സുരേഷ് നാരായണൻ

July 18, 2021, 4:50 am

കവിതകളുടെ ഒരു പിടിവറ്റ്

Janayugom Online

ണിതശാസ്ത്രാധ്യാപകനാണ് അജയ് നാരായണൻ. ‘പരാബോള’ എന്ന പേര് കേൾക്കുമ്പോഴേ നമുക്കാ കണക്ഷൻ പിടികിട്ടും. മുപ്പതോളം കവിതകളുള്ള അദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാരത്തില്‍ ചില കവിതകളൊക്കെ നമുക്കൊരു തരിപ്പ് സമ്മാനിക്കുന്നുണ്ട്. ഒരു ഗണിതശാസ്ത്ര പ്രശ്നം നിർധാരണം ചെയ്യുന്ന രീതിയിൽ പടിപടികളായി ഇപ്പുസ്തകം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ജീവിതം തന്നെ ഒരു സങ്കീർണ്ണ ഗണിതശാസ്ത്ര പ്രഹേളികയാണല്ലോ!

‘ബർഗർ ഉണ്ടാക്കുന്നത്’ എന്ന കവിതയാണ് നമ്മെ ആദ്യം വന്നു തൊടുന്നത്. ഒരു ബുദ്ധനെപ്പോലെ അതിന്റെ നിർമ്മിതി കണ്ടാസ്വദിക്കുന്നു കവി. തുടർന്ന്,

‘ബർഗർ വിൽക്കുന്ന എഴുത്തുകാരാ,

കടം തരുമോ നിന്റെ ആത്മാവിൽ-

കൊളുത്തിവെച്ചൊരു കവിത എനിക്കുകൂടി’

എന്നെഴുതിപ്പോകുന്നു. ‘ഹുസുനൂൽ ജമാലി‘ൽ ആകട്ടെ കൗമാര കുതൂഹലം നിറഞ്ഞു കവിഞ്ഞു വഴിഞ്ഞൊഴുകുന്നു.

ചിത്രകാരന്റെ കുപ്പായം എടുത്തണിയുന്നുണ്ട് ‘മുഖം‘എന്ന കവിതയിൽ. നെഞ്ചിലെ വടുവിന്റെ തിളക്കം നിർന്നിമേഷനായ്

കാട്ടിത്തരുന്നു.

അമ്പത്തിയൊന്നാം പേജാകട്ടെ പ്രണയത്തിൻറെ ദിവ്യബലിക്കല്ലാണ്! ‘വസ്ത്രങ്ങൾ ദേഹിയിൽ നിന്ന് പറിച്ചെടുത്ത് യാചകന് കൊടുക്കുമ്പോൾ’ അങ്ങനെയാകാതെ തരമില്ലല്ലോ. തടാകക്കരയെ സാക്ഷിനിർത്തി, ‘തോഴാ നമുക്കിനി പ്രണയം നഷ്ടമാക്കാം’ എന്നു വിലപിക്കുമ്പോൾ തൂവലുകൾ കരിയുന്ന മണം വരുന്നുണ്ട്. (കവിത- പ്രണയം വേണ്ടാത്ത ഭൂമി)

മൂന്നാം ഭാഗത്തിൽ കുറേക്കൂടി ശക്തമായി കവി സ്വയം അടയാളപ്പെടുത്തുന്നുണ്ട്. ‘മധു വചനങ്ങൾ’ എന്ന കവിതക്ക് ഒരു ബ്രഹ്മാസ്ത്രത്തിൻറെ ശക്തിയുണ്ട്! (‘പാദുകം ഇല്ലാതെ വൈദേഹിയില്ലാതെ നീ ഒടുങ്ങട്ടെയീ കാട്ടിൽ’). എങ്കിലും ‘ഏൻ ഒന്നുമറിഞ്ഞതല്ലേ’ എന്ന അടുത്ത കവിതയുടെ വളർച്ചാകോശങ്ങളെ കവി അറിഞ്ഞോ അറിയാതെയോ മുറിച്ചുമാറ്റുന്നുമുണ്ട്.

അതിനുള്ള പ്രായശ്ചിത്തം ആണെന്നു തോന്നുന്നു ‘ധർമ്മക്ഷേത്രം’, ‘കണ്ണകിയുടെ നാട്ടിൽ’ എന്ന അടുത്ത രണ്ടു കവിതകൾ.

ദൈവനിസ്സംഗതയുടെ വാഴ്ത്തു പാട്ടാണ് ആദ്യത്തേത് എങ്കിൽ നാടകരൂപം പൂണ്ട കാവ്യജ്വാലയാണ് അടുത്തത്. ഒരഭൗമ സംഗീത ശില്പത്തിൻ ബീജരൂപം ഇതിലൊളിച്ചിരിക്കുന്നുണ്ട്.

