19 April 2024, Friday

പേരന്റിങ് ക്ലിനിക്കുകൾ ഗ്രാമീണ തലത്തിലേക്ക്

ഡാലിയ ജേക്കബ്
ആലപ്പുഴ
September 12, 2021 9:41 pm

ഉത്തരവാദിത്വ രക്ഷാകർതൃത്വത്തെക്കുറിച്ച് മാർഗനിർദേശം നൽകാനും രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസലിംഗ് സൗകര്യം ഒരുക്കുന്നതിനുമായി സംസ്ഥാനത്ത് ആരംഭിച്ച പേരന്റിങ് ക്ലിനിക്കുകളുടെ പ്രവർത്തനം ഗ്രാമപ്പഞ്ചായത്തുതലത്തിലേയ്ക്കും വ്യാപിപ്പിക്കുന്നു.

കുട്ടികളുടെ മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ ആരംഭിച്ച പേരന്റിംഗ് ക്ലിനിക്കുകളുടെ പ്രധാന ലക്ഷ്യം. ബ്ലോക്ക്, കോർപ്പറേഷൻ തലങ്ങളിൽ ഫെബ്രുവരിയിൽ പദ്ധതി ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമുണ്ടെന്ന്കണ്ടതോടെയാണ് ഇത് പഞ്ചായത്തുതലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതിനോടകം നാലായിരത്തോളം പേർ കൗൺസിലിങ് നേടിയിട്ടുണ്ട്. രക്ഷകർത്താക്കൾ തനിച്ചും കുട്ടികളുമായും ക്ലിനിക്കുകളിൽ എത്താറുണ്ടെന്ന് അധികൃതർ പറഞ്ഞു.

വകുപ്പിനു കീഴിലുള്ള 1,012 കൗൺസിലർമാരിൽ 158 പേർക്ക് പ്രത്യേകം പരിശീലനം നൽകിയാണ് കൗൺസിലിങ് നടത്തുന്നത്. 152 ബ്ലോക്കുകളിലും ആറു കോർപ്പറേഷനുകളിലും പദ്ധതിയുടെ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. ഈ 158 കേന്ദ്രങ്ങളിൽ ഓരോ കേന്ദ്രത്തിലും ഒരു കൗൺസിലർ വീതമുണ്ട്.

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം, ഗെയിം ആസക്തി, ലഹരി ഉപയോഗം, അമിത ദേഷ്യം, അനുസരണയില്ലായ്മ, മാനസിക സംഘർഷം തുടങ്ങിയ പ്രശ്നങ്ങളാണ് ഇപ്പോൾ കണ്ടുവരുന്നതെന്ന് അധികൃതർ പറയുന്നു. കോവിഡിനെ തുടർന്ന് സ്കൂളുകൾ അടഞ്ഞു കിടക്കുന്നത് കുട്ടികളെ ശാരീരികമായും മാനസികമായും ബാധിച്ചിട്ടുണ്ട്. 13 മുതൽ 18 വയസ്സുവരെയുള്ളവർക്കാണ് ഇത്തരം പ്രശ്നങ്ങളുള്ളത്.

പഞ്ചായത്ത് തലത്തിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായി 158 കൗൺസിലർമാർക്കുള്ള പരിശീലനം തുടരുകയാണ്. കൗൺസിലിങ്ങിനൊപ്പം പ്രത്യേക ക്ലാസുകളും പഞ്ചായത്തുതലത്തിലുണ്ടാകും. എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ക്ലിനിക്ക് പ്രവർത്തിക്കും. തുടർന്ന് ആവശ്യമെങ്കിൽ ദിവസങ്ങളുടെ എണ്ണവും സേവന സമയവും ദീർഘിപ്പിക്കും.

Eng­lish sum­ma­ry; Par­ent­ing clin­ics to the vil­lage level

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.