Monday
18 Feb 2019

പരിണാമം

By: Web Desk | Sunday 20 January 2019 9:15 AM IST

കുഞ്ഞുമോള്‍ ബെന്നി

വേശ്യയുടെ നീളന്‍ കുപ്പായത്തിനു
മൂന്നു പിന്‍കുടുക്കുകള്‍
തുന്നിചേര്‍ത്തിട്ടാ നൂലറ്റം
നാവാല്‍ പൊട്ടിച്ചെടുത്തു
നീതിശിലപോല്‍ തുന്നല്‍ക്കാരന്‍
നടവഴിയിലിരിക്കുന്നു.

പൊടിപാറുന്ന ചന്തയില്‍
കുന്തം കൊഴുക്കളാക്കുന്ന പണിശാലയില്‍
ചൂളയ്ക്കരികിലെത്താന്‍ ഊഴം കാത്ത്
മല്ലന്‍മാര്‍ വരി നില്‍ക്കുന്നു.

പെണ്‍കാലില്‍ തറഞ്ഞുറഞ്ഞ
പഴയൊരു മുളളിനെ
തന്‍ പല്ലാല്‍ നിലംപറ്റെ
കുനിഞ്ഞിരുന്നൊരുവന്‍
വലിച്ചൂരിയെറിയുന്നു.

മൗനം കൊച്ചു മതില്‍ പടുത്തു
അളന്നുമുറിച്ച വാക്കുകളാലൊരു
കിളിവാതില്‍ പണിതിട്ട്
അതിനകത്തടയിരിക്കുന്ന ഞാന്‍
ഇതൊക്കെ എങ്ങനെ അറിയാന്‍ ….???