ഒരു സ്വപ്നം കണ്ടതുപോലുണ്ട്, ഒന്നും വിശ്വസിക്കാന്‍ പറ്റണില്ല, വീട് പോയതും നിര്‍മ്മിച്ചതും പ്രളയവും എല്ലാം; വില്‍സണ്‍ പറയുന്നു

Web Desk
Posted on June 01, 2019, 8:03 pm
കെയര്‍ ഹോം പദ്ധതിയില്‍ ലഭിച്ച വീട്

കൊച്ചി: അഞ്ച് ദിവസം തളം കെട്ടി നിന്ന വെള്ളത്തില്‍ അവസാന നാള്‍ അലിഞ്ഞു ചേര്‍ന്ന വീട്. അതുപേക്ഷിച്ച് ജീവന്‍ മാത്രം കൈപിടിച്ച് സഹൃദനായ സുഹൃത്തിന്‍റെ വീടിന്‍റെ ടെറസില്‍ താമസം. നിലം പൊത്തിയ വീട് 42 ദിവസം കൊണ്ട് പുനര്‍നിര്‍മിച്ചപ്പോള്‍ ഉടമസ്ഥന്‍ വില്‍സന്‍ പറയുന്നു, ’ ശരിക്കും ഒരു സ്വപ്നം കണ്ടതുപോലുണ്ട്. ഒന്നും വിശ്വസിക്കാന്‍ പറ്റണില്ല. വീട് പോയതും വീട് നിര്‍മ്മിച്ചതും പ്രളയവും ദുരിതങ്ങളും എല്ലാം’.

അപകടത്തില്‍ കാല്‍മുട്ടിന് പരിക്കുപറ്റി ചികിത്സയില്‍ കഴിയുന്ന വിന്‍സന്‍ പുതിയ വീടിന്‍റെ പൂമുഖ പടിയില്‍ നിന്ന് സംസാരിക്കുന്നത് സങ്കടക്കഥകളല്ല. എല്ലാം നഷ്ടപ്പെട്ടിട്ടും എല്ലാം തിരിച്ചു കിട്ടിയതിന്‍റെ, തിരികെ കൊടുത്തതിന്‍റെ നന്ദി കൂടിയാണ്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കെയര്‍ ഹോമിലൂടെ പാറക്കടവ് സര്‍വീസ് സഹകരണ ബാങ്കാണ് വില്‍സനും പഞ്ചായത്തിലെ മറ്റ് അഞ്ച് പേര്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കിയത്. പണി പൂര്‍ത്തിയായ വീടുകള്‍ ഇന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഉടമസ്ഥര്‍ക്ക് കൈമാറും.

പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന ആറ് വീടുകളാണ് പാറക്കടവ് സഹകരണ ബാങ്ക് നിര്‍മ്മിച്ചു നല്‍കിയത്. ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചവര്‍ക്കാണ് വീട് നിര്‍മ്മിച്ചത്. മൂഴിക്കുളം വലിയ പറമ്പില്‍ വില്‍സനും ഭാര്യ മോളിക്കുമാണ് ആദ്യ വീട് ലഭിച്ചത്. പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്ന ഇവര്‍ സുഹൃത്തിന്‍റെ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വില്‍സനും ഭാര്യ മോളിക്കും പുതിയ വീട് നിര്‍മ്മിക്കുകയെന്നത് സ്വപ്നം മാത്രമായിരുന്നു. കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന് സര്‍ക്കാരിന് നന്ദി അറിയിക്കുകയാണ് വിത്സന്‍.

