Web Desk

എടപ്പാള്‍

January 03, 2021, 10:59 am

പന്താവൂര്‍ കൊലപാതകം; മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചു

Janayugom Online

മലപ്പുറം പന്താവൂരിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്താനായി ഇന്ന് വീണ്ടും തിരച്ചിൽ തുടങ്ങി. ഇർഷാദിന്റെ മൃതദേഹം തള്ളിയെന്ന് പ്രതികൾ പറഞ്ഞ കിണറ്റിൽ ഇന്നലെ പകൽ മുഴുവൻ തിരഞ്ഞിട്ടും ഫലമുണ്ടായില്ല. പന്താവൂരിനടുത്ത് നടുവട്ടത്തെ മാലിന്യങ്ങൾ തള്ളുന്ന കിണറ്റിൽ കൊന്ന് കൊണ്ടുപോയി തള്ളി എന്നാണ് പ്രതികൾ പറഞ്ഞത്. മൃതദേഹത്തിനായി മാലിന്യം നീക്കി കിണറ്റിൽ തന്നെ തിരയാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്.

എടപ്പാള്‍ കിഴക്കേവളപ്പില്‍ ഹനീഫയുടെ മകന്‍ ഇര്‍ഷാദി(25 )നെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയതാണെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു. വട്ടംകുളം സ്വദേശികളായ അധികാരത്തുപാടി സുഭാഷ് (35), മേനോന്‍പറമ്പില്‍ എബിന്‍ (27) എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്‌പി സുരേഷ് ബാബു നേതൃത്വത്തില്‍ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. യുവാവിന്റെ മൃതദേഹത്തിനായുള്ള തെരച്ചില്‍ ഇന്ന് വീണ്ടും തുടരും. പ്രതികള്‍ മൃതദേഹം ഉപേക്ഷിച്ചെന്ന് മൊഴി നല്‍കിയ കിണറ്റില്‍ ഇന്നലെ രാവിലെ ഒമ്പതുമണിക്കാണ് തെളിവെടുപ്പ് തുടങ്ങിയത്.

ആറുമാസം മുമ്പ് മൃതദേഹം ഉപേക്ഷിച്ചുവെന്ന് പറയപ്പെടുന്ന കിണറ്റില്‍ ടണ്‍കണക്കിന് മാലിന്യമാണ് കുമിഞ്ഞ് കൂടിയിട്ടുള്ളത്. എടപ്പാള്‍ സ്വദേശിയും പന്താവൂരില്‍ താമസക്കാരനുമായ കിഴക്കെ വളപ്പില്‍ ഹനീഫയുടെ മകന്‍ ഇര്‍ഷാദിനെ 2020 ജൂണ്‍ 11ന് രാത്രി ഒമ്പതിന് ശേഷമാണ് വീട്ടില്‍ നിന്ന് കാണാതായത്. ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് രാത്രി വീട്ടില്‍ നിന്നിറങ്ങിയ ഇര്‍ഷാദിനെ കുറിച്ച് ഒരു ദിവസം കഴിഞ്ഞും വിവരം ലഭിക്കാതെ വന്നതോടെ പിതാവ് ചങ്ങരംകുളം പൊലീസിന് പരാതി നല്‍കിയിരുന്നു.

പുതിയ മൊബൈല്‍ വിലകുറച്ച് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നാട്ടുകാരായ പല സുഹൃത്തുക്കളില്‍ നിന്ന് പണം സ്വരൂപിച്ച ശേഷം യുവാവിനെ കാണാതായത് അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. ഇര്‍ഷാദിനെ കാണാതായ സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് ഇര്‍ഷാദിന്റെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം ആറുമാസം നീണ്ട അന്വേഷണത്തിലൊടുവിലാണ് ഇര്‍ഷാദിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തിയത്.
Eng­lish sum­ma­ry: Pan­thavoor mur­der case followup
You may also like this video: