ബിജെപിക്കെതിരായ ബദലിന് വേണ്ടി ഇരുട്ടില്‍ തപ്പേണ്ട; പന്ന്യന്‍ രവീന്ദ്രന്‍

Web Desk
Posted on April 19, 2018, 9:26 pm

സി പി ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയിലേക്കുള്ള പതാക കയ്യൂര്‍ ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് കൈമാറി സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു

കയ്യൂര്‍: മോഡി നയിക്കുന്ന ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ബദലിന് വേണ്ടി ഇരുട്ടില്‍ തപ്പേണ്ടതില്ലെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയിലേക്കുള്ള പതാക കയ്യൂര്‍ ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് കൈമാറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ രാഷ്ട്രീയത്തിന് ദിശാബോധം നല്‍കിയ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ബിജെപി രാഷ്ട്രീയത്തിനെതിരെ ഇന്ത്യന്‍ ജനതയെ യോജിപ്പിച്ച് നിര്‍ത്താന്‍ ഒരു ബദല്‍ രാഷ്ട്രീയ രേഖ 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. ഇടതുപക്ഷ കക്ഷികളുടെ ശക്തമായ യോജിപ്പും മതനിരപേക്ഷ കക്ഷികളുടെ പൊതുവായ പ്ലാറ്റ് ഫോമുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ ഇന്ന് ഭയത്തോടുകൂടി അല്ലാതെ ആര്‍ക്കും സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. കാശ്മീരില്‍ എട്ടുവയസ്സുകാരിയായ ബാലികയെ ക്ഷേത്രത്തിനകത്ത് വച്ച് അറുപത്തിയെട്ടുകാരനായ പൂജാരിയും പൊലീസുകാരും ഉള്‍പ്പെടെ ക്രൂരമായി പീഡിപ്പിച്ചപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറാവാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഈ പൈശാചിക സംഭവത്തില്‍ ഇന്ത്യ മുഴുവന്‍ നടുങ്ങിയിട്ടും നരേന്ദ്ര മോഡി പ്രതികരിച്ചില്ല. എന്നാല്‍ അന്യ സംസ്ഥാനക്കാരനായ തൊഴിലാളി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ കേരള മുഖ്യമന്ത്രി പരസ്യമായി മാപ്പുപറയാന്‍ തയ്യാറായി. അതാണ് രണ്ടും തമ്മിലുള്ള വ്യത്യാസം. അതാണ് ഇന്ത്യക്ക് ഒരു ബദല്‍ കേരളമാണെന്ന് പറയുന്നത്. അധ്വാനിക്കുന്നവര്‍ക്കും തൊഴിലാളികള്‍ക്കും താങ്ങായുള്ള ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സിനിമാ താരം പ്രകാശ് രാജ് കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞത്. ഭയമില്ലാതെ യാത്ര ചെയ്യാന്‍ പറ്റുന്ന ഇന്ത്യയിലെ ഒരെ ഒരു സംസ്ഥാനം കേരളമാണെന്നാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയാല്‍ കൈമണപ്പിച്ച് നോക്കി പശുമാംസമാണ് കഴിച്ചതെന്ന് പറഞ്ഞ് ആളുകളെ കൊല്ലുന്ന ഒരു ഗുണ്ടാസംഘമാണ് രാജ്യം ഭരിക്കുന്നത്. ഈ ഗുണ്ടാ സംഘത്തിന്‍റെ പേരാണ് ആര്‍എസ്എസ്. രാജ്യത്ത് വര്‍ഗീയതയുടെ വിഷം വിതച്ച് പ്രസംഗിച്ച് നടന്ന വിഎച്ച്പി നേതാവിന് പോലും മോഡിയോട് തെറ്റിയതിന്‍റെ പേരില്‍ ജീവന് രക്ഷയില്ലാതായിരിക്കുകയാണ്.

കയ്യൂര്‍ സമര സഖാക്കള്‍ തൂക്കിലേറിയ അതേ രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളത്. എട്ടുവയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങളെപോലും പിടിച്ചുകൊല്ലുന്ന രാക്ഷസന്‍മാര്‍ക്ക് സഹായം ചെയ്യുന്ന ഭരണകൂടമാണ് ഇന്നുള്ളത്. ഈ കൊടുംപാതകം ചെയ്തവരെ പോലും സംരക്ഷിക്കാനാണ് രണ്ട് ബിജെപി മന്ത്രിമാര്‍ ശ്രമിച്ചത്. പഴയ കാലവും പുതിയ കാലവും ഇതുവച്ച് താരതമ്യം ചെയ്യാനാവും. പഴയകാലത്ത് ഭരണാധികാരി വര്‍ഗവും ജന്മിത്തവും നാടുവാഴിത്തവും ഒന്നിച്ചാണ് സാധാരണക്കാരെ ചൂഷണം ചെയ്തത്. ഇതിനെതിരെ പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പോരാടിയതെന്നും അദ്ദേഹം പറഞ്ഞു.