Web Desk

December 22, 2019, 10:55 pm

പരാജയപ്പെട്ട കേന്ദ്ര ഭരണം: നിയമമാര്‍ഗ്ഗം ആരായണം

Janayugom Online

നരേന്ദ്രമോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ കേരളത്തിലെ പതിമൂന്നു ലക്ഷം തൊഴിലുറപ്പു തൊഴിലാളി കുടുംബങ്ങളുടെ ക്രിസ്‌മസ് ദിനങ്ങള്‍ പ്രകാശരഹിതമാക്കി മാറ്റുന്നു. കഴിഞ്ഞ അഞ്ചുമാസങ്ങളായി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് കൂലി ഇനത്തില്‍ നല്‍കേണ്ട 898 കോടി രൂപ ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ എല്ലാ പരിശ്രമങ്ങളോടും പുറംതിരി‍ഞ്ഞു നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്‍കേണ്ട 1,114 കോടി രൂപയാണ് തടഞ്ഞുവച്ചിരിക്കുന്നത്.

ഒക്ടോബര്‍ മാസത്തില്‍ കുടിശികയായിരുന്ന 483.31 കോടി രൂപ അനുവദിക്കണമെന്ന അന്നത്തെ ആവശ്യത്തിനുപോലും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇനിയും മറുപടി ലഭിച്ചിട്ടില്ല. ജിഎസ്‌ടി ഇനത്തില്‍ ലഭിക്കേണ്ട 3,500 കോടിയോളം രൂപ ലഭിച്ചിട്ടില്ലാത്തത് സംസ്ഥാനത്തിന്റെ സാമ്പത്തിക നില പരുങ്ങലിലാക്കിയിരിക്കെയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഒരംഗത്തിനെങ്കിലും തൊഴിലുറപ്പു പദ്ധതിയിലൂടെ നിയമാനുസൃതം ലഭ്യമാക്കേണ്ട തുച്ഛമായ തുകപോലും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദയം നിഷേധിക്കുന്നത്.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ വിസമ്മതിക്കുന്ന സംസ്ഥാനങ്ങള്‍ നിയമനിഷേധമാണ് നടത്തുന്നതെന്ന് ആരോപിക്കുന്ന കേന്ദ്രഭരണകൂടം പട്ടിണിപ്പാവങ്ങള്‍ക്ക് നേരെ നടത്തുന്ന നിയമനിഷേധത്തെപ്പറ്റി നിശബ്ദത പാലിക്കുന്നു. പൗരത്വ ഭേദഗതി നിയമം പാസാക്കിയ പാര്‍ലമെന്റ് തന്നെ പാസാക്കിയ നിയമമാണ് തൊഴിലുറപ്പ് നിയമം. അതനുസരിച്ച് പണിയെടുക്കുന്ന അവിദഗ്ധ തൊഴിലാളികള്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ കൂലി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. കേന്ദ്ര സര്‍ക്കാര്‍ അതില്‍ പരാജയപ്പെട്ടാല്‍ തൊഴിലാളിക്ക് നിയമനടപടി സ്വീകരിക്കാന്‍ അവകാശമുണ്ട്. പക്ഷേ, പാര്‍ലമെന്റ് പാസാക്കിയ നിയമം കാറ്റില്‍ പറത്തി തൊഴിലാളികള്‍ക്ക് യഥാസമയം കൂലി നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിരന്തരം വീഴ്ചവരുത്തുന്നു. വന്‍കിട കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ ഔദാര്യങ്ങള്‍ വെള്ളിത്താലത്തില്‍ സമ്മാനിക്കുന്ന മോഡിഭരണകൂടമാണ് പട്ടിണിപ്പാവങ്ങളുടെ അവകാശം നിഷേധിച്ച് ക്രൂരത കാണിക്കുന്നത്.

