29 March 2024, Friday

പരിക്രമണങ്ങൾ

സാബു ചോലയിൽ
കവിത
November 2, 2021 2:55 pm

ഏതു വാഗ്ദത്ത ഭൂമിയുടെ നിരാസംകൊണ്ടാവും
ആകാശമിന്ന് ഇത്രയും വിളറിവെളുത്തത്? !
നടന്നു കുഴഞ്ഞു പോയ
പാതകൾക്കിരുപുറവും
ആരാണ് അപൂർണ്ണതകൾ മാത്രം
നട്ടു വളർത്തിയത്..?!

വാക്കുകളുടെ മണൽക്കാടുകളിൽ
ഘനീഭവിച്ച ഉപ്പുപരലുകൾ തൂവിപ്പരക്കുന്നത്
ഏത് അമാവാസിയിലാണ്?!

മൗനം കോർത്തുവച്ച ആത്മഗതങ്ങളുടെ
പതുപതുത്ത ഇടനാഴികളിൽ
സ്ഥായിയായ നിശ്ശബ്ദത പുരട്ടിവയ്ക്കുന്നത്
ആരുടെ വിരലുകളായിരിക്കും?!

പകച്ച കണ്ണുകളിൽ
കവിതകളുടെ ഇരുണ്ട പുഴയാഴങ്ങൾ പുനർജ്ജനിക്കുന്നത്
എവിടെനിന്നാണ്?!

കാടു പൂത്ത മണങ്ങൾ
അവസാനത്തെ കലാപത്തിനൊരുങ്ങുമ്പോൾ
ഏത് വിജനതയിലാണ്
നമ്മുടെ പ്രണയത്തിന്റെ പച്ചകൾ
പൊടിച്ചു തുടങ്ങുക..?!

നേരവും കാലവും വെളുത്തിരുളുമ്പോഴും
ഒരു കുതിരയെപ്പോലും പൂട്ടാത്ത
രഥത്തിൽ നമ്മൾ പരിക്രമണങ്ങൾ
നടത്തിക്കൊണ്ടേയിരിക്കും.!!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.