ട് യാതൊരു കാര്യവുമില്ല, മറിച്ച് പിരിച്ചുവിടുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്നവരെ സേനയില്‍ നിന്നും പിരിച്ചുവിട്ടാല്‍ മാത്രമേ പൊലീസ് നന്നാവൂ. കൂട്ടിക്കൊടുപ്പിനും, അവിഹിതത്തിനും, പിടിച്ചുപറിക്കും, ക്വട്ടേഷനും പേരുകേട്ടവരായി പൊലീസിലെ ഒരു വിഭാഗം ക്രമിനലുകള്‍ മാറിക്കഴിഞ്ഞു. അവരുടെ അതിക്രമങ്ങള്ക്കിരയാകുന്നവര്ക്കെതിരെകേസെടുക്കലാണ് ഇപ്പോള്‍ നടക്കുന്നത്. എഫ്ഐആര്‍ ഇടുന്നത് അവര്‍ തന്നെയാവുമ്പോള്‍ എന്തും ആകാമെന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിഷ്കൃതമായ കേരള സമൂഹത്തിലാണ് ഇതൊക്കെ നടക്കുന്നതെന്നോര്‍ക്കണം. ഓര്‍ഡര്‍ലി എന്ന പേരില്‍ അടിമപ്പണി ചെയ്യുന്നവരും പൊലീസിലുണ്ട്. പൊലീസിലാണ് ജോലി എന്നു പറഞ്ഞാല്‍ കെട്ടാന്‍ പെണ്ണു കിട്ടാത്ത സ്ഥിതിയാണ് നാട്ടിലുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. തെറ്റു ചെയ്താല്‍ സേനയെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നവര്‍ മുമ്പ് തലപ്പത്തുണ്ടായിരുന്നു. ഇന്ന് അതില്ലാത്തതാണ് കുഴപ്പം. മുമ്പ് നന്നായി ഫുട്ബോള്‍ കളിക്കുന്നവരെങ്കിലും ഉണ്ടായിരുന്നു കേരള പൊലീസില്‍. ദേശീയ കൗണ്‍സില്‍ നിന്നും ഒളിച്ച് താന്‍ കേരള പൊലീസിന്റെ കളി കാണാന്‍ പോയിരുന്നതും പന്ന്യന്‍ ഓര്‍മ്മിച്ചു.