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി നിഷേധിക്കുന്നതിന് തൊടുന്യായങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതില്‍ വന്നിട്ടുണ്ടായേക്കാവുന്ന നിസാര വീഴ്ചകളുടെയും പാളിച്ചകളുടെയും പേരില്‍ 12.98 ലക്ഷം തൊഴിലാളികളുടെ പട്ടിണിക്കൂലി തടഞ്ഞുവയ്ക്കുന്നത് ക്രൂരതയാണ്. സംസ്ഥാനത്തിന് മൊത്തം ലഭിക്കേണ്ട 1,114 കോടി രൂപയില്‍ 898 കോടി രൂപ കൂലിയിനത്തില്‍ മാത്രം ലഭിക്കേണ്ടതാണ്. തടസവാദങ്ങളുടെ പേരില്‍ കൂലിയൊഴിച്ചുള്ള തുക തടഞ്ഞുവച്ച് ബാക്കി നല്‍കിയാല്‍ തന്നെ തൊഴിലാളികള്‍ക്ക് ആശ്വാസമാകുമായിരുന്നു. എന്നാല്‍ അത്തരം സൗമനസ്യങ്ങള്‍ക്കൊന്നും തയാറാവാത്ത ക്രൂരതയാണ് മോഡി സര്‍ക്കാര്‍ തുടരുന്നത്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ക്കായി പതിനായിരക്കണക്കിനു കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ളത്. അവര്‍ ഉന്നയിക്കുന്ന തടസവാദങ്ങള്‍ എല്ലാംതന്നെ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരാജയത്തിലേക്കും പിടിപ്പുകേടിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്.

മോഡി സര്‍ക്കാരിന്റെ ഭ്രാന്തന്‍ സാമ്പത്തിക നയങ്ങള്‍ ഖജനാവ് കാലിയാക്കിയിരിക്കുന്നു. ചരക്കുസേവന നികുതി വന്‍പരാജയമാണ്. നിത്യനിദാന ചെലവുകള്‍ക്ക് സര്‍ക്കാരിന്റെ ആസ്തികളായ പൊതുമേഖലാ സംരംഭങ്ങള്‍ ഒന്നൊന്നായി വിറ്റുതുലയ്ക്കുന്നു. തലതിരിഞ്ഞ സാമ്പത്തിക നയത്തിന്റെ ഫലമായി തകര്‍ന്ന വ്യവസായങ്ങളെ നിലനിര്‍ത്താന്‍ കുത്തകകള്‍ക്ക് ലക്ഷക്കണക്കിനു കോടി രൂപയുടെ ഇളവുകളും ആനുകൂല്യങ്ങളും നല്‍കാതെ വയ്യെന്നായിരിക്കുന്നു. റിസര്‍വ് ബാങ്കിന്റെ കരുതല്‍ശേഖരത്തില്‍ നിന്നും കയ്യിട്ടുവാരുന്ന നിലയിലേക്ക് സമ്പദ്ഘടന അധപ്പതിച്ചിരിക്കുന്നു. മോഡിസര്‍ക്കാരിന്റെ ഭരണ പരാജയത്തിനു ഇരകളായി മാറുകയാണ് രാജ്യത്തെ കോടാനുകോടി വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍. പട്ടിണിപ്പാവങ്ങളായ തൊഴിലാളികളുടെ രോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ രാജ്യത്തെ വര്‍ഗീയതയുടെയും മതഭ്രാന്തിന്റെയും അഗ്നികുണ്ഡത്തിലേക്ക് എറിയുന്ന ആത്മഹത്യാപരമായ അവസ്ഥയിലാണ് ഇന്ത്യ.

ജിഎസ്‌ടി വിഹിതവും നഷ്ടപരിഹാരവും തൊഴിലുറപ്പു പദ്ധതിയടക്കം കേന്ദ്ര പദ്ധതികളില്‍ നിന്നും ലഭിക്കേണ്ട വിഹിതവും യഥാസമയം ലഭിക്കാതെ കേരളമടക്കം സംസ്ഥാന സര്‍ക്കാരുകള്‍ അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. ന്യായവും നിയമാനുസൃതവുമായ അവകാശങ്ങള്‍ നിരന്തരം നിഷേധിക്കപ്പെടുന്നത് ഭരണഘടനയുടെയും ഫെഡറല്‍ സംവിധാനത്തിന്റെയും ലംഘനമാണ്. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന ഈ ഭരണഘടനാ-നിയമലംഘനങ്ങള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുക മാത്രമെ ഇനി സംസ്ഥാനങ്ങള്‍ക്ക് മുമ്പില്‍ മാര്‍ഗ്ഗമുള്ളു. സമാന അവസ്ഥയെ നേരിടുന്ന സംസ്ഥാനങ്ങള്‍ക്കൊപ്പം നിയമാനുസൃത പരിഹാരമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയും അറച്ചുനില്‍ക്കേണ്ടതുണ്ടോ?