ഭിന്നശേഷി വനിതകള്‍ക്ക് ആശ്വാസം; പരിണയം പദ്ധതിയ്ക്ക് ഭരണാനുമതി: 1.44 കോടി രൂപ അനുവദിച്ചു

Web Desk
Posted on July 27, 2020, 9:56 pm

തിരുവനന്തപുരം: സാധുക്കളായ ഭിന്നശേഷി വനിതകൾക്കും അവരുടെ കുടുംബത്തിനും വിവാഹ ഘട്ടത്തിൽ ആശ്വാസം നൽകുന്നതിനായി മാതാപിതാക്കൾക്ക് 30,000 രൂപ ധനസഹായം നൽകുന്ന പരിണയം പദ്ധതിയ്ക്ക് ഭരണാനുമതി. നടപ്പ് സാമ്പത്തിക വർഷത്തേയ്ക്കുള്ള 1.44 കോടി രൂപയാണ് അനുവദിച്ചത്. പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുള്ള നൂതന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുകയനുവദിച്ചത്.
ഭിന്നശേഷിത്വം മൂലം സാമ്പത്തിക ക്ലേശമനുഭവിക്കുന്ന വനിതകൾക്കും അവരുടെ കുടുംബത്തിനും താങ്ങാവാൻ വേണ്ടിയാണ് പരിണയം പദ്ധതി സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നത്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ല. വിവാഹ ധനസഹായത്തിനായി അപേക്ഷിക്കുന്നവർ വിവാഹ തീയതിയ്ക്ക് ഒരു മാസം മുമ്പ് ബന്ധപ്പെട്ട സാമൂഹ്യനീതി ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചിരിക്കണം. ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്ക് തങ്ങളുടെ രണ്ട് പെൺകുട്ടികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷിക്കുന്ന ദിവസം പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായിരിക്കണം. പെൺകുട്ടിയുടെ വിവാഹത്തിന് മുമ്പ് അപേക്ഷിക്കുന്നയാൾ മരണപ്പെടുകയാണെങ്കിൽ കുടുംബത്തിലെ മൂത്ത അംഗത്തിനോ വിവാഹം നടത്തിക്കാൻ ചമുതലയുള്ള കുടുംബത്തിലെ മറ്റ് അംഗത്തിനോ ഈടിൻമേൽ ധനസഹായം നൽകുന്നതാണ്. വിവാഹാനന്തരം ആറ് മാസം വരെയുള്ള കാലതാമസം ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും ആറ് മാസത്തിന് ശേഷം ഒരു വർഷംവരെയുള്ള അപേക്ഷകളിൽമേൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും മതിയായ കാരണങ്ങളുണ്ടെങ്കിൽ മാപ്പാക്കി ധനസഹായം അനുവദിക്കാനാവും.