“എന്റെ കാതെവിടെ

കണ്ണെവിടെ

നാവെവിടെ കൂട്ടരേ”

എന്ന ചോദ്യത്തിലൂടെ നമ്മെ നിശബ്ദരാക്കുന്നുമുണ്ട്.

ഒരു ചൊൽ കവിതയുടെ ചമൽക്കാരങ്ങൾ അണിയിക്കാതെ ‘കറുപ്പിന്റെ മനസി‘നോട് കവി ചെയ്ത നീതികേടിനെപ്പറ്റി ആലോചിച്ചു കൊണ്ട് നാലാം ഭാഗത്തിലേക്ക് നമ്മൾ കടക്കുന്നു. ഇതിലെ ഇരട്ടക്കവിതകളിലൂടെ കടന്നുപോകുമ്പോൾ നമ്മളറിയാതെ കവിക്കു മാർക്കു വാരിക്കോരി കൊടുത്തു പോകും!

“രാമനോ ഇന്നും ചിരഞ്ജീവി തീരാത്തൊ

രാത്മസംഘർഷം മഥിച്ചുലഞ്ഞും

കാണാസരയുവിൽ മുങ്ങുന്നു, തേടുന്നു

പെൺ പുനർ ജന്മത്തിൽ ജാനകിയെ”

എന്ന വരികളിലൂടെ ‘അവതാരങ്ങളെ’ സ്തൂലഗദ്യകവിതകളുടെ കാടുകളിലെ കാമ്പുള്ള വൃക്ഷം ആക്കിത്തീർക്കുന്നുണ്ട്

കവി.

“വേടന്റെ അമ്പേറ്റൊടുങ്ങിയാൽ

മാധവാ നിൻ തീർത്ഥ യാത്ര തുടങ്ങുകയായി’

എന്ന വരിമന്ത്രത്താൽ ‘കൃഷ്ണ സംഗീതത്തിൽ’ കവി കൃഷ്ണനെയും ഉയർത്തെഴുന്നേൽപ്പിക്കുന്നു ‘ജീർണ വസ്ത്രങ്ങൾ’ എന്ന അടുത്ത കവിതയും വേറിട്ടുനിൽക്കുന്നു. ‘നനഞ്ഞ വസ്ത്രം പോലെ വേതാളം സമസ്യയുടെ മരക്കൊമ്പിൽ ഞാന്നു കിടക്കുമ്പോൾ മാന്യമായി മരിക്കാൻ പോലും പറ്റാത്തവർക്കുള്ള സമർപ്പണമായി മാറുന്നു കവിത.

പുതു കവിതകൾക്ക് ചരിത്രം ഒരു അടച്ചുവെച്ച പുസ്തകമാണ്. ആ നിഷേധാത്മകതയെ ഉജ്ജ്വലമായി ഖണ്ഡിക്കുന്നുണ്ട് ‘ഉപ്പ ഒരു പ്രതീകമാണ്’ എന്ന കവിതയിൽ ഉപ്പു പരലുകളിൽ ഒളിച്ചിരിക്കുന്ന പഴയ ഇന്ത്യയെ, അതിന്റെ നെഞ്ചുംകൂട്ടിലെ വൃദ്ധന്റെ മാഞ്ഞുപോയ ഊന്നുവടിപ്പാടുകളെ കാണിച്ചുതരുന്നു ഈ കവിത. ഗണിതശാസ്ത്രത്തിൽ നിന്നും ബിംബങ്ങളെ കടംകൊണ്ട് കുറേക്കൂടി സൂക്ഷ്മമായി വാക്കുകളെ വിളക്കി ചേർക്കാമായിരുന്നു എന്ന പരിഭവം ഉള്ളിൽ വച്ചുകൊണ്ടു തന്നെ പറയട്ടെ, ബുദ്ധനെ കൂട്ടുപിടിച്ച്‘മനുഷ്യാ നീ ആദി കോശങ്ങളിലേക്ക് മടങ്ങൂ’ എന്ന് ഉദ്ബോധിപ്പിക്കുന്നുണ്ട് അജയ് നാരായണൻ. മനസ്സിനുള്ളിൽ ഓർമ്മകളുടെ ഒരു കുടീരം തീർക്കുന്നുമുണ്ട്.

പരാബോള

ഡോ. അജയ് നാരായണന്‍

ഗ്രീന്‍ ബുക്സ്

വില: 140 രൂപ