Web Desk

മുരുക്കുംപുഴ

August 10, 2021, 11:54 am

പ്രേംകുമാർ ഉറച്ച നിലപാടുകളുള്ള ഉന്നത കലാകാരൻ: പന്ന്യൻ രവീന്ദ്രൻ

Janayugom Online

ഒരു സിനിമയിൽ ഒന്ന് മുഖം കാണിച്ചവർ മുതൽ പ്രമാണികളായ വലിയ താരങ്ങൾ വരെ പണത്തോടുളള അത്യാർത്തിയിൽ പരസ്യങ്ങളിൽ അഭിനയിക്കാൻ പരക്കം പായുന്ന കാലമാണിത്. എന്നിരിക്കെ, സിനിമയിൽ നായകവേഷങ്ങളുൾപ്പെടെ ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങൾചെയ്ത് പ്രേക്ഷകമനസ്സിൽ ഇടംനേടിയ മലയാളികളുടെ പ്രിയതാരം ശ്രീ. പ്രേംകുമാർ എത്ര പണം ലഭിച്ചാലും പരസ്യചിത്രങ്ങളിൽ അഭിനയിക്കില്ല എന്ന ശക്തമായ തീരുമാനമെടുത്ത് ഇന്നേവരെ ഒരു പരസ്യത്തിൽപ്പോലും അഭിനയിക്കാതെ ഇപ്പോഴും ആ നിലപാടിൽ ഉറച്ചുനിൽക്കുന്നു. കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുകയും സമൂഹത്തെയാകെ മലീമസമാക്കുകയും ചെയ്യുന്ന സീരിയലുകളിലും അഭിനയിക്കില്ല എന്ന ഉറച്ച നിലപാടുമൊക്കെ കലാലോകത്ത് മറ്റുള്ളവരിൽനിന്നും പ്രേംകുമാറെന്ന കലാകാരനെ വ്യത്യസ്തനാക്കുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരനെന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ അവരുടെ പക്ഷം നിന്ന് ലേഖനങ്ങളിലൂടെയും മറ്റും നിരന്തരം ശക്തമായി പ്രതികരിക്കുകയും ഇടപെടുകയും ചെയ്യുന്ന പ്രേംകുമാറിനെ കലാ — സാംസ്കാരിക രംഗങ്ങളിലുള്ളവർ എക്കാലവും മാതൃകയാക്കേണ്ടതാണ്.

സംസ്ഥാന മദ്യവർജന സമിതിയുടെ നൂറ്റിയൊന്നാം ലഹരിവിരുദ്ധ പ്രഭാഷണ വേദിയിൽ ചലച്ചിത്ര നടൻ പ്രേംകുമാറിന് ഈ വർഷത്തെ ഗാന്ധിസേവാ പുരസ്കാരം നൽകി ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുൻ എം.പി പന്ന്യൻ രവീന്ദ്രൻ. സിനിമ സാമൂഹിക‑സാംസ്കാരിക ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലെ സംഭാവനകൾ മാനിച്ചാണ് പ്രേംകുമാറിന് ഗാന്ധിസേവാ പുരസ്കാരം സമ്മാനിച്ചത്. സംസ്ഥാന മദ്യവർജന സമിതിയുടെ ഒന്നാമത്തെ ലഹരി വിരുദ്ധ പ്രഭാഷണം നടത്തി ഉദ്ഘാടനം നിർവഹിച്ചശേഷം നിരവധി വേദികളിൽ പ്രേംകുമാർ പ്രഭാഷണങ്ങൾ നടത്തിയിരുന്നു.

മുരുക്കുംപുഴ സെന്റ് അഗസ്റ്റ്യൻ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ. റസീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ. റസൽ സബർമതി ആമുഖപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ഷീല സ്വാഗതം പറഞ്ഞു. കവി കാര്യവട്ടം ശ്രീകണ്ഠൻനായർ, ഗുരുവായൂരപ്പൻ അസോസിയേറ്റ് ഡയറക്ടർ ഡോക്ടർ അനിൽകുമാർ, കുന്നത്തൂർ ജെ. പ്രകാശ്, സ്കൂൾ മാനേജർ അഡോൾഫ് കൈയാലയ്ക്കൽ, വാർഡ് മെമ്പർ സുനി മുരുക്കുംപുഴ, PTA പ്രസിഡന്റ് മീന അനിൽകുമാർ എന്നിവർ ആശംസകളർപ്പിച്ചു. യോഗത്തിൽ കോവിഡ് വാരിയർ അവാർഡ് നേടിയ പോലീസ് ഉദ്യോഗസ്ഥരായ ശ്രീ. പ്രദീപ്കുമാർ, ശ്രീ. നാസിമുദ്ദീൻ എന്നിവരെ ആദരിച്ചു. എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. മദ്യവർജ്ജന സമിതി ജില്ലാ സെക്രട്ടറി ശ്രീ. ഷാജി നന്ദി പറഞ്ഞു.

Eng­lish Summary:
Premku­mar is a high pro­file artist: Pan­nyan Raveendran