കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘം കോഴിക്കോട്ടെത്തി. എൻഐഎ കൊച്ചി യൂണിറ്റ് എസ് പി രാഹുൽ, ഡി വൈ എസ് പി വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് എത്തിയത്. സംഘം സിറ്റി പോലീസ് കമ്മിഷണർ എ. വി. ജോർജ്ജുമായി കൂടിക്കാഴ്ച നടത്തി. അതേസമയം കേസ് എൻഐഎ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ഇതുവരേയും സിറ്റി പോലീസിന് ലഭിച്ചിട്ടില്ല.
ഉത്തരവ് അടുത്ത ആഴ്ച ലഭിക്കുമെന്നാണ് അറിയുന്നത്. ഇതിന് ശേഷം കേസ് ഫയലുകളും അനുബന്ധ രേഖകളും എൻഐഎയ്ക്ക് കൈമാറും.
സംസ്ഥാനത്തിനകത്ത് മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഇപ്പോഴും സജീവമാണെന്നും യുവാക്കൾക്കും മുഖ്യാധാര രാഷ്ട്രീയ പാർട്ടി അംഗങ്ങൾക്കും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം എൻഐഎ സംസ്ഥാന ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതേതുടർന്നാണ് ഇപ്പോൾ ലോക്കൽ പോലീസ് അന്വേഷിക്കുന്ന കേസ് എൻഐഎക്ക് കൈമാറൻ തീരുമാനമായത്.
നവംബർ രണ്ടിനാണ് സിപിഎം പ്രവർത്തകരായ അലൻമുഹമ്മദ്, താഹഫസൽ എന്നിവരെ സംശയാസ്പദമായ സാഹചര്യത്തിൽ പന്തീരാങ്കാവ് പോലീസ് പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ആൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. ഇരുവരുടേയും കൈയിലുള്ള ബാഗുകൾ പരിശോധിച്ചതിൽ നിന്നാണ് ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസിന് വ്യക്തമായത്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും മറ്റും കണ്ടെത്തി. ഇതോടെ ഇരുവർക്കുമെതിരേ യുഎപിഎ ചുമത്തി കേസെടുക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്നത് പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശി ഒടോമ്പറ്റ മേലേതിൽ ഉസ്മാനാണെന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. തൃശൂർ, വയനാട്, മലപ്പുറം ജില്ലകളിലായി ഉസ്മാന്റെ പേരിൽ അഞ്ച് യുഎപിഎ കേസുകളുണ്ട്. മറ്റു ചില കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.