പരമേശ്വരൻ ജോസപ്പായി വന്നു; കുടുംബത്തോടൊപ്പം നാടും നെഞ്ചോട് ചേർത്തു

Web Desk
Posted on April 25, 2018, 4:17 pm

ജോസഫ് ചേട്ടന്‍റെ മകന്‍ അരവിന്ദനോടൊപ്പം

കൊച്ചി :പിറന്ന നാടിന്‍റെ പിന്‍വിളി കാലമേറെ കഴിഞ്ഞാലും മറക്കാന്‍കഴിയുന്നതല്ല. പതിനേഴു കഴിഞ്ഞ ഒരു പയ്യന്‍ വറുതിയുടെ തീക്കനലുകള്‍ക്കിടയില്‍ നിന്നും ഒളിച്ചോടുന്നു. നാടിന്‍റെ ഓര്‍മകള്‍ക്കപ്പുറം തന്‍റെ മതം പോലും മാറുന്നു, ജീവിത സഖിയെ കണ്ടെത്തി മക്കളായി, കൊച്ചുമക്കളായി കഴിഞ്ഞു. ഒടുവില്‍ താന്‍ പിറന്ന നാട്ടിലൂടെ യാത്ര ചെയ്ത കൊച്ചുമോന്‍റെ വര്‍ണ്ണനകള്‍ കേട്ട അയാള്‍ക്ക് ഇരിക്കപ്പൊറുതി ഉണ്ടായില്ല. നാട്ടിലേയ്ക്ക് മടക്കം അപ്പോള്‍ അയാളുടെ പ്രായം 94. നാട്ടില്‍ കാലുകുത്തിയ പരമേശ്വരനെ മണ്തരികള്‍ തിരിച്ചറിഞ്ഞു ഇന്ന് അയാളുടെ പേര് ജോസഫ് എന്നാണ്. കൂടെപ്പിറപ്പുകള്‍ എന്നോ മരിച്ചു മണ്‍മറഞ്ഞു. പഴയ ഗ്രാമവും ഒറ്റയടിപ്പാതയും അപ്രത്യക്ഷമായി. പകരം ബഹുനിലക്കെട്ടിടങ്ങളും വാഹനങ്ങള്‍ ഇടതടവില്ലാതെ ചീറിപ്പായുന്ന നാലുവരിപ്പാതയും.

കേളംകുളമെന്നറിയപ്പെട്ടിരുന്ന വലിയ ജലാശയം ഇന്ന് പാര്‍ക്കും, റസ്റ്ററന്‍റും ദേശീയ പാതയും ബസ് കാത്തിരിപ്പുകേന്ദ്രവുമൊക്കെയാണ്. ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത് തൈക്കൂട്ടത്തിലെ കുടുംബ വീടും മുറിഞ്ഞുപോയെ വേരുകളും തേടി ജോസഫും കുടുംബവും കൃത്യമായി വന്നുകയറിയത് ജ്യേഷ്ഠന്‍ രാമന്‍ മകന്‍ അരവിന്ദന്‍റെ വീട്ടിലേക്കാണ്.
പരമേശ്വരന്‍ നാടുവിടുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്ത അരവിന്ദന്‍ രക്തത്തെ തിരിച്ചറിഞ്ഞു . ഇളയച്ഛനെ ഒരുനോട്ടവും വാക്കും മുഴുമിക്കുന്നതിനുള്ളില്‍ തന്നെ തിരിച്ചറിഞ്ഞത്. ആളാരാണെന്നു വിളിച്ചു പറയുമ്പോള്‍ മറുവാക്കിനു കാത്തുനില്‍ക്കാതെ അരവിന്ദന്‍ ഇളയച്ഛനെ നെഞ്ചോട് ചേര്‍ത്തു.

മരിച്ചുപോയെന്നു കരുതിയ, എന്തിന്! നാടിന്‍റെ ഓര്‍മകളില്‍ നിന്നുപോലും മാഞ്ഞുപോയ പരമേശ്വരന്‍ അങ്ങനെ നീണ്ട 73 വര്‍ഷങ്ങള്‍ക്കുശേഷം ജോസഫായി തിരിച്ചെത്തുമ്പോള്‍ ഗ്രാമം അയാളെ ചേര്‍ത്ത് പിടിച്ചു.

ജോസഫ് ബാല്യകാല കൂട്ടുകാരന്‍ രാമനൊപ്പം

കഴിഞ്ഞ കാലത്തിന്‍റെ ജീവിത വഴികളെ കുറിച്ച് ജോസഫ് പറഞ്ഞു. അതിജീവനത്തിനായി നടത്തിയ ജീവിതത്തിന്‍റെ നാടകങ്ങള്‍. തൈക്കൂട്ടത്തില്‍ കൃഷ്ണന്‍റെയും ഊലിയുടെയും ഏഴുമക്കളില്‍ ഇളയ ആണ്‍തരിയായിരുന്നു പരമേശ്വരന്‍.

