25 April 2024, Thursday

Related news

April 11, 2024
April 2, 2024
March 20, 2024
March 18, 2024
March 6, 2024
March 1, 2024
March 1, 2024
March 1, 2024
February 22, 2024
February 7, 2024

കാല്‍പ്പന്ത് കളിയുടെ നവരസങ്ങള്‍ ; പന്ന്യൻ എഴുതുന്നു

Janayugom Webdesk
August 22, 2021 9:16 pm

കോപ്പയും യൂറോയും കഴിഞ്ഞ ആവേശത്തിൽ ലോക ഫുട്ബോൾ രംഗം കൂടുമാറ്റത്തിന്റെ ശ്രദ്ധയിലായിരുന്നു. മെസിയുടെ ക്ലബ്ബ് മാറ്റമാണ് ലോകം ഏറ്റവുമധികം ചർച്ച ചെയ്തത്. ഇരുപത്തിയൊന്ന് വർഷക്കാലത്തെ ക്ലബ്ബ് ജീവിതത്തിൽ നിന്നുള്ള വഴിപിരിയൽ വികാരപരമായിരുന്നു. താരവും ആരാധകലോകവും ഒരുമിച്ചു കണ്ണീർ വീഴ്ത്തിയ രംഗം ചരിത്രത്തിന്റെ ഭാഗമാണ്. മെസിയുടെ വിടവാങ്ങൽ പത്രസമ്മേളനത്തിൽ അദ്ദേഹം വിതുമ്പിയ രംഗമാണ് വികാരപരമാക്കിയത്. കണ്ണീരു തുടച്ച ടിഷ്യൂ പേപ്പർ ഇപ്പോള്‍ മാർക്കറ്റിൽ വിൽപനക്ക് വച്ചിരിക്കുന്നു. ഒരാരാധകനാണ് ടിഷ്യൂ കരസ്ഥമാക്കിയത്. ഇപ്പോൾ അതിന് ഏഴേമുക്കാൽ കോടി രൂപ വില വാഗ്ദാനം ചെയ്തു കഴിഞ്ഞു.

പേപ്പറിന് വില ഇനിയും കൂടുമെന്ന് വാർത്തയുണ്ട്. കാൽപന്ത് കളിയിൽ ആവേശം കൂടി ഭ്രാന്തമായ തലത്തിലേക്ക് മാറുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇടയ്ക്ക് ഒളിമ്പിക്സ് ഫുട്ബോൾ മത്സരങ്ങൾ കലാശിച്ചപ്പോൾ പതിവില്ലാത്ത വിധം ആവേശം കാണാനിടയായി. അഞ്ചു വർഷം മുമ്പാണ് ഒളിമ്പിക്സ് ഫുട്ബോളിൽ കാനറിപ്പടയുടെ നായകന്‍ നെയ്മർ നേടിയ വേഗതയേറിയ ഗോളിന്റെ അഞ്ചാം വാർഷികം ആഘോഷിച്ചത്. പതിനാല് സെക്കന്റിലാണ് നെയ്മർ ഗോൾ നേടിയത്. ലെഫ്റ്റ് വിങ്ങിൽനിന്നും ക്രോസായി വന്ന പന്ത് കണക്റ്റ് ചെയ്യുവാൻ മുന്നോട്ട് കയറിയ ഗോളിയെ ഡ്രിബ്ൾ ചെയ്തു കൊണ്ടാണ് നെയ്മർ പന്ത് വലയിലെത്തിച്ചത്.

ഇന്ത്യയുടെ രക്ഷാഭടന്‍ യൂറോപ്പിൽ പ്രിയം

ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളുടെ മണിത്തൊട്ടിലിൽ ആ­രും ഗൗനിക്കാത്ത രാജ്യമാണ് ലോക റാങ്കിങ്ങിൽ 105-ാം സ്ഥാനക്കാരായ ഇന്ത്യ. എന്നാ­ൽ ഇന്ത്യൻ താരങ്ങളുടെ കളി ലോകശ്രദ്ധയിൽ വരുന്നത് ശുഭസൂചകമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്തുള്ള ഡിഫന്റർ സന്ദേശ് ജിങ്കാൻ യൂറോപ്യൻ ക്ലബ്ബിൽ കളിക്കുന്നതിന് എഗ്രിമെന്റ് സൈൻ ചെയ്തിരിക്കുകയാണ്. ക്രൊയേഷ്യയിലെ എച്ച്എൻകെ ഡിബേനിക്ക് എന്ന എ ഡിവിഷൻ ക്ലബ്ബിലാണ് ജിങ്കാൻ ബൂട്ട് കെട്ടുന്നത്. യൂറോപ്പിൽ ഒരിടം നേടുന്നത് ലോക ഫുട്ബോളിൽ ഒരു ചുവട് വയ്പ് കൂടിയാണ്. ലാറ്റിനമേരിക്കയിലും, ആഫ്രിക്കയിലും, തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള കളിക്കാരുടെ ആശാ കേന്ദ്രമാണ് യൂറോപ്യൻ ക്ലബ്ബുകൾ.

