Web Desk

കൊച്ചി:

November 02, 2020, 5:06 pm

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: ശാസ്ത്രീയ പരിശോധനാഫലം നിർണായകമെന്ന് എൻഐഎ

Janayugom Online

സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ യുഎപിഎ നിലനിർത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). യുഎപിഎ രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് സംസ്ഥാന പോലീസിനു ലഭിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം വേഗത്തിലാക്കാൻ ഡിജിപിക്കു എൻഐഎ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഫോറൻസിക് പരിശോധനാഫലം മാവോയിസ്റ്റ് ബന്ധം തെളിയിക്കാവുന്ന നിർണായക രേഖയാവുമെന്നാണ് എൻഐഎ കരുതുന്നത്. യുഎപിഎ വിടാതെ നിലവിൽ ജാമ്യത്തിലിറങ്ങിയ രണ്ട് യുവാക്കൾക്കെതിരേ എൻഐഎ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ല. അതേസമയം ഇരുവർക്കുമെതിരേ സംസ്ഥാന സർക്കാർ ചുമത്തിയ യുഎപിഎ നിലനിർത്താൻ എൻഐഎ തെളിവുകൾ ശേഖരിക്കുന്നുണ്ട്. യുവാക്കളിൽ ഒരാളുടെ വീട്ടിൽനിന്നു ലഭിച്ച പെയിൻറാണ് നിർണായകമായ തെളിവ്. ഈ പെയിൻറ് ഉപയോഗിച്ചു മാവോയിസ്റ്റ് അനുകൂല ബാനർ എഴുതിയിരുന്നു.

ഫോറൻസിക് പരിശോധനക്കായി ഈ ബാനറും അയച്ചിട്ടുണ്ട്. ബാനറിൽ എഴുതാനുപയോഗിച്ച മഷി തന്നെയാണ് യുവാക്കളിൽ ഒരാളുടെ വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തതെന്നു തെളിഞ്ഞാൽ അതു നിർണായക തെളിവാകുമെന്നാണ് എൻഐഎ കരുതുന്നത്. ഒരു വർഷമായിട്ടും പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഉസ്മാൻ ഇപ്പോഴും ഒളിവിൽ കഴിഞ്ഞ വർഷം നവംബർ രണ്ടിനായിരുന്നു സിപിഎം പ്രവർത്തകരായ അലൻ ഷുഹൈബിനെയും താഹാ ഫസലിനെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു പിന്നീടു പോലീസ് യുഎപിഎ ചുമത്തുകയും ചെയ്തു. യുഎപിഎ ചുമത്തിയതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുകയും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസ് ഏറ്റെടുക്കുകയുമായിരുന്നു. അന്വേഷണത്തിനൊടുവിൽ ഏപ്രിലിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. അലൻ ഒന്നാംപ്രതിയും താഹ രണ്ടാം പ്രതിയുമായാണ് കുറ്റപത്രം തയാറാക്കിയത്. മൂന്നാംപ്രതി ഉസ്മാൻ ഒളിവിലാണ്. ജാമ്യം അനുവദിക്കമെന്ന പ്രതികളുടെ നിരന്തരമായുള്ള ഹർജിക്കൊടുവിൽ സെപ്റ്റംബർ ഒന്‍പതിന് എൻഐഎ കോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.

ENGLISH SUMMARY: Pan­teer­ankavu Maoist case: NIA says sci­en­tif­ic test results crucial

YOU MAY ALSO LIKE THIS VIDEO