26 March 2024, Tuesday

Related news

March 25, 2024
March 18, 2024
March 12, 2024
March 10, 2024
February 28, 2024
February 23, 2024
February 18, 2024
February 16, 2024
February 16, 2024
February 13, 2024

കാലക്രമേണ പുരോഗമിക്കുന്ന രോഗം: പാര്‍ക്കിന്‍സണ്‍സ് രോഗത്തെ ഭയപ്പെടേണ്ടതില്ല, ഡോക്ടര്‍ പറയുന്നു

ഡോ. ആനന്ദ് രാജ 
February 24, 2023 4:46 pm

പാര്‍ക്കിന്‍സണ്‍സ് രോഗം എന്നത് വിട്ടുമാറാത്ത കാലക്രമേണ പുരോഗമിക്കുന്ന നാഡിസംബന്ധമായ ഒരു രോഗമാണ്. തലച്ചോറിലെ ബേസല്‍ ഗാംഗ്ലിയ എന്ന ഭാഗത്തെ ‘ഡോപ്പാമിന്‍’ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഘടകത്തിന്റെ ഉല്‍പാദനം കുറയുന്നതു കാരണമാണ് ഈ രോഗമുണ്ടാകുന്നത് എന്ന് കരുതപ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള ആളുകള്‍ക്കാണ് ഈ രോഗം കൂടുതലായും കാണുന്നത്. എന്നാല്‍ 10% ആളുകളില്‍ ഇത് 40 വയസ്സ് കഴിയുമ്പോള്‍ ഉണ്ടാകുന്നു. പൊതുവേ ആണുങ്ങളിലാണ് ഇവ കൂടുതലായും കാണുന്നത്. ഈ രോഗത്തിന്റെ ലക്ഷണങ്ങളെ ചലനസംബന്ധിയായതും ചലനസംബന്ധിയല്ലാത്തതുമായി വേര്‍തിരിക്കാം. ചലനസംബന്ധിയായ ലക്ഷണങ്ങളാണ് ഇവയില്‍ ഏറ്റവും പ്രധാനം. വിശ്രമാവസ്ഥയിലുമുണ്ടാകുന്ന വിറയല്‍, പേശികളിലെ ബലംപിടുത്തം, മന്ദഗതിയിലുള്ള ചലന സ്വഭാവം, പോസ്ചര്‍ അസ്ഥിരത മുതലായവയാണ് ഇവയില്‍ പ്രധാനം. ഇവ കൂടാതെ വിഷാദം — ഉല്‍ക്കണ്ഠ, ഭാവ വ്യത്യാസമില്ലാത്ത മുഖം, ഭക്ഷണമിറക്കാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ട്, ഓര്‍മ്മക്കുറവ്, അറിയാതെ മൂത്രം പോകുന്ന അവസ്ഥ, മലബന്ധം, ഉറക്കമില്ലായ്മ, മിഥ്യഭ്രമം മുതലായവയും ഉണ്ടായേക്കാം. ഇന്ന് ഡോപ്പമിന്‍ ശരീരത്തില്‍ ക്രമീകരിക്കുന്ന ധാരാളം മരുന്നുകള്‍ ലഭ്യമാണ്, എന്നാല്‍ കാലക്രമേണ ഇവയുടെ തോത് കൂട്ടേണ്ടി വന്നേക്കാം.

രോഗം തിരിച്ചറിയുമ്പോള്‍ തന്നെ പുനരധിവാസവും ആരംഭിക്കുന്നു. കൃത്യമായ വ്യായാമങ്ങളും പരിശീലനവുമെടുക്കുകയാണെങ്കില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ വരാതെ തടയാം, ചിലത് അതിജീവിക്കാം, സന്ധിയിലെ ചലനവ്യാപ്തിക്കുറവ്, പേശികളുടെ ബലക്കുറവ്, കൂനിയുള്ള നില്‍പ്പ്, ബാലന്‍സ് കുറവ്, നടപ്പു രീതിയിലെ കോട്ടം, അതിക്ഷീണം, വേദന, ഏറോബിക് ശേഷിക്കുറവ് മുതലായവയില്‍ പുരോഗതിയുണ്ടാക്കുന്ന വ്യായാമങ്ങളാണ് ഇവയില്‍ പ്രധാനം. ഇതിനായി ഫ്‌ലെക്‌സിബിലിറ്റി വ്യായാമങ്ങള്‍, സ്‌ട്രെഗ്ത്തനിംഗ് വ്യായാമങ്ങള്‍, ഗൈറ്റ് പരിശീലന മുറകള്‍ മുതലായവ രോഗിയെ പരിശീലിപ്പിക്കുന്നു. പ്രവര്‍ത്തന വേഗത കൂട്ടാനുള്ളതും ഊര്‍ജ്ജം കാര്യക്ഷമമായി ഉപയോഗിക്കാനുമുള്ള പരിശീലനം, ദിനചര്യകള്‍ സ്വതന്ത്രമായി ചെയ്യാനുള്ള പരിശീലനം, ചുറ്റുപാടിലും അനാവശ്യമായി വസ്തുക്കള്‍ നിര്‍ത്തി വീഴ്ചയ്ക്കുള്ള സാധ്യത കൂട്ടുന്നത് പരിഹരിക്കാനുള്ള പരിസ്ഥിതി പരിഷ്‌കരണ അവബോധം മുതലായവയും പുനരധിവാസത്തിന്റെ ഭാഗമാണ്.

വിശ്രമിക്കുമ്പോഴും വിറയില്‍ ഉണ്ടാകുന്നത് കുറയ്ക്കാന്‍ മരുന്നുകളുടെ ആവശ്യം കുറയ്ക്കുന്നതിന് ബയോഫീഡ്ബാക്ക് കൊണ്ടുള്ള റിലാക്‌സേഷന്‍ വ്യായാമങ്ങള്‍ സഹായിക്കും. കൂടാതെ റിലാക്‌സേഷന്‍ വ്യായാമങ്ങള്‍ ഉറക്കം മെച്ചപ്പെടുത്തുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു. ഇവ നല്‍കുന്നതിനൊപ്പം അസിസ്റ്റീവ് ഉപകരണങ്ങള്‍ കാര്യപ്രദമായി ഉപയോഗിക്കുന്നതിനുള്ള പരിശീലനവും പുനരധിവാസത്തില്‍ പെടുന്നു. ചുരുക്കത്തില്‍ പാര്‍ക്കിന്‍സണ്‍സുള്ള രോഗിയുടെ ജീവിത നിലവാരം പുനരധിവാസത്താല്‍ മെച്ചപ്പെടുത്താം. 

ഡോ. ആനന്ദ് രാജ 
കൺസൾട്ടന്റ് ഫിസിയാട്രിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.