രാമന്‍, മാധവന്‍, മാധവി, കൊച്ചുപാറു, ജാനകി എന്നിവര്‍ സഹോദരങ്ങളും. രാജഭരണകാലത്ത് തിരുവിതാംകൂറിന്‍റെ ഭാഗമായ കോടംതുരുത്തില്‍ നിന്ന് 1925 ലാണ് പരമേശ്വരന്‍ നാടുവിടുന്നത്.
ജന്മിത്വവും നാടുവാഴിത്തവും കൊടികുത്തിവാണിരുന്നകാലം.

നാട് പട്ടിണിയുടെയും ദാരിദ്ര്യത്തിന്‍റെയും പിടിയിലായിരുന്നു. ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും തന്നെയായിരുന്നു പ്രധാന വെല്ലുവിളി. നാട്ടിലെ ജീവിതം അസഹനീയമാകുമ്പോള്‍ ഇളയവനായ പരമേശ്വരന്‍ ഇടയ്ക്കിടെ വീടുവിട്ട് പോകുമായിരുന്നു. അപ്പോളൊക്കെ മൂത്ത സഹോദരന്‍ രാമന്‍ അനുജനെതേടി പരക്കം പായുകയും എവിടെനിന്നെങ്കിലും പിടിച്ചുകൊണ്ടു വീട്ടിലെത്തിക്കുകയും ചെയ്യും.

ഇരുപതാമത്തെ വയസില്‍ ഏറ്റവുമൊടുവില്‍ പരമേശ്വരന്‍ വീടുവിട്ടിറങ്ങുമ്പോള്‍ കരുതി ഇനി ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്ത ഇടത്തേക്ക് പോകണമെന്ന്. അങ്ങിനെ ചാലക്കുടി, തൃശൂര്‍ എന്നിവിടങ്ങളിലെല്ലാം ചുറ്റിക്കറങ്ങി പല പല ജോലികള്‍ ചെയ്ത് വിശപ്പടക്കി. അന്ന് അവിടങ്ങള്‍ കൊച്ചി രാജ്യത്തിന്‍റെ ഭാഗങ്ങളാണ്.

ആ കറക്കത്തിനിടയില്‍ കോട്ടയം ജില്ലയിലെ മലയോരഗ്രാമമായ മുണ്ടക്കയത്തും എത്തി. അവിടെ ജീവിതം മുന്നോട്ടു നീങ്ങുമ്പോളാണ് പരമേശ്വരന്‍ ദാമ്പത്യ ജീവിതത്തെക്കുറിച്ചും സ്വന്തമായി ഒരു കുടുംബം ഇല്ലന്നെതിനെ കുറിച്ച് ചിന്തിച്ചത്. കൊച്ചുമറിയ എന്ന യുവതിയോട് തോന്നിയ ഇഷ്ടം പ്രണയമായി വളര്‍ന്നതും ഗൃഹസ്ഥനാകാനുള്ള ആഗ്രഹത്തെ ശക്തമാക്കി.
കൊച്ചുമറിയയെ കെട്ടാനുള്ള താല്‍പര്യം കൊണ്ട് പരമേശ്വരന്‍ ക്രിസ്തു മതം സ്വീകരിച്ച് ജോസഫ് ആയി. അരനൂറ്റാണ്ടുമുന്‍പ് ജോസഫും കൊച്ചുമറിയയും മുണ്ടക്കയത്തുനിന്ന് പൂഞ്ഞാറിലേക്ക് ജീവിതം പറിച്ചു നട്ടത്.

