പ്രണംതൊട്ട ഗാനങ്ങള്‍

Web Desk
Posted on May 05, 2019, 8:14 am

എം ടി രവീന്ദ്രന്‍

നിര്‍ഭാഗ്യത്തിന്റെ നിഴല്‍ എന്നും ഒപ്പം കൂടിയ ഒരു ജീവിതമാണ് പരത്തുള്ളി രവീന്ദ്രന്‍ എന്ന എഴുത്തുകാരന്റേത്. ”പല്ലവി” എന്ന സിനിമയിലൂടെ പുറത്തുവന്ന രണ്ട് ഗാനങ്ങള്‍ എഴുപതുകളില്‍ ചലച്ചിത്രലോകത്ത് തരംഗങ്ങളായി. പല്ലവി എന്ന സിനിമയുടെ നാല് ഗാനങ്ങളും രചിച്ചത് പരത്തുള്ളി രവീന്ദ്രന്‍ ആണ്. സിനിമയില്‍ ഉപയോഗിച്ച ഹാസ്യഗാനം മാത്രമാണ് ഭാസ്‌കരന്‍ മാഷ് എഴുതിയത്. ‘ദേവീക്ഷേത്രനടയില്‍’ എന്ന ഗാനവും ”കിനാവിന്റെ കടവില് ഇളനീര്‍” എന്നുതുടങ്ങുന്ന ഗാനവും കണ്ണൂര്‍ രാജന്‍ സംഗീതം പകര്‍ന്നു യേശുദാസ് ആണ് പാടിയത്. കണ്ണൂര്‍ രാജന്‍ പിന്നീട് സംഗീത സംവിധായകരുടെ മുന്‍നിരയില്‍ നിലയുറപ്പിച്ചു. യേശുദാസ് ഗാനഗന്ധര്‍വ്വനോളം ഉയര്‍ന്നു. പല്ലവിയുടെ ഗാനരചന മാത്രമല്ല പല്ലവിയുടെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചത് പരത്തുള്ളി രവീ ന്ദ്രന്‍ എന്ന ചലച്ചിത്രരംഗത്തെ അന്നത്തെ നവാഗതനായ എഴുത്തുകാരനായിരുന്നു. 1977 ല്‍ പുറത്തിറങ്ങിയ പല്ലവിയിലൂടെ സോമന്‍ എന്ന നടന് നല്ല അഭിനേതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. യേശുദാസ്, താന്‍ ആലപിച്ച ഗാനങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ‘പത്തുഗാനങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ ദേവീക്ഷേത്രനടയില്‍ കൂടി പറയും. യേശുദാസിന്റെ ഈ പരാമര്‍ശത്തേക്കാള്‍ വലിയ ബഹുമതിയും അംഗീകാരവും തനിക്ക് ലഭിക്കാനില്ല എന്ന് പരത്തുള്ളി.
എടപ്പാളിലും പരിസരങ്ങളും നാടകപ്രവര്‍ത്തനങ്ങളുമായി നടന്നിരുന്ന തന്റെ യൗവനകാലത്താണ് പരത്തുള്ളി രവീന്ദ്രന് സിനിമയിലേക്കുള്ള ഒരവസരം തികച്ചും അവിചാരിതമായി വീണുകിട്ടുന്നത്. പൊന്നാനിയിലെ ബിസിനസുകാരനായ ടി പി ഹരിദാസും എടപ്പാള്‍ സ്വദേശിയായ ബി കെ പൊറ്റെക്കാടും നാടകപ്രവര്‍ത്തകനായി നടന്നിരുന്ന പരത്തുള്ളി രവീന്ദ്രനെ ക@് സിനിമയുടെ കാര്യം ചര്‍ച്ച ചെയ്തു. കഥയും തിരക്കഥയും സംഭാഷണവും ഗാനരചനയും നിര്‍വഹിക്കാന്‍ ഒരു ഭാഗ്യനിയോഗം വന്നു ചേര്‍ന്നത് അതോടെയാണ്. (പല്ലവിയുടെ നിര്‍മാതാവും സംവിധായകനും സംഗീത സംവിധായകനും ഇന്ന് ജീവിച്ചിരിപ്പില്ല) അങ്ങനെയാണ് പാട്ടുകളെ പ്രണയിച്ചവരുടെ മനസ്സില്‍ പരത്തുള്ളി രവീന്ദ്രന്‍ രചിച്ച പല്ലവിയിലെ ഗാനങ്ങള്‍ മാഞ്ഞുപോകാതെ പതിഞ്ഞത്.
