Web Desk

നെടുങ്കണ്ടം

July 13, 2020, 7:51 pm

താലൂക്ക് ആശുപത്രി പ്രദേശത്ത് അനധികൃത പാര്‍ക്കിംഗ് കണ്ണടച്ച് പൊലീസ് 

Janayugom Online

താലൂക്ക് ആശുപത്രിയ്ക്ക് ചുറ്റുവട്ടത്ത്  അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കാതെ പൊലീസ്. അത്യസന്നനിലയില്‍ ഇവിടേയ്ക്ക് രോഗികളുമായി എത്തുന്ന വാഹനങ്ങളാണ് ഇതിനെ തുടര്‍ന്ന് വെട്ടിലായിരിക്കുന്നത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയ്ക്ക് നൂറ് മീറ്റര്‍ ചുറ്റളവിന് താഴെയാണ് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനും ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ട്ടിഒ ഓഫീസും പ്രവര്‍ത്തിക്കുന്നത്.

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സമീപത്ത് പാര്‍ക്കിംഗ് സംവിധാനം ഒരുക്കിയിട്ടും ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ ആരും തയ്യാറാകുന്നില്ല.  ആശുപത്രിയിലേയ്ക്കുള്ള ഇടവഴിയില്‍ വാഹനങ്ങള്‍ നിറഞ്ഞതോടെ ആമ്പുലന്‍സ് അടക്കമുള്ള അത്യഹിതവാഹനങ്ങള്‍ക്ക് വേഗത്തില്‍ രോഗികളേയും കൊണ്ട് എത്തിച്ചേരാന്‍ കഴിയാതെ വരുന്നു.

ഇതിനെ തുടര്‍ന്ന് പൊലീസ്, വാഹനവകുപ്പ് അധികൃതര്‍ നടപടി എടുക്കണമെന്ന്  ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടു.കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കാന്‍ നെടുങ്കണ്ടം പഞ്ചായത്ത് ഓഫീസില്‍ ഉടുമ്പന്‍ചോല താലൂക്ക് തഹസില്‍ദാര്‍ മനോജ് രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ആശുപത്രി അധികൃതര്‍ ആവശ്യം  ഉന്നയിച്ചത്.താലൂക്ക് ആശുപത്രിയ്ക്ക് സമീപം പഞ്ചായത്തിന്റെ പേ ആന്റ് പാര്‍ക്ക് സൗകര്യം ഉണ്ടെങ്കിലും  അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതാണ്   ആളുകള്‍ വാഹനങ്ങള്‍ ആശുപത്രിയ്ക്ക് സമീപം പാര്‍ക്ക് ചെയ്യാന്‍  കാരണമായി തീരുന്നത്

നിരവധി വാഹനങ്ങളാണ് ആശുപത്രിയിലേയ്ക്ക് പ്രവേശിക്കുന്ന ഇടുങ്ങിയ വഴിയുടെ ഇരുവശങ്ങളിലുമായി പാര്‍ക്ക് ചെയ്യുന്നത്.

Eng­lish sum­ma­ry: Park­ing issue  in Nedumgandam