പൂഞ്ഞാര്‍ പഞ്ചായത്ത് പനച്ചിപ്പാറയില്‍ പുത്തന്‍ വീട്ടില്‍ താമസമുറപ്പിച്ചതോടെ കൃഷിയും കൈത്തൊഴിലുമൊക്കെയായി ജോസഫിന്‍റെ കുടുംബം അവിടെ വേരുറപ്പിച്ചു വളര്‍ന്നു. ഇതിനിടയില്‍ ദാമ്പത്യം പൂത്തുകായ്ച്ച് കുടുംബം വടവൃക്ഷംപോലെ വളര്‍ന്നു. ജോസ്, രാജു, റോയി, മോളി, സെലിന്‍മോള്‍, ഡോളി , റാണി എന്നിങ്ങനെ ഏഴുമക്കളാണ് ഇവര്‍ക്ക്.
കുട്ടികളെയൊക്കെ നന്നായി വിദ്യാഭ്യാസം ചെയ്യിച്ച ജോസഫിന്‍റെ മൂന്നു പെണ്‍മക്കളും രാജസ്ഥാനില്‍ നഴ്‌സുമാരാണ്. മൂത്തവള്‍ മോളി ഈയിടെ സര്‍വീസില്‍ നിന്നു പിരിഞ്ഞു.
മക്കളും മരുമക്കളും പേരക്കുട്ടികളുമായി അല്ലലില്ലാതെ കഴിയുന്നതിനിടയിലാണ് ഏതാനും വര്‍ഷം മുമ്പ് നാടിനെയും കൂടെപ്പിറപ്പുകളെയും കാണണമെന്ന ആഗ്രഹം ജോസഫിന്റെ ഉള്ളില്‍ മുളപൊട്ടിയത്. മകള്‍ ഡോളിയുടെ മകന്‍ വിപിന്‍ യാദൃച്ഛികമായി അരൂര്‍ ചേര്‍ത്തല റൂട്ടില്‍ ദേശീയ പാതയിലൂടെ പോകുന്നതിനിടയില്‍ ചാച്ചന്‍റെ കോടംതുരുത്തിലുള്ള തറവാടിനെപ്പറ്റി പറഞ്ഞ കഥകള്‍ ഓര്‍ത്തതും നിമിത്തമായി.

വിപിന്‍ പൂഞ്ഞാറിലെ വീട്ടില്‍ തിരികെയെത്തി യാത്രയെക്കുറിച്ചും ചാച്ചന്‍റെ ഗ്രാമത്തെക്കുറിച്ചും വീണ്ടും വീണ്ടും പറഞ്ഞതോടെ കുടുംബത്തിന്റെ തായ്‌വേരിലേക്ക് ജോസഫിന്‍റെ ഓര്‍മകളുടെ നനവ് കിനിഞ്ഞിറങ്ങി.

ജന്മനാടിനെക്കുറിച്ചു കേട്ടപ്പോള്‍ ചാച്ചന്‍റെ ഉള്ളിലുണ്ടായ ഉത്സാഹം തിരിച്ചറിഞ്ഞ കൊച്ചുമകന്‍ ചാച്ചനെ അവിടെയെത്തിക്കാമെന്നു വാക്കും കൊടുത്തു. ഒടുവില്‍ അത് സംഭവിച്ചു ജോസഫും കുടുംബവും കഴിഞ്ഞ ശനിയാഴ്ച കോടംതുരുത്തിലെ കുടുംബ വീട്ടിലേക്ക് എത്തിപ്പെടുമ്പോള്‍
പണ്ടെന്നോ ഇറങ്ങിപ്പോന്ന വീട്ടില്‍ വഴിക്കണ്ണുമായി സഹോദരിമാരും ജ്യേഷ്ഠന്മാരും കാത്തിരിക്കുന്നില്ല എന്നറിഞ്ഞ് ജോസഫിന്‍റെ കണ്ണുനനഞ്ഞു. ജീവിതാനുഭവങ്ങളുടെ പൊള്ളിക്കുന്ന ഓര്‍മ്മകള്‍ അയാളില്‍ നിശബ്ദനായി ചുട്ടുനീറ്റി .

എങ്കിലും ജോസഫ് സന്തുഷ്ടനാണ്. സഹോദരങ്ങളെ കാണാനായില്ലെങ്കിലും അവരുടെ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയുമെല്ലാം കാണാന്‍ കഴിഞ്ഞല്ലോ.
”എനിക്കിനി എത്രകാലമെന്നറിയില്ല. അറ്റുപോയ ഈ കണ്ണില്‍ ഇനിയെങ്കിലും കൂട്ടിയിണക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിക്ക് സമാധാനമുണ്ടാകില്ലായിരുന്നു. ഇപ്പോള്‍ വളരെ സന്തോഷമുണ്ട്. ഇനി എന്‍റെ മക്കളും സഹോദരങ്ങളുടെ മക്കളും ചേര്‍ന്ന് ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകും.”
തിരികെയെത്തിയ ജോസഫിന് കോടംതുരുത്ത് ഗ്രാമം മറ്റൊരു വിസ്മയം കൂടി കാത്തുവെച്ചിരുന്നു. കളിക്കൂട്ടുകാരന്‍ ആഞ്ഞിലിക്കാട്ട് കുമാരന്‍. നാടിന്‍റെ നല്ല ഓര്‍മകളുമായി ജോസഫ് മടങ്ങി ഇനിയും വരാമെന്ന് ഒരിക്കല്‍ കൂടി പറഞ്ഞു .

2