എടപ്പാള്‍ കാലടിത്തറ ദേശത്ത് മതിലകത്ത് ഗോവിന്ദമേനോന്റെയും പരത്തുള്ളി കുഞ്ഞിലക്ഷ്മിയമ്മയുടെയും മകനായി 1944ല്‍ ജനിച്ച രവീന്ദ്രന്‍ പന്താവൂര്‍ എഎംഎല്‍പി സ്‌കൂള്‍, വട്ടംകുളം യുപി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം നിര്‍വഹിച്ചത്. അച്ഛന്‍ മരിച്ചതോടെ എസ്. എസ്.എല്‍.സി കഴിഞ്ഞശേഷം പഠനം തുടരാനായില്ല.
കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ തന്റെ കൗമാരകാലത്തെ പരത്തുള്ളി രവീന്ദ്രനെകുറിച്ച് പറഞ്ഞിട്ടുണ്ട.് വൃത്തിയായി വസ്ത്രധാരണം നടത്തി നടന്നുപോകുന്ന സുഭഗനും സുന്ദരമായ എഴുത്തുകാരനായ യുവാവിനെ ലീലാകൃഷ്ണന്‍ ആരാധനയോടെ നോക്കിനില്‍ക്കമായിരുന്നു.
സിനിമാവൃത്തങ്ങളില്‍ ആരോ പതിപ്പിച്ച ഒരു പെരുംനുണയുടെ ഇരയായി പോയതാണോ പരത്തുള്ളി രവീന്ദ്രന്‍ എന്ന ഗാനരചയിതാവിന് ആ രംഗത്ത് പിടിച്ചുനില്‍ക്കാനാവാതെ വന്നതിന് കാരണമായതെന്നും സംശയിക്കുന്നവരുണ്ട്. ‘ദേവീക്ഷേത്രനടയില്‍’ എന്ന ഗാനത്തിന് ഈണം പകരുമ്പോള്‍ പരത്തുള്ളിയോട് ഗാനത്തിലെ ഒരുവാക്ക് മാറ്റാമോ എന്ന് ചോദിച്ചതും പരത്തുള്ളി ‘പറ്റില്ല’ എന്ന് പറഞ്ഞതും ചരിത്രമാണ്. സംവിധായകനായ ബി കെ പൊറ്റേക്കാട് ഇടപെട്ട് പരുത്തുള്ളി രവീന്ദ്രന്റെ വരികള്‍ക്ക് മാറ്റം വരുത്തേണ്ട എന്നുപറയുകയും കണ്ണൂര്‍ രാജന്‍ ആനിര്‍ദ്ദേശം സ്വീകരിക്കുകയും ചെയ്തു. ജീവിതയാത്രയില്‍ പിടിച്ചുനില്‍ക്കാനായി പരത്തുള്ളി പല വേഷങ്ങളും കെട്ടിയിട്ടുണ്ട്. ചിട്ടിഫണ്ട് ജീവനക്കാരന്‍, കണക്കപ്പിള്ള തുടങ്ങിയ നിലകളില്‍ നാട്ടിലും ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും ജോലിചെയ്തിട്ടുണ്ട്.
അവസരങ്ങള്‍ക്ക് വേണ്ടി ആരുടെയും കാലു പിടിക്കാനോ തലകുനിക്കാനോ പരത്തുള്ളിയുടെ അഭിമാനം സമ്മതിച്ചിട്ടില്ല. കടുത്ത ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നപ്പോഴും ദുരഭിമാനം മൂലം ആരോടും യാചിക്കാനോ സഹായിക്കണമെന്ന് പറയാനോ നിന്നിട്ടില്ല.