ഏ­ഷ്യൻമേഖലയിൽ നിന്നാണ് കാര്യമായി കളിക്കാരുടെ സാന്നിധ്യം ഇവിടങ്ങളിൽ ഇല്ലാതിരുന്നത്. ഐ എസ് എൽ മത്സരങ്ങളും വിദേശകളിക്കാരുടെ സാന്നിധ്യവും മത്സരങ്ങളുടെ ടി വി സംപ്രേക്ഷണവും കളിക്കാരെപ്പറ്റി പഠിക്കുവാൻ അവർക്കെല്ലാം അവസരം ലഭിച്ചു. ഇന്ത്യൻ താരങ്ങളുടെ പെർഫോമെൻസ് പ്രമുഖ ക്ലബ്ബുകളുടെ ശ്രദ്ധയിലുണ്ടെന്നതിന്റെ സൂചനയാണ് ജിങ്കാന്റെ ക്രൊയേഷ്യൻ കുടിയേറ്റം.

ഡ്യൂറന്റ് കപ്പിൽ പന്തുരുളുമ്പോൾ

ഇന്ത്യൻ ഫുട്ബോളിലെ നീല റിബ്ബണെന്നാണ് ഡ്യൂറന്റ് കപ്പിനെ വിശേഷിപ്പിക്കുന്നത്. പതിനാറ് ടീമുകൾ നേരിൽ കാണുന്ന ഗ്രൂപ്പ് മത്സരങ്ങൾക്ക് കൊടി ഉയരുകയാണ്. സെപ്റ്റംബർ അഞ്ചിന് മത്സരങ്ങൾക്ക് തുടക്കമാകും. കേരളത്തിൽ നിന്ന് മുൻ ജേതാക്കളായ ഗോകുലവും കേരള ബ്ലാസ്റ്റേഴ്സുമാണ് പൊരുതുന്നത്. എ ബി സി ഡി എന്നീ നാലുഗ്രൂപ്പുകളിലായി മത്സരിച്ചു കൂടുതൽ പോയിന്റ് നേടുന്ന എട്ടു ടീമുകൾ ഫൈ­നൽ റൗണ്ടിൽ എത്തും. ഗ്രൂപ്പ് എ­യിൽ മൊഹമ്മദൻ സ്പോർട്ടിങ്ങ്, ബംഗളൂർ യുണൈറ്റഡ്, ഇന്ത്യൻ എയർഫോഴ്സ്, സി ആർ പി എഫ് എന്നിവയും, ബിയിൽ എഫ് സി ഗോവ, ജാംഷഡ്പുർ, സുദേവ ഡൽഹി, ആർമി ഗ്രീൻ എന്നിവയും സിയിൽ ബംഗളൂർ എഫ് സി, ഡൽഹി എഫ് സി, ഇന്ത്യൻ നേവി, കേരള ബ്ലാസ്റ്റേഴ്സ് എന്നിവയും ഡി യിൽ ഗോകുലം, ഹൈദരബാദ് എഫ് സി, ആർമി റെഡ്, ആസാം റൈഫിൾ എന്നിവയും മത്സരിക്കുന്നു.

കഴിഞ്ഞ ചിലവർഷങ്ങളായി ഇന്ത്യൻ ഫുട്­ബോളിൽ കടന്നു വരുന്ന പ്രൊഫഷണൽ പ്രവണതകൾ ഗുണപരമായ നിലയിലേക്ക് വളർന്നു വരുന്നത് കൗതുകമുണർത്തുന്നുണ്ട്. ബ്ലാസ്റ്റേഴ്സും ഗോകുലവും സെമി പ്രൊഫഷണൽ രീതിയിൽ കടന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ബ്ലാസ്റ്റേഴ്സും യുണൈറ്റഡ് കേരളയും തമ്മിലുള്ള സൗഹൃദ മത്സരം ഉയർന്ന നിലവാരം പുലർത്തുന്നതായിരുന്നു. വിദേശ ക്ലബ്ബിന്റെ സഹായത്തിൽ പ്ര­വർത്തിക്കുന്ന യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒരു ഗോളിന് വിജയം സ്വന്തമാക്കി.

Eng­lish sum­ma­ry;  pan­nyan writes on football

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.