കൂലിപ്പണിക്കാരനായ മൂഴിക്കുളം കുറ്റിക്കാട്ടുത്തറ തങ്കപ്പന്റ വീടിന്റെ പകുതിയും പ്രളയത്തില്‍ ഇടിഞ്ഞു വീണിരുന്നു. കെയര്‍ ഹോം പദ്ധതിയിലൂടെ അടച്ചു റപ്പുള്ള വീടാണ് ഇവര്‍ക്കും ലഭിച്ചത്. വീടിന്റെ പണികളെല്ലാം പൂര്‍ത്തിയായി. വീട് കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നതായി തങ്കപ്പന്റെ ഭാര്യ ഷൈല പറയുന്നു. സര്‍ക്കാര്‍ വീട് പോയ എല്ലാവര്‍ക്കും വീട് നല്‍കുമെന്ന് പറഞ്ഞത് ഉറച്ച വിശ്വാസത്തിലാണ് എടുത്തത്. സര്‍ക്കാര്‍ വാക്കുപാലിക്കുമെന്ന് വിശ്വാസം ഉണ്ടായിരുന്നതായും ഷൈല പറയുന്നു. ഇവര്‍ക്ക് വിദ്യാര്‍ത്ഥിയായ ഒരു മകനും ഉണ്ട്.
ഏഴും അഞ്ചും നാലും വയസായ മൂന്നു മക്കള്‍ക്കും പ്രായമായ അമ്മക്കും മഴ നനയാതെ, വെയിലു കൊള്ളാതെ കിടക്കാന്‍ ഇടം കിട്ടിയതിന്റെ സന്തോഷത്തിലാണ് പൂവത്തുശ്ശേരി ഇരുമ്പുങ്കല്‍ അനില സനോജ്. മഴ പെയ്താല്‍ വെള്ളം കെട്ടുന്ന ഭൂമിയില്‍ അനിലയുടെയും ഭര്‍ത്താവ് സനോജിന്റെയും നിര്‍ദ്ദേശപ്രകാരമാണ് വീട് നിര്‍മ്മിച്ചത്. തറ കരിങ്കല്ല് കെട്ടി ഉയര്‍ത്തി ചെറിയ വെള്ളക്കെട്ട് പ്രതിരോധിക്കാവുന്ന രീതിയിലാണ് വീട്. കരിങ്കല്ല് പണിക്കാരനായ സനോജിനും പുതിയ വീട് സ്വപ്നം കണ്ടതിലും അപ്പുറമാണ്.

ഭര്‍ത്താവ് മരിച്ച് ആശ്രയമറ്റ രാധയുടെ കൈകളിലേക്ക് നല്‍കിയ പുതിയ വീട് മുന്നോട്ട് ജീവിക്കാനുള്ള ശക്തി കൂടിയാണെന്ന് രാധ പറയുന്നു. കിടപ്പു രോഗിയായ അമ്മയേയും കൊണ്ട് കഷ്ടപ്പെടുമ്പോഴാണ് പുതിയ വീട് നിര്‍മ്മിച്ചു നല്‍കാമെന്നേറ്റ് ബാങ്കുകാര്‍ വന്നത്. അവര്‍ തന്നെ മുഴുവന്‍ പണികളും പൂര്‍ത്തിയാക്കി തന്നു. ഇത് ഒരിക്കലും മറക്കാന്‍ കഴിയാത്ത നന്മയാണെന്നും രാധ പറയുന്നു. പൂവത്തുശ്ശേരി തിരുപ്പനമ്പില്‍ രാംദാസിനും ഐനിക്കത്താഴം മണക്കുന്ന് വേലായുധനുമാണ് ബാങ്ക് വീട് നിര്‍മ്മിച്ചു നല്‍കിയത്.

മുഴുവന്‍ വീടുകളും സര്‍ക്കാര്‍ നല്‍കിയ 4,95,000 രൂപയ്ക്കാണ് പണി പൂര്‍ത്തീകരിച്ചതെന്ന് ബാങ്ക് പ്രസിഡന്റ് സി എം സാബു പറഞ്ഞു. ബനിഫിഷറി കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ സഹകരണം ആദ്യാവസാനം ഉണ്ടായിരുന്നു. ആറ് വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചതായി സാബു പറഞ്ഞു. നാളെ കുറുമശ്ശേരി ഹാളില്‍ നടക്കുന്ന താക്കോല്‍ദാന ചടങ്ങില്‍ ബാങ്കിന്റെ പ്രത്യാശ പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം ജി സി ഡി എ ചെയര്‍മാന്‍ വി സലിം നിര്‍വഹിക്കും.