parathully ravindran

ഒരു പുസ്തകപ്രകാശന ചടങ്ങില്‍ വച്ച് പരത്തുള്ളിയെ കണ്ട ആലംകോട് ലീലാകൃഷ്ണന്‍ പറഞ്ഞത് ഇങ്ങനെ; ”’വളരെ ക്ഷീണിതനും വൃദ്ധനുമായിരിക്കുന്നു. വെണ്‍ചാമരം പോലെ നരച്ച നീണ്ടുവളര്‍ന്ന താടിയും മുടിക്കുമിടയില്‍ ഒരിക്കലും തളരാത്ത ആ പഴയ ചിരി മാത്രമുണ്ട്. മാറ്റമില്ലാതെ…
ഇപ്പോഴും സാഹിത്യരംഗത്തും സിനിമാമേഖലയിലുമായി നല്ല സൗഹൃദ ബന്ധങ്ങളുണ്ട്. പരത്തുള്ളി രവീന്ദ്രന്. കയ്പ്പുനിറഞ്ഞ ബാല്യവും കൗമാരവും ഇപ്പോഴും മനസ്സിലുണ്ട്. കാരണവരുടെ കല്‍പനകള്‍ക്ക് മറുവാക്കില്ലാത്ത ഒരു നായര്‍ തറവാടിന്റെ കൂട്ടുകുടുംബ പശ്ചാത്തലത്തില്‍ വളര്‍ന്ന കുട്ടിക്കാലത്തെക്കുറിച്ച് നല്ലതൊന്നും ഓര്‍ക്കാനില്ല പരത്തുള്ളിക്ക്. സങ്കടം ഉള്ളിലൊതുക്കാനാവാതെ കരയാന്‍ തുടങ്ങുമ്പോള്‍ അമ്മ മകനെ ഒക്കത്തിരുത്തി പറമ്പിന്റെ അരുകിലേക്ക് തിടുക്കപ്പെട്ട് നടന്നു മറയും. മകന്റെ കരച്ചില്‍ കാരണവരുടെ കാതുകളില്‍ എത്തരുത്.
അമ്മ തറവാട്ടില്‍. അച്ഛന്‍ അച്ഛന്റെ വീട്ടില്‍. അച്ഛന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. സ്‌കൂളിനടുത്താണ് അച്ഛന്റെ വീട്. അവിടെ ചെല്ലുമ്പോള്‍ പഴുത്ത മാങ്ങയും പൊടിയരിക്കഞ്ഞിയും മാങ്ങാ അച്ചാറും കിട്ടും. അച്ഛന്‍ വാത്സല്യത്തോടെ അടുത്തിരുന്നു മകന് ഭക്ഷണം നല്‍കും. അമ്മയുടെ അമ്മാമയുടെ വിലക്ക് മൂലമാണ് അമ്മയും അച്ഛനും പിരിഞ്ഞു ജീവിക്കേണ്ടി വന്നതെന്നും ഓര്‍ക്കുമ്പോള്‍ കാരണവരോട് ശത്രുത തോന്നും.
അക്ഷരശുദ്ധി ഇല്ലാത്ത ശൈശവത്തില്‍ ആരും കേള്‍ക്കാതെ ഉള്ളിലെ അമര്‍ഷം തീര്‍ക്കാന്‍ പാടിയിട്ടുണ്ട്. ഇരുപതാം വയസ്സില്‍ പ്രസംഗിക്കാന്‍ ഒരു വേദി, പരിപാടിയുടെ സംഘാടകരോട് ചോദിച്ചു വാങ്ങിയിട്ടുണ്ട്. അപകര്‍ഷതാബോധത്തിന്റെ തോട് പൊട്ടിക്കുക എന്ന ഒരേയൊരു ഉദ്ദേശ്യമേ പ്രസംഗവേദിയില്‍ കയറാന്‍ കാരണമായി ഉണ്ടായിരുന്നുള്ളൂ. കാല്‍മുട്ടുകള്‍ കൂട്ടിയിടിച്ചും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെക്കുറിച്ചായിരുന്നു പ്രസംഗിച്ചത് എന്നതുകൊണ്ടാവാം പ്രസംഗം തീര്‍ന്നപ്പോള്‍ സദസില്‍നിന്ന് കയ്യടി ഉയര്‍ന്നു.
കെ പി ഉദയഭാനു സംഗീതം നല്‍കിയ പരത്തുള്ളി രവീന്ദ്രന്‍ പാട്ട് എഴുതിയ ‘ചുണക്കുട്ടികള്‍’ എന്ന സിനിമ പുറത്തിറങ്ങിയില്ല. ഷൂട്ടിങ് പൂര്‍ത്തിയായിട്ടും തിയ്യേറ്റര്‍ ലഭിക്കാതെപോയ ‘ഓര്‍മ്മകളും സ്വപ്നങ്ങളും’ എന്ന സിനിമയില്‍ ഇ. ജയകൃഷ്ണന്‍ ഈണം നല്‍കിയ നാടന്‍ പാട്ടുകളുടെ ആത്മാവുള്ള പരത്തുള്ളിയുടെ ചില പാട്ടുകളുണ്ട്
”’മണ്ണറിഞ്ഞു വിത്തെറിഞ്ഞാല്‍
കണ്ണുനിറയെ പൊലിയളക്കാം
ഇടവപ്പാതി പറയളന്നാല്‍
ഇടവരമ്പില്‍ താളം പൂക്കുന്നതും
വളയിട്ടകൈകളില്‍ അരിവാള് കൊഞ്ചുന്നതും””
ഒക്കെ മലയാളസാഹിത്യത്തിന് പരത്തുള്ളിയുടെ സംഭാവനകളാണ്.
അമേച്വര്‍ നാടക സമിതികള്‍ക്കും പ്രൊഫഷണല്‍ നാടകവേദികള്‍ക്കും വേണ്ടി എത്രയോ നാടകങ്ങള്‍, എത്രയോ നാടകഗാനങ്ങള്‍, ഓഡിയോ കാസറ്റുകളായി പരത്തുള്ളി യുടെ ഗാനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.
മലപ്പുറം ചേലേമ്പ്രയില്‍ പടിഞ്ഞാറ്റിന്‍ പൈ എന്ന ദേശത്ത് കട്ടയാട്ട് വീട്ടിലാണ് പരത്തുള്ളി ഇപ്പോള്‍ താമസിക്കുന്നത്.  പരത്തുള്ളിയെ കേട്ടറിഞ്ഞവര്‍ ചില പരിപാടികള്‍ക്ക് വിളിച്ചു കൊണ്ടു പോകാറുണ്ട് സംസാരിക്കാറുണ്ട്, പ്രസംഗം കഴിഞ്ഞ് പോരാന്‍ നേരത്ത് സംഘാടകരെ കാണാതെ ഓട്ടോ വിളിച്ചു വീട്ടില്‍ വന്നു കീശയില്‍ നിന്ന് ഓട്ടോ ചാര്‍ജ്ജും കൊടുത്തിട്ടുണ്ട്.
രണ്ടു ലഘുനാടകങ്ങല്‍ ഉള്‍ക്കൊള്ളിച്ച് 1971ല്‍ ”കൊച്ചലകള്‍”’ പുസ്തകമാക്കിയിട്ടുണ്ട്. ”മാപ്പ്” എന്ന കവിതാസമാഹാരം അടുത്ത കാലത്ത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിച്ചു. ചില പ്രാദേശിക സംഘടനകളുടെ പുരസ്‌കാരങ്ങളും ആദരവുകളും കിട്ടിയിട്ടുണ്ട്. എന്നാല്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ പ്രതിഭാശാലിയായ എഴുത്തുകാരനാണ് പരത്തുള്ളി രവീന്ദ